പെണ്ണൊരുക്കം
text_fieldsപതിറ്റാണ്ടുകളായി, പാരമ്പര്യമായി ജീവിച്ചുപോന്ന മണ്ണ്. മണ്ണിനടിയിൽ പൊന്ന് വിളയുന്ന കൽക്കരിയാണെങ്കിലും അവർ മണ്ണിനെ നോവിച്ചില്ല. പകരം മണ്ണിന് മീതെയുള്ള ഇടതൂർന്ന വനങ്ങളും ജൈവ വൈവിധ്യവുമായിരുന്നു ഛത്തിസ്ഗഢിലെ കേറ്റ് ഗ്രാമത്തിന്റെ സമ്പത്ത് മുഴുവൻ. കാർഷിക സംസ്കൃതിയിൽ സമ്പന്നമായ ആ ഗ്രാമം ഒരു പതിറ്റാണ്ടുമുമ്പ് കുടിയൊഴിപ്പിക്കപ്പെട്ടു. തങ്ങൾക്ക് നഷ്ടപ്പെടാൻ പോകുന്നതിന്റെ വ്യാപ്തി അവർക്ക് അറിയില്ലായിരുന്നു. പലയിടങ്ങളിലായി ആ ഗ്രാമം ചിതറിപ്പോയി. കൃഷിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന അവർക്ക് കൃഷിഭൂമിയില്ലാതായി. വെള്ളമില്ലാതായി. പട്ടിണിയും മരണവും അവരെ വേട്ടയാടി. കുടുംബങ്ങൾ ശിഥിലമായി. കേറ്റ് ഗ്രാമം ഒരു ഓർമ മാത്രമായി. കൽക്കരി ഖനനത്തിനായി ഛത്തിസ്ഗഢിലെ കോർബ, സൂരജ്പൂർ, സുർഗുജ എന്നീ ജില്ലകളിലും ഝാർഖണ്ഡിലുമായി 1,70,000ത്തിൽ അധികം ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഹസ്തിയോ വനം ഇല്ലാതാക്കിയതിന്റെ ആദ്യ ഇരയായിരുന്നു കേറ്റ് ഗ്രാമം. 2013ൽ സ്വകാര്യമേഖലയിലെ കൽക്കരി ബ്ലോക്ക് അതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് ഇവിടെനിന്നായിരുന്നു. പിന്നീട് ഒട്ടനവധി സംഭവങ്ങളുടെ തുടക്കവും.
കേറ്റ് ഗ്രാമവാസികൾ ഇപ്പോൾ എവിടെയാണെന്നോ എന്തുചെയ്യുന്നുവെന്നോ ആർക്കും അറിയില്ല. എന്നാൽ, ഒന്നുമാത്രം അറിയാം. കേറ്റ് ഒരു തുടക്കം മാത്രമായിരുന്നു. ഹരിഹർപൂർ, സാൽഹി, ഘട്ബറ, ഫത്തേപൂർ... അടുത്ത ഊഴം കാത്ത് നിരവധി ഗ്രാമങ്ങൾ നിരന്നുനിന്നു. കാട് വെറും പച്ചപ്പ് മാത്രമായിരുന്നില്ല. പ്രാദേശിക ഗോത്ര വിഭാഗങ്ങളുടെ നിലനിൽപിന്റെ നട്ടെല്ലുകൂടിയായിരുന്നു.
ഒരു വനം ഇല്ലാതാകുമ്പോൾ
‘‘കാട് ഞങ്ങളുടെ ജീവിതമായിരുന്നു. ഓരോ മരത്തിനും ഇലക്കും അടിക്കാടുകൾക്കും അതിന്റെ കടമയുണ്ടായിരുന്നു. ജീവനും ജീവിതോപാധിയും കാടായിരുന്നു. മരങ്ങളായിരുന്നു ഞങ്ങളുടെ സമ്പത്ത്. ഞങ്ങളുടെ ദൈവം ഈ വനവും’’ -ഛത്തിസ്ഗഢ് സർഗുജ ജില്ലയിലെ ഫത്തേപൂർ ഗ്രാമത്തിലെ ഓരോ സ്ത്രീയും സുനിത പോർട്ടെയെപ്പോലെ തങ്ങളുടെ മനസ്സ് തുറന്ന് പറയുന്നത് ഇക്കാര്യങ്ങളായിരുന്നു.
ഹസ്ദിയോയിലെ സ്ത്രീകൾക്ക് ഈ വനങ്ങൾ സാമ്പത്തിക ആസ്തി മാത്രമായിരുന്നില്ല, ഉപജീവജീവനമാർഗത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിരോധത്തിന്റെയുമെല്ലാം പ്രതീകങ്ങൾകൂടിയായിരുന്നു. 2011 മുതൽ തുടരുന്ന ഹസ്ദിയോ ബച്ചാവോ ആന്ദോളൻ എന്ന പ്രസ്ഥാനം ഹസ്ദിയോ ഭൂമിയെ സംരക്ഷിക്കാനുള്ള അവരുടെ പോരാട്ടമായിരുന്നു. നിരന്തരം നടത്തിയ പ്രതിഷേധങ്ങളിലൂടെ, പോരാട്ടങ്ങളിലൂടെ 21 കൽക്കരി ഖനികളിൽനിന്ന് 4,45,000 ഏക്കറിലധികം വനം സംരക്ഷിച്ചത് ഈ സ്ത്രീകളുടെ ചെറുത്തുനിൽപിന്റെ ഭാഗമായിരുന്നു. എങ്കിലും ഇവിടെ കൽക്കരി ബ്ലോക്കിന്റെ ഖനനം തുടർന്നുകൊണ്ടേയിരുന്നു. കൂടാതെ, മറ്റു ഖനികൾകൂടി തുറക്കാനുള്ള ശ്രമങ്ങൾ നിരന്തരം പുരോഗമിക്കുകയും ചെയ്യുന്നു.
പ്രതിരോധം നിരന്തരം
പതിറ്റാണ്ടുകളായി തുടരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതലും സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു. 2024 മേയ് വരെ സാൽഹി, ഘട്ബര, ഹെയർഹാർപൂർ, ഫത്തേപൂർ ഗ്രാമങ്ങളിലെ സ്ത്രീകൾ തുടർച്ചയായി 800 ദിവസത്തിലധികം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഒരു ഘട്ടത്തിൽപോലും പൊലീസിനെയോ ഭരണകൂടത്തെയോ കമ്പനിയെയോ അവർ ഭയപ്പെട്ടില്ല. ആഗസ്റ്റ് മാസം ഒരു ദിവസം തങ്ങളുടെ പ്രസ്ഥാനത്തിലെ നേതാക്കളെ കസ്റ്റഡിയിലെടുത്തതായും മരം മുറിക്കൽ ഉടൻ തുടങ്ങുമെന്നും വിവരം ലഭിച്ചു. ഇതോടെ ഗ്രാമത്തിലെ സ്ത്രീകളെല്ലാവരും വീടുകളിൽനിന്നിറങ്ങി വനത്തിന് സമീപം ഒത്തുകൂടി. കൂടുതൽ സ്ത്രീകൾ ഒത്തുകൂടുകയും മരം മുറിക്കാൻ സമ്മതിക്കാതിരിക്കുകയും ചെയ്തതോടെ പൊലീസ് വാനുകളെത്തി. ബലപ്രയോഗത്തിലൂടെ വനത്തിൽനിന്ന് സ്ത്രീകളെ അടിച്ചോടിക്കാൻ ശ്രമിച്ചു. പിന്നീട് സാൽഹി, ഘട്ബര, ഫത്തേപൂർ തുടങ്ങിയ ഗ്രാമങ്ങളിലെ 100ലധികം സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ മുതൽ വൈകുന്നേരം വരെ ഒരു സർക്കാർ സ്കൂളിൽ ഇവരെ തടവിലാക്കി. വനത്തിനുള്ളിൽ അവർ സംരക്ഷിച്ചിരുന്ന മരങ്ങൾ മുറിച്ചുമാറ്റിയതിനു ശേഷമാണ് സ്ത്രീകളെ കസ്റ്റഡിയിൽനിന്ന് വിട്ടയച്ചത്. ‘വർഷങ്ങളായി സംരക്ഷിച്ചുപോന്ന മരങ്ങളും ഭൂമിയും മണിക്കൂറുകൾക്കുള്ളിൽ അവർ നശിപ്പിച്ചു’ കളഞ്ഞുവെന്ന് പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.
വെല്ലുവിളികളാണ് ഏറെയും
സ്ത്രീകളാണ് ഹസ്ദിയോ ബച്ചാവോ ആന്ദോളൻ പ്രസ്ഥാനത്തിന്റെ നട്ടെല്ല്. മരം മുറിക്കലിനെ ചെറുക്കാൻ അവർ പ്രവർത്തിച്ച രീതി ‘ചിപ്കോ പ്രസ്ഥാന’ത്തിന് സമാനമായിരുന്നു. എന്നാൽ, അക്കാലത്ത് ചിപ്കോ പ്രസ്ഥാനത്തെക്കുറിച്ച് കേട്ടുകേൾവി പോലുമില്ലാത്തവരായിരുന്നു ഈ സ്ത്രീകൾ.
ഹസ്ദിയോ നഷ്ടമാകുന്നതോടെ തങ്ങളുടെ ഭൂമി മാത്രമല്ല, ജീവനും ജീവിതവും നഷ്ടപ്പെടുമെന്ന് ഇന്ന് സ്ത്രീകൾക്കറിയാം. ‘‘ഗ്രാമം നഷ്ടപ്പെട്ടാൽ സമൂഹവും നഷ്ടമാകും, സ്ത്രീകളുടെ കൂട്ടായ്മകൾ ഉണ്ടാകില്ല. ഞങ്ങളുടെ കൂട്ടായ്മകളിലൂടെയാണ് ചെറിയ രീതിയിൽ പണം സ്വരൂപിക്കുന്നതും നിക്ഷേപിക്കുന്നതും. അതെല്ലാം ഇല്ലാതാകും. മാത്രമല്ല, കാടിനെ ആശ്രയിച്ച് ജീവിക്കുന്ന ഞങ്ങൾക്ക് ആവശ്യമായ ഒന്നും പിന്നീട് അവിടെനിന്ന് ലഭിക്കില്ല’’ -ഗ്രാമത്തിലെ സ്ത്രീകൾ പറയുന്നു.
ഘട്ബറ ഗ്രാമത്തിൽ കുടിയൊഴിപ്പിക്കൽ തുടർന്നുകൊണ്ടിരിക്കുകയാണ്. പല കുടുംബങ്ങളും അദാനി എന്റർപ്രൈസസിൽനിന്ന് നഷ്ടപരിഹാരം സ്വീകരിക്കാനും തുടങ്ങി. എന്നാൽ, ഈ കുടുംബങ്ങളിലെ സ്ത്രീകൾക്ക് ആർക്കുംതന്നെ നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങളോ മാറ്റിപ്പാർപ്പിക്കൽ സംബന്ധിച്ച തീരുമാനങ്ങളെക്കുറിച്ചോ ഒരു വിവരവുമില്ല. മാത്രമല്ല, നഷ്ടപരിഹാര തുക കിട്ടിയതോടെ ഗ്രാമങ്ങളിലെ പുരുഷൻമാർക്കിടയിൽ മദ്യപാനം വർധിച്ചു. ഇതോടെ സ്ത്രീകളുടെ ജീവിതം കൂടുതൽ ദുസ്സഹമായി. ഗ്രാമത്തിനും സമൂഹത്തിനും കുടുംബത്തിനും വേണ്ടിയാണ് ഇപ്പോൾ ഈ സ്ത്രീകളുടെ പോരാട്ടം.
ഞങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും
2000ൽ, ബർഖഗാവ് ബ്ലോക്കിൽ അംഗൻവാടി ഇല്ലാതിരുന്ന സമയത്ത് അംഗൻവാടി തുടങ്ങുന്നതിനായി പ്രവർത്തിച്ച സ്ത്രീയാണ് സീതാമണി ദേവി. ‘‘ഞാൻ വിദ്യാഭ്യാസം നേടിയിട്ടില്ല, പക്ഷേ വിദ്യാഭ്യാസം നേടിയ ഒരു വ്യക്തി ചെയ്യുന്ന എല്ലാ കാര്യങ്ങളും ഞാൻ ചെയ്യുന്നുണ്ട്. ഈ കാണുന്ന ഖനന ഭൂമിക്ക് അപ്പുറം നിറയെ ആളുകളുണ്ടായിരുന്നു, അവർ (ഖനന കമ്പനി) ആ ഭൂമി വാങ്ങി ഞങ്ങളെ മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിച്ചു. അതും നമുക്ക് ആവശ്യമായതൊന്നും നൽകാതെയായിരുന്നു. മനുഷ്യന് ജീവിക്കാൻ വെള്ളം അത്യാവശ്യമാണ്, പക്ഷേ വെള്ളം ഇവിടെ കുറവാണ്. സി.സി.എൽ ആയാലും ഗവണ്മെന്റ് ആയാലും ഞങ്ങളെ വല്ലാതെ ചൂഷണം ചെയ്തിട്ടുണ്ട്. ഉറിമാരിയിൽ ഇപ്പോൾ ജനങ്ങൾക്ക് ആകെയുള്ള ഉപജീവന മാർഗം കൽക്കരിയാണ്’’ -സീതാമണി ദേവി പറയുന്നു.
‘‘ഞാനിവിടെ 2013ൽ വന്നപ്പോൾ ഇത്രയധികം കുഴിച്ചെടുത്തിട്ടുണ്ടായിരുന്നില്ല, ചുറ്റുപാടും പച്ചപ്പുണ്ടായിരുന്നു. 2013 മുതൽ 2014 വരെ ഇതൊരു ചെറിയ ഖനിയായിരുന്നു. 2017ൽ പുതിയൊരു മൈനിങ് കമ്പനി വന്ന് ഇവിടത്തെ മരങ്ങളെല്ലാം വെട്ടാൻ തുടങ്ങി. ഞങ്ങൾ ഇവിടെ ജീവിക്കാൻ നിർബന്ധിതരാകുകയാണ്. എവിടെനിന്നോ ഇവിടേക്ക് കുടിയേറിയവരല്ല ഞങ്ങൾ. ഞങ്ങളുടെ പിൻതലമുറക്കാർ ഇവിടെത്തന്നെ ജീവിച്ചു മരിച്ചവരാണ്. ഖനനം കാരണം ഞങ്ങൾ കുറേ ദുരിതമനുഭവിച്ചു, ഞങ്ങളുടെ കുഞ്ഞുങ്ങളും അനുഭവിക്കുന്നു. മലിനീകരണംകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാണ്. ഞങ്ങൾ ആദിവാസികൾ എപ്പോഴും വനത്തെ ആശ്രയിച്ചാണ് ജീവിച്ചത്. ഇന്ന് ഞങ്ങൾ നിസ്സഹായരാണ്.’’ ഉറിമാരിയിൽ താമസിക്കുന്ന മീനാ കുമാരി പറയുന്നു.
“വയലുകൾ ഉണ്ടായിരുന്നപ്പോൾ ഞങ്ങൾ കൃഷിചെയ്തിരുന്നു. ഭൂമി ഇല്ലാത്തവർ കർഷക തൊഴിലാളികളായി ജോലിചെയ്ത് വരുമാനം കണ്ടെത്തി. വർഷങ്ങളോളം കൃഷി ഞങ്ങളെ നിലനിർത്തി, ഇന്ന് ഞങ്ങൾക്ക് അതും നഷ്ടമായി. ഇവിടെനിന്നും പോകേണ്ടിവന്നാൽ ഞങ്ങൾ എങ്ങോട്ടേക്കാണ് പോകുക? മറ്റൊരിടം എവിടെയാണ് ഉണ്ടാകുക?’’ -സീതാമണി ദേവി ചോദിക്കുന്നു.
‘‘ഭൂമിജ് ഗോത്രവിഭാഗക്കാരുടെ ആരാധനാസ്ഥലമായ നാചോസാഹിയെ ഖനനത്തിനായി തിരഞ്ഞെടുത്തതിനെതിരെ 2020ൽ ജനതാ കർഫ്യൂ നടന്നു. മൈനിങ് ഡിപ്പാർട്മെന്റിലും പൊലീസിലും പരാതികൾ നൽകി. പ്രതികരണങ്ങളൊന്നും ലഭിച്ചില്ല. പറയുന്നത് ആരും കേട്ടില്ല. ഒടുവിൽ മൂന്ന് ദിവസത്തേക്ക് നമ്മുടെ ഗ്രാമത്തിൽ ഒരു കർഫ്യൂ നടത്തി. സ്ത്രീകളുടെ വലിയ പങ്കാളിത്തമുണ്ടായി. അവിടെ നിന്ന് എനിക്ക് മനസ്സിലായി എന്നെ ചിലർ പിന്തുടരുന്നുണ്ടെന്ന്, ബൈക്കിൽ എന്നെ പിന്തുടർന്നു. നാചോസാഹിയിലെ ഗുണ്ടകൾ എന്നെ ചോദ്യം ചെയ്തു. എന്നോട് അവിടംവിട്ട് പോകാൻ പറഞ്ഞു’’ -സ്ത്രീകളുടെ നേതൃത്വത്തെയും പങ്കാളിത്തത്തെയും ഭയക്കുന്നവർ ഭയപ്പെടുത്താൻ ശ്രമിച്ചതിനെക്കുറിച്ച് ബസന്തി സർദാർ പറയുന്നു.
ഭരണകൂടവും പൊലീസും കോർപറേറ്റ് ഭീമൻമാരും പുരുഷ സമൂഹവും തള്ളിപ്പറഞ്ഞ ഇവരുടെ വലിയ ചെറുത്തുനിൽപിനെ എന്തുവിളിക്കണമെന്നറിയില്ല. പക്ഷേ, അവരുടെ ഓരോ ഉയിർത്തെഴുന്നേൽപിനെയും ഖനികളുടെ ഇരുട്ടറയിലേക്ക് ആരൊക്കെയോ ചുഴറ്റിയെറിയുകയാണ്. സ്വന്തം ഭൂമിയും വീടും സമൂഹവുമെല്ലാം നഷ്ടപ്പെടുമെന്ന് മനസ്സിലാക്കി സ്വയം സംരക്ഷണവലയം തീർത്ത ഈ സ്ത്രീകളാണ് പുതിയ സമരചരിത്രം രചിക്കുന്നത്. ചെറുത്തുനിൽപിന്റെ, പെണ്ണത്വത്തിന്റെ ചരിത്രം.'
ലഡായ് ഛോഡബ് നഹി
ഖനന വ്യവസായം വിനാശകരമായി വ്യാപിക്കുമ്പോൾ അതിന്റെ ഭാരം ആദ്യവസാനം താങ്ങേണ്ടിവരുന്ന ആദിവാസി സ്ത്രീകളെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് ‘ലഡായ് ഛോഡബ് നഹി’ (The Fight Shall Continue). ബിഹാർ സ്വദേശിനിയായ ആസ്ത സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി ഖനന മേഖലകളിൽ ജീവിക്കുന്ന, കുടിയൊഴിക്കപ്പെട്ടയിടത്ത് നിന്നും ജീവിതം പുതുക്കിപ്പണിയേണ്ടിവരുന്ന സ്ത്രീകളെക്കുറിച്ചാണ്. സ്ത്രീ ജീവിതങ്ങളിലൂടെ, ഖനനം എങ്ങനെയാണ് ഒരു സമൂഹത്തെ ബാധിക്കുന്നത് എന്നാണ് ഡോക്യുമെന്ററി അന്വേഷിക്കുന്നത്. ആസ്ത പറയുന്നു...
‘‘എന്റെ സിനിമയിലെ എല്ലാ സ്ത്രീകൾക്കും പറയാനുള്ളത് ഒരേ കഥയാണ്. അദൃശ്യമാക്കപ്പെടുന്ന അധ്വാനത്തിന്റെ കഥ. അടയാളപ്പെടുത്തപ്പെടാത്ത രോഷത്തിന്റെ കഥ. നാൽപതു വർഷമായി ഭയത്തിലാണ് അവർ ജീവിക്കുന്നത്. പക്ഷേ, ആ ഭയം ഒരിക്കലും പ്രതിഷേധിക്കുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കുന്നില്ല. കടുത്ത പാരിസ്ഥിതികാഘാതമുണ്ടാക്കുന്ന ഖനനപ്രവർത്തനങ്ങൾ എങ്ങനെയാണ് നിയമപരമായി അനുവദനീയമാകുന്നത്? ഝാർഖണ്ഡിലെ രാജ്മഹൽ ഹിൽസിൽ നടക്കുന്ന ഖനനത്തിനെതിരെ നൽകിയ പരാതികൾ പരിഗണിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ 2023ൽ ഉന്നയിച്ച ചോദ്യങ്ങൾ പ്രധാനമാണ്.
‘പാരിസ്ഥിതികമായ നിയമവാഴ്ചയില്ലായ്മ’ തടയുന്നതിൽ ഝാർഖണ്ഡ് പരാജയപ്പെടുന്നുവെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ നിരീക്ഷിച്ചത്. കുന്നുകൾ തകർക്കുന്നു, അതിൽനിന്നുള്ള പൊടി വായുവും വെള്ളവും മലിനീകരിക്കുന്നു, പരിസ്ഥിതി നാശവും പൊതുജനാരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു എന്നായിരുന്നു പരാതി. പരിസ്ഥിതി നശീകരണം ഇവിടെ ഒരു പുതിയ കാര്യമല്ല. ഒരുപാടാളുകൾ അത് സംഭവിക്കാതിരിക്കാൻ പ്രതിഷേധിച്ചിട്ടുണ്ട്. അവരുടെ പ്രതിസന്ധികൾ പക്ഷേ എവിടെയും റിപ്പോർട്ട് െചയ്യപ്പെടുന്നില്ല. പ്രതിഷേധങ്ങളിൽ പൊലീസിന്റെ ക്രൂരതക്ക് ഇരയായി ആളുകൾ കൊല്ലപ്പെടുന്നു.
ഖനനം കാരണം ആളുകൾ മാറ്റിപ്പാർപ്പിക്കപ്പെട്ടു. പുതിയ സ്ഥലത്ത് കുടിവെള്ളമില്ല. സ്ത്രീകൾ ഇരുപതും മുപ്പതും കിലോമീറ്റർ അകലെനിന്ന് വെള്ളം കൊണ്ടുവരുകയാണ്. കൃഷിഭൂമികൾ ജെ.സി.ബി ഉപയോഗിച്ച് നശിപ്പിച്ചുകളഞ്ഞു. പൗരസംഘടനകൾ പോലും പ്രതിഷേധങ്ങൾക്കിറങ്ങാതിരിക്കുമ്പോൾ എല്ലാ ഉത്തരവാദിത്തവും സ്ത്രീകളുടെ ചുമലിലാവുകയാണ്. ഈ നാട്ടിൽ താപനില വൻതോതിൽ ഉയർന്നുകഴിഞ്ഞു. വരൾച്ച വ്യാപകമാവുന്നു. ഇതെല്ലാം ബാധിക്കുന്നത് ഗ്രാമങ്ങളെയാണ്. ഛത്തിസ്ഗഢിലെ ഹസ്ദിയോ വനമോ കർണാടകയിലെ ബന്ദിപ്പൂർ കടുവാ സംരക്ഷണ കേന്ദ്രമോ ആയിക്കോട്ടെ, പരിസ്ഥിതി സംരക്ഷണത്തിന് കർശനമായ നിയമങ്ങൾ കൊണ്ടുവരുന്നതിന് പകരം വനമേഖലയുടെ വിസ്തൃതി കുറക്കാനാണ് നിയമ നിർമാതാക്കൾ ശ്രമിക്കുന്നത്. ഈ ഡോക്യുമെന്ററി ആദിവാസി ജനത നേരിടുന്ന വയലൻസിനെക്കുറിച്ചു കൂടിയുള്ളതാണ്. ഈ ഡോക്യുമെന്ററി ആ നാട്ടിൽ എപ്പോൾ പ്രദർശിപ്പിക്കാൻ കഴിയുമെന്ന് അറിയില്ല.
നമ്മൾ ആർക്കുവേണ്ടിയാണോ ഈ സിനിമ നിർമിച്ചത്, അവർക്കുവേണ്ടി ഈ കഥ പറയേണ്ടത് അവർതന്നെയാണ്. എത്രയധികം സിനിമാ സംവിധായകരുണ്ട്, ഇരുപതും മുപ്പതും വർഷങ്ങളോളം സിനിമയിൽ വർക്ക് ചെയ്തിരുന്നവർ. പക്ഷേ, ഈ ഡോക്യുമെന്ററി സിനിമകളിൽ സ്ത്രീകളെ എങ്ങനെയാണ് പ്രതിനിധാനം ചെയ്തിരിക്കുന്നത്? എത്ര സിനിമകൾ നിങ്ങൾ സ്ത്രീകളുടെ സഹനത്തെക്കുറിച്ച് നിർമിച്ചിട്ടുണ്ട്? കാരണം നിങ്ങളുടെ ക്ര്യൂവിൽ സ്ത്രീകൾ ഉണ്ടായിരിക്കില്ല. ഒരിക്കലും സ്ത്രീകളുടെ സമരങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്ക് മനസ്സിലാകുകയില്ല. സ്ത്രീകളുടെ അധ്വാനം ഒരിക്കലും രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നില്ല. ആദിവാസി സ്ത്രീകളെയും അടിച്ചമർത്തൽ നേരിടുന്ന ജാതികളിൽനിന്നുള്ള സ്ത്രീകളെയും കുറിച്ച് സംസാരിക്കുന്നു എന്ന് നിങ്ങളൊരിക്കലും ഉറപ്പാക്കുകയും ചെയ്യാറില്ല. എപ്പോഴും കരയുന്നവരും അശക്തരായവരുമായി നിങ്ങൾ സ്ത്രീകളെ ചിത്രീകരിക്കുന്നു. ഒരിക്കലും ഒരു പുരുഷനെ കാണിക്കുന്നതുപോലെ ശക്തമായി സ്ത്രീകളെ കാണിക്കാറില്ല.