ക്രാഫ്റ്റ് വർക്കുകളിൽ വിസ്മയമൊരുക്കി അമൃത അരുൺ
text_fieldsഅമൃത ചെയ്ത ക്രാഫ്റ്റ് വർക്കുകൾ
മനാമ: ഒഴിവു സമയങ്ങളിൽ കരകൗശല വസ്തുക്കളുണ്ടാക്കി വിസ്മയമാവുകയാണ് ബഹ്റൈൻ പ്രവാസിയായ മലയാളി വീട്ടമ്മ. തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കുന്നത്തൂർ സ്വദേശിനിയായ അമൃത അരുണാണ് മനോഹര കരകൗശല വസ്തുക്കളും ക്രാഫ്റ്റ് വർക്കുകളും ചെയ്ത് വിസ്മയമാകുന്നത്. പൊട്രൈറ്റ്, മ്യൂറൽ പെയിന്റിങ്, പെൻസിൽ ഡ്രോയിങ്, ബോട്ടിൽ ആർട്ട്, പേപ്പർ ക്രാഫ്റ്റ് എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. ഒപ്പം കേക്ക് നിർമാണവുമുണ്ട്. ഭർത്താവ് അരുണിനോടൊപ്പം നാലുവർഷം മുമ്പാണ് അമൃത ബഹ്റൈനിലെത്തിയത്.
അമൃത അരുൺ
കുവൈത്തിൽ ജോലിചെയ്യുന്ന, അമൃതയുടെ അച്ഛൻ സുരേഷ് നല്ലൊരു ആർട്ടിസ്റ്റ് കൂടിയാണ്. അമ്മ ശശികലയും കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നതിൽ തൽപരയാണ്. അങ്ങനെ ഒരു കലാപാരമ്പര്യമാണ് അമൃതക്ക് കിട്ടിയത്. ഗ്രീഷ്മയാണ് അമൃതയുടെ ഏക സഹോദരി. കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പഠനകാലത്ത് എക്സിബിഷനിൽ വർക്കിങ് മോഡലിൽ അമൃതക്ക് സമ്മാനം കിട്ടിയിട്ടുണ്ട്. ഭർത്താവ് അരുൺ എപ്പോഴും പ്രോത്സാഹനവുമായി കൂടെയുണ്ട്. ഇന്ത്യൻ സ്കൂളിൽ 5ൽ പഠിക്കുന്ന ദക്ഷ, വേദ എന്നിവരാണ് മക്കൾ.