ജീവിതപ്രതിസന്ധികളിൽ തളരാത്ത കലാജീവിതം
text_fieldsആർ.എൻ.
പീറ്റക്കണ്ടി
നന്മണ്ട: പുന്നശ്ശേരിയിലെ ആർ.എൻ. പീറ്റക്കണ്ടിക്ക് ഇത്തവണത്തെ കോൽക്കളി വിഭാഗത്തിലെ ഫോക് ലോര്‍ ഫെലോഷിപ് ജീവിതപ്രതിസന്ധികളിൽ തളരാത്ത കലാജീവിതത്തിനുള്ള അംഗീകാരമാണ്. 81ാം വയസ്സിൽ എത്തിനിൽക്കുന്ന ആശാൻ ഇപ്പോഴും കലാരംഗത്ത് സജീവമാണ്. വളരെ ചെറുപ്പത്തിൽ പോളിയോ മൂലം വലതുകൈക്ക് സ്വാധീനമില്ലാതെ ഏറെ ശാരീരിക അവശതകൾക്കിടയിലൂടെയാണ് ഇക്കാലമത്രയും ഈ കലാകാരൻ പരിശീലനം നടത്തുന്നത്.
60 വർഷമായി കോൽക്കളി കലാരംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഇത്തവണത്തെ ഫെലോഷിപ് പുരസ്കാരം ലഭിച്ചത്. 11ാം വയസ്സിൽ ശാരീരിക വെല്ലുവിളികളെ മറികടന്ന് കമ്ലേരി ശേഖരൻ നായരുടെ കീഴിൽ ഓട്ടൻതുള്ളൽ, കോൽക്കളി, ചുവടുകളി എന്നിവ അഭ്യസിക്കാൻ തുടങ്ങി. ഇതാണ് ആർ.എൻ. പീറ്റക്കണ്ടിയിലെ കലാകാരനിലേക്കുള്ള ആദ്യ ചുവടുവെപ്പ്. പിന്നീട് പ്രാദേശിക ക്ലബുകൾക്കും മറ്റും വേണ്ടി കലാപരിപാടികൾ പഠിപ്പിച്ചുകൊണ്ട് ആർ.എൻ. പീറ്റക്കണ്ടി പരിശീലകനായി മാറുകയായിരുന്നു.
1971ലെ സ്കൂൾ കലോത്സവത്തിൽ തുള്ളൽ പഠിപ്പിച്ചുകൊണ്ടാണ് തുള്ളൽ ആശാൻ എന്ന നിലയിൽ അദ്ദേഹം അരങ്ങേറ്റംകുറിച്ചത്. ഓട്ടൻ, പറയൻ, ശീതങ്കൻ തുള്ളലുകളിലും കോൽക്കളിയിലും ചുവടുകളിയിലും ഇദ്ദേഹം അനേകം പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. തുള്ളൽ കലാരംഗത്ത് നൽകിയ സംഭാവനകൾക്ക് സാംസ്കാരിക വകുപ്പിന്റെ കുഞ്ചൻ അവാർഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ, 2018ലെ ഫോക് ലോർ അക്കാദമി പുരസ്കാരവും 2021ൽ കലാമണ്ഡലം ഗുരുദക്ഷിണ പുരസ്കാരവും ലഭിച്ചു.