ഫോട്ടോഗ്രഫിയിൽ പെൺകരുത്തായി ബിന്ദു കാലടി
text_fieldsഎടപ്പാൾ: പ്രതിസന്ധികളെ സധൈര്യം നേരിട്ട് ഫോട്ടോഗ്രഫിയിൽ പതിറ്റാണ്ട് പിന്നിട്ട് കാലടി കണ്ടനകം സ്വദേശി ബിന്ദു കാലടി (46). വനിതകൾ ഫോട്ടോഗ്രഫിയെ പ്രണയിക്കുന്നവരാണങ്കിലും തൊഴിൽ മേഖലയായി തിരഞ്ഞെടുക്കാൻ തയാറാകാത്ത കാലത്തായിരുന്നു ബിന്ദുവിന്റെ കടന്നുവരവ്. ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് ഹയർ സെക്കൻഡറി അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു ബിന്ദു. കുറച്ച് കഴിഞ്ഞതോടെ അധ്യാപക ജോലിയല്ല തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞ അവർ ജോലി ഉപേക്ഷിച്ച് തിരുവന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഫോട്ടോഗ്രഫിയും എഡിറ്റിങ്ങും പഠിച്ചു. ആദ്യകാലത്ത് എറണാകുളത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്താണ് വെഡ്ഡിങ് ഫോട്ടോഗ്രഫി രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നാട്ടിൽ വെഡ്ഡിങ് സ്റ്റുഡിയോ ആരംഭിച്ചു. ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ വീഡിയോ, ഫോട്ടോ എഡിറ്റിങ് എന്നിവ വശത്താക്കി ഈ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഫോട്ടോഗ്രഫിയുടെ ട്രെൻഡായ ന്യൂബോൺ ഫോട്ടോഗ്രഫിയിൽ തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു.
സ്ത്രീകൾക്ക് നല്ല വരുമാനവും സുരക്ഷിതത്വവുമുള്ള മേഖലയാണ് ഇതെന്ന് ബിന്ദു പറയുന്നു. എടപ്പാൾ പൊന്നാനി റോഡിൽ ലൂസിഡോ പിക്സൽ ആൻഡ് ബ്ലൂമി വിങ്സ് എന്ന സ്ഥാപനം നടത്തുകയാണ് ബിന്ദു.