പ്രവാസ വേദനകളെ തലോടുന്ന മഹിളാരത്നം
text_fieldsഗീത വേണുഗോപാൽ
എത്തിപ്പിടിക്കാനോ കയറിച്ചെല്ലാനോ സാധ്യമല്ലെന്ന് ധരിച്ചിരുന്ന ഒരുകാലത്തെ മാറ്റിപ്പണിതുകൊണ്ടിരിക്കയാണ് ഇന്നത്തെ സ്ത്രീകൾ. പുരുഷ മേധാവിത്വം മാത്രം നിലനിന്നിരുന്ന പല മേഖലകളിലും ഇന്ന് സ്ത്രീ സധൈര്യം കയറിച്ചെന്നിട്ടുണ്ട്, നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്, നാളെയുടെ തലമുറക്ക് പ്രചോദകമാകാൻ പാകത്തിലവർ പ്രവർത്തിക്കുന്നുമുണ്ട്. അത്തരത്തിലൊരു ധീരവനിതയുടെ പ്രവർത്തനങ്ങളെ ഇന്നും അഭിമാനത്തോടെ നോക്കിക്കാണുകയാണ് പവിഴ ദ്വീപിലെ സാധാരണക്കാരായ പ്രവാസികൾ.
പ്രവാസ ലോകത്തെ സാമൂഹിക സേവന രംഗത്ത് പുരുഷ മുഖങ്ങളേയുള്ളൂവെന്ന പതിവ് ശബ്ദത്തെ പ്രവൃത്തികൊണ്ട് തിരുത്തെഴുതിയ ധീരയാണ് 55കാരിയായ ഗീത വേണുഗോപാൽ. ബഹ്റൈനിൽ നഴ്സായി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ ഇവർ ഇന്ന് ഗൾഫ് രാജ്യങ്ങളിലെ പ്രയാസപ്പെടുന്ന മനുഷ്യരുടെ പ്രത്യേകിച്ച് ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ ആശ്രയമാണ്.
നാട്ടിൽ സാമൂഹിക പ്രവർത്തനങ്ങളിലും രക്തദാന ക്യാമ്പുകളിലുമൊക്കെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കാലത്താണ് ഗീത പ്രവാസിയാകാനൊരുങ്ങുന്നത്. അങ്ങനെ 2001ൽ ബഹ്റൈനിലെത്തി. നഴ്സ് ജോലിയെന്ന് പറഞ്ഞാണ് ഏജന്റ് വിസ നൽകിയിരുന്നത്. എന്നാൽ, ഇവിടെയെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് മനസ്സിലായത്. ഒരു സ്വദേശിയുടെ വീട്ടിലെ ജോലിക്കാരിയായാണ് ആ കാലത്ത് ജോലി ചെയ്യേണ്ടിവന്നത്. പത്ത് മാസം അവിടെ തുടർന്ന ഗീത ആത്മവീര്യം വീണ്ടെടുത്ത് പിന്നീട് തന്റെ യഥാർഥ ജോലിയെ തേടി കണ്ടെത്തി.
ആദ്യമായി മറ്റൊരു രാജ്യത്തേക്ക് ജോലിക്കായി വന്ന താൻതന്നെ കബളിപ്പിക്കപ്പെട്ടു എന്ന ചിന്തയിൽ തന്നെപ്പോലെ മറ്റനേകം സ്ത്രീകൾ ഇതുപോലെ മറ്റാരാലോ പറ്റിക്കപ്പെട്ട് ദുരിതമനുഭവിക്കുന്നുണ്ടാകുമെന്ന് ചിന്തിച്ച ഗീത പതിയെ തന്നിലെ സാമൂഹിക ബോധത്തെ വളർത്തിക്കൊണ്ടിരുന്നു. ജോലിക്ക് ശേഷം കിട്ടുന്ന സമയങ്ങളെ സാമൂഹിക പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കാമെന്ന് അന്ന് തീരുമാനിച്ചു. അന്വേഷണങ്ങളിലൂടെ പ്രതിസന്ധി നേരിടുന്നവരെ കണ്ടെത്തുകയും അവരിലേത്ത് ടാക്സി വഴിയോ ബസ് മാർഗമോ എത്തിത്തുടങ്ങുകയും ചെയ്തു. പ്രശ്നങ്ങൾ കേട്ടുകൊണ്ടിരുന്ന ഗീത പതിയെ അതെല്ലാം പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരുന്നു.
നിരന്തരം എംബസിയുമായി ബന്ധപ്പെട്ടും സാമ്പത്തിക സഹായമാവശ്യമുള്ളവർക്ക് നാട്ടിൽനിന്നും അല്ലാതെയും പിരിവെടുത്തും പതിയെ പലരുടെയും പ്രശ്നങ്ങൾക്ക് ഗീത ഒരു പരിഹാരമായി മാറിത്തുടങ്ങി. വിസ പ്രശ്നത്തിലകപ്പെട്ടവർ, സെക്സ് റാക്കറ്റിന്റെ കെണിയിലകപ്പെട്ടവർ, വീട്ടുജോലി എടുക്കുന്നവരുടെ ദുരിതങ്ങൾ, യാത്രാ പ്രതിസന്ധി നേരിടുന്നവർ, ഇവിടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ എന്നു തുടങ്ങി സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളെ ഗീത തന്റെ സ്വന്തക്കാരെന്ന നിലയിൽ ഏറ്റെടുത്ത് ഉത്തരവാദിത്തത്തോടെ പരിഹരിച്ചുപോരുന്നു. ബഹ്റൈനിലാണ് താമസമെങ്കിലും മറ്റു ജി.സി.സി രാജ്യങ്ങളിലെ പ്രശ്നങ്ങൾക്കും ഇവർ സ്വാന്തനമായിട്ടുണ്ട്.
തന്റേതായ വ്യക്തിപ്രഭകൊണ്ട് വളർത്തിയെടുത്ത ബന്ധങ്ങളാണ് മറ്റു രാജ്യങ്ങളിൽ ഗീതക്ക് തുണയാകുന്നത്. ചെറിയ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ആദ്യകാലങ്ങളിലൊക്കെ നിരന്തരം പണത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ട് അവർ അനുഭവിച്ചിട്ടുണ്ട്. കിട്ടുന്നതെത്ര ചെറുതാണെങ്കിലും അതിലൊരു ഭാഗം അന്യന്റെ കണ്ണീരിന് ആശ്വാസമാകാൻ അവർ ചെലവഴിക്കുമായിരുന്നു. നിലവിൽ നഴ്സിങ് ജോലി പൂർണമായി ഉപേക്ഷിച്ച് സാമൂഹിക പ്രവർത്തനത്തിന് മാറ്റിവെച്ചിരിക്കയാണ് ഗീത. ഭർത്താവ് ഹൂറയിൽ ഒരു ചെറിയ സൂപ്പർമാർക്കറ്റ് നടത്തുന്നുണ്ട്. രണ്ട് മക്കളാണ്, മകൻ ബഹ്റൈനിലെ ഒരു കമ്പനിയിലും മകൾ ദുബൈയിലും ജോലി ചെയ്യുന്നു. ഗ്ലോബൽ ഹ്യൂമൻ പീസ് യൂനിവേഴ്സിറ്റി ഡോക്ടറേറ്റ്, എ.പി.ജെ അബ്ദുൽ കലാം നാരീ പുരസ്കാരം, ജവഹർലാൽ നെഹ്റു കൾച്ചറൽ ഫോറത്തിന്റെ മഹാത്മജി പുരസ്കാരം തുടങ്ങി നിരവധി ആദരവുകൾ ഇതിനോടകം ഗീതയെ തേടിയെത്തിയിട്ടുണ്ട്.
പ്രവാസ ലോകത്തെ സാമൂഹിക സേവന രംഗങ്ങളിലെ ആൺമേൽകോയ്മകളെ ഗീതയെ പോലുള്ളവർ മാറ്റി എഴുതിക്കൊണ്ടിരിക്കയാണ്. തുടക്കത്തിൽ ഒരുപാട് പ്രതിസന്ധികളും അവഗണനകളും അനുഭവിക്കേണ്ടിവന്ന സാഹചര്യങ്ങൾ ഗീത ഇപ്പോഴും ഓർക്കുന്നുണ്ട്. ഭാഷ, പ്രധാന സ്രോതസ്സുകളിലേക്കെത്തിപ്പെടാനുള്ള മാർഗങ്ങൾ, ഒരു സ്ത്രീയെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റുമെന്ന കുത്തുവാക്കുകൾ തുടങ്ങി നേരിട്ട എല്ലാ പ്രതിസന്ധികളും ഗീത സധൈര്യം ആത്മവിശ്വാസത്തോടെ മറികടന്നു. എന്നും എപ്പോഴും പൊതു സമൂഹത്തിനിടയിൽ ഉയർന്നുവരാനാഗ്രഹിക്കുന്ന ഓരോ സ്ത്രീക്കും ഗീത വേണുഗോപാൽ ഒരു പ്രചോദനമാണ്.