രണ്ടുപതിറ്റാണ്ടത്തെ പ്രവാസ ജീവിതം പിന്നിട്ട് അനിലും ബീനയും നാട്ടിലേക്ക്
text_fieldsഅനിലും ബീനയും
മനാമ: നീണ്ട രണ്ടുപതിറ്റാണ്ടത്തെ പ്രവാസജീവിതത്തിനുശേഷം അനിലും ബീനയും നാട്ടിലേക്ക് തിരിക്കുകയാണ്. അൽ നൂർ ഇന്റർനാഷനൽ സ്കൂളിലെ അധ്യാപകരായ ഇരുവരും ഒരുപിടി ഓർമപ്പൂക്കളുമായാണ് യാത്ര പറയുന്നത്. മാഹിയിലെ താൻ പഠിച്ച കലാലയത്തിൽതന്നെ ഏഴുവർഷം അധ്യാപകനായി ജോലി നോക്കിയ ശേഷം അനിൽ നേരെ പോയത് മാലദ്വീപിലേക്കായിരുന്നു. അവിടെ അഞ്ചു വർഷം പൂർത്തിയാക്കിയതിന് ശേഷം പിന്നെ രണ്ടുവർഷം സൗദിയിൽ. അവിടെനിന്നാണ് പവിഴദ്വീപിലേക്കുള്ള പറിച്ചുനടൽ. പക്ഷേ, സ്വന്തം നാടിനെ മാറ്റിനിർത്തിയാൽ ഏറ്റവും കൂടുതൽ സന്തോഷത്തോടെ ജോലി ചെയ്തത് ഇവിടെയാണെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു.
അന്യദേശത്താണെന്ന തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഇരുവരും ഒരേസ്വരത്തിൽ പറയുന്നു. അതിന് സ്വദേശികളും വിദേശികളുമായ സുഹൃത്തുക്കൾ ഏറെ സഹായിച്ചു. പ്രത്യേകിച്ച് മയ്യഴിക്കാരുടെ കൂട്ടായ്മ. സ്നേഹബഹുമാനങ്ങൾ കൊണ്ട് പൊതിയുന്ന ശിഷ്യഗണങ്ങൾ അധ്യാപകവൃത്തിയുടെ മഹത്ത്വം മനസ്സിലാക്കിത്തന്നു.
അടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്ന ബഹ്റൈനികൾ ഒരിക്കലും അന്യരെപോലെ പെരുമാറിയില്ലെന്ന് അനിലിന്റെ അനുഭവ സാക്ഷ്യം. മക്കളായ അങ്കിതും അശ്വിനും ഇപ്പോൾ ബംഗളൂരുവിലാണ്. ഒരാൾ ജോലിയിലും ഇളയയാൾ പഠനത്തിലും. ഏതായാലും ഏറെ സന്തോഷത്തോടെയും വേർപിരിയലിന്റെ ഒരൽപം ദുഃഖത്തോടെയുമാണ് ഇവിടം വിടുന്നതെന്ന് പറഞ്ഞുനിർത്തുമ്പോൾ അനിലിന്റെ കണ്ണുകളിൽ ശോകം നിറയുന്നു. ഒട്ടും പ്രതീക്ഷിക്കാതെയുള്ള യാത്രയയപ്പ് നൽകിയ ശിഷ്യരോടും മയ്യഴിക്കൂട്ടായ്മയോടും ഏറെ നന്ദിയുണ്ടെന്ന് അനിൽ പറഞ്ഞുനിർത്തി.