മധുര പ്രതികാരത്തിനൊടുവിൽ അശ്വതി കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
text_fieldsപുരുഷോത്തമനും മകൾ അശ്വതിയും
കടയ്ക്കൽ: പാർട്ടിമാറിയതിന് തന്നെ ഊരു വിലക്കിയതിന് മകളെ പഞ്ചായത്തംഗമാക്കിയ അച്ഛന്റെ മധുര പ്രതികാരത്തിനു പിറകെ മകളെ പ്രസിഡന്റാക്കി കോൺഗ്രസ്. കുമ്മിൾ ഗ്രാമപഞ്ചായത്തിൽ തൃക്കണ്ണാപുരം ജനറൽ വാർഡിൽ നിന്ന് വിജയിച്ച അശ്വതിയുടെ അച്ഛൻ പുരുഷോത്തമനെയാണ് പാർട്ടി മാറിയതിന് ഊരു വിലക്കിയിരുന്നത്.
കുമ്മിൾ ഗ്രാപഞ്ചായത്തിലെ തൃക്കണ്ണാപുരത്ത് സി.പി.എം ശക്തി കേന്ദ്രത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥി അശ്വതി ഉത്തമൻ പൊരുതി നേടിയ വിജയം ഒരു മധുര പ്രതികാരം കൂടിയാണ്. അച്ഛൻ പാർട്ടി വിട്ടതിനെ തുടർന്ന് സി.പി.എമ്മിൽ നിന്ന് വർഷങ്ങളോളം കുടുംബം നേരിടേണ്ടി വന്ന ഭീഷണികൾക്കും ഊരുവിലക്കിനും ലഭിച്ച മുഖമടച്ചുള്ള മറുപടിയായിരുന്നു അശ്വതിയുടെ വിജയം. ജനറൽ വാർഡായ തൃക്കണ്ണാപുരത്ത് അനായാസ വിജയം പ്രതീക്ഷിച്ച ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ച് 19 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
അശ്വതിയുടെ വിജയം ആഘോഷിച്ച് കോൺഗ്രസ് നേതൃത്വം അവരെ കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാക്കുകയായിരുന്നു. എ. എം. ഇർഷാദ് വൈസ് പ്രസിഡന്റുമായി. 16 വാർഡുകളുള്ളതിൽ ഒമ്പത് വാർഡുകളിൽ യു.ഡി.എഫും ഏഴ് വാർഡുകളിൽ എൽ.ഡി.എഫുമാണ് വിജയിച്ചത്. പഞ്ചായത്ത് നിലവിൽ വന്ന് 20 വർഷത്തിന് ശേഷം ആദ്യമായാണ് യു. ഡി.എഫ് ഭരണം പിടിക്കുന്നത്.


