ലഹരിക്കെതിരെ കാരിക്കേച്ചറുകൾ വരച്ച് കാക്കിയിട്ട ചിത്രകാരി; മിറർ ഇമേജുമായി ഡോ. അനീഷ് ശിവാനന്ദ്
text_fieldsതൃശൂർ: പ്രധാന വേദിക്ക് സമീപമുള്ള ആലിൻചോട്... കടുത്ത ചൂടിനിടയിലും നല്ല തണൽ കിട്ടുന്ന സ്ഥലം... കുട്ടികളും മുതിർന്നവും എല്ലാം ഒത്തുകൂടുന്നുണ്ട് ഇവിടെ. പൊലീസിന്റെ ലഹരിക്കെതിരെയുള്ള കാമ്പയിൻ നടക്കുന്ന സ്ഥലത്താണ് ഈ കൂട്ടം. പൊലീസിലെ കലാകാരൻമാർ ലഹരിക്കെതിരേ കലയിലൂടെ പോരാട്ടം നടത്തുകയാണ് ഇവിടെ.
മിനിറ്റുകൾക്കുള്ളിൽ കാരിക്കേച്ചറും ‘മിറർ ഇമേജുമെല്ലാം’ ഒരുക്കിയാണ് പൊലീസ് കലോത്സവത്തെ ആഘോഷമാക്കുന്നത്. മലപ്പുറം ജില്ലയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയായ ചിത്രകാരി സബൂറയും തൃശൂർ വെസ്റ്റിൽ ജോലി ചെയ്യുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡോ. അനീഷ് ശിവാനന്ദുമാണ് കലോത്സവ നഗരിയെ ‘പൊലീസിന്റെ കലോത്സവം’ കൂടിയാക്കി മാറ്റുന്നത്.
സബൂറ കാരിക്കേച്ചറുകൾ വരച്ചു നൽകുന്നതിനൊപ്പം ലഹരിക്കെതിരായ സന്ദേശം കൂടി കൈമാറുന്നു. ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ അടക്കം നിരവധി പേരാണ് സബൂറയുടെ മുന്നിൽ കാരിക്കേച്ചറിനായി കാത്തിരുന്നത്.
തിരിച്ച് എഴുതിയ ശേഷം കണ്ണാടിയിൽ കാണിക്കുമ്പോൾ നേരെയാകുന്ന രീതിയിലുള്ള മിറൽ എഴുത്ത്, ചിത്ര ശൈലിയാണ് ഡോ. അനീഷ് ഉപയോഗിക്കുന്നത്. ബിരുദതലത്തിൽ തുടങ്ങിയ ഈ തിരിച്ചെഴുത്തിലൂടെ മഹാഭാരതം അടക്കം എഴുതിയിട്ടുണ്ട്.
നാല് ലോക റെക്കോഡും നേടിയിട്ടുണ്ട്. ലഹരിക്കെതിരെ കലയിലൂടെ പ്രതിരോധമുയർത്താൻ സിറ്റി പൊലീസ് നടത്തുന്ന പരിപാടിയിൽ വെള്ളിയാഴ്ച ശിൽപനിർമാണവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.


