ഇരുളടഞ്ഞ ജീവിതത്തിലും വെളിച്ചം പകര്‍ന്ന് ജസീന
text_fieldsപിറന്ന് വീണതു മുതല്‍ ഇരുള്‍ വീഴ്ത്തിയ തന്‍റെ ജീവിതത്തെ പഴിക്കാനല്ല ജസീന ജീവിക്കുന്നത്, സഹജീവികള്‍ക്ക് വെളിച്ചം പകര്‍ന്ന് നല്ലൊരു മാതൃക അധ്യാപികയാവാനാണ്. പാലക്കാട് ജില്ലയിലെ ആനക്കര ചേക്കോട് പരേതരായ ഹസന്‍ ഫാത്തിമ ദമ്പതികളുടെ ആറാമത്തെ മകളാണ് 37കാരിയായ ജസീന. ഇവരുടെ ജീവിതം ഒരു പരീക്ഷണം തന്നെയാണ്.
ആകെയുള്ള ആറ് മക്കളില്‍ ഒന്നിടവിട്ട് പിറന്ന പെണ്‍കുട്ടികള്‍ മൂന്നു പേരും അന്തതയുമായാണ് ജനിച്ചത്. ഇവരുടെ മൂന്ന് ആണ്‍ സഹോദരങ്ങള്‍ക്ക് കാഴ്ചക്ക് കുഴപ്പമില്ല. സഹോദരിമാരായ റംല, കദീജ എന്നിങ്ങനെ രണ്ട് പേരും കാഴ്ചയില്ലാത്തവരാണ്. റംല തിരുവനന്തപുരത്തും കദീജ വയനാടും അധ്യാപികമാരും വിവാഹിതരുമാണ്.
ഇടവേള നേരത്ത് കുമരനെല്ലൂര്‍ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാഫ് മുറിയിയിലിരിക്കുന്ന ജസീന
കൊളത്തറ മോഡേണ്‍ സ്കൂളില്‍ നിന്നും ജസീന പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി. ചെറുവന്നൂര്‍ സാധാരണ സ്കൂളിലാണ് ഹൈസ്കൂള്‍ പഠനം. അതുവരെ മാത്രമേ ബ്രൈന്‍ ലിപി പഠനമുള്ളൂ എന്നതിനാല്‍ തുടര്‍ന്ന് കോഴിക്കോട് ഫറൂഖ് കോളജില്‍ ഡിഗ്രിയും എറണാകുളം മഹാരാജാസ് കോളജില്‍ പി.ജിയും തൃശ്ശൂരില്‍ ബി.ഇ.എഡും സാധാരണ വിഷയമായി പഠിച്ചിറങ്ങി. യു.പി.സി മലയാളം സോഷ്യല്‍ സയന്‍സ് അധ്യാപികയായി ഏഴ് വര്‍ഷം പട്ടാമ്പി ഹൈസ്കൂളിലും ഒരു വര്‍ഷമായി കുമരനെല്ലൂര്‍ ഹയർ സെക്കൻഡറി സ്കൂളിലും പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍, ജീവിതത്തില്‍ തോറ്റുകൊടുക്കാനൊന്നും ജസീനക്ക് താൽപര്യമില്ല.
കേട്ടുപഠിച്ചതും അകകണ്ണില്‍ തെളിയുന്നതുമായ അറിവിന്‍റെ ലോകം തന്‍റെ ശിഷ്യര്‍ക്ക് പകര്‍ന്നു കൊടുക്കുമ്പോള്‍ ആത്മനിര്‍വൃതിയിലാണ് ജസീനയും വിദ്യാർഥികളും. ക്ലാസെടുക്കാന്‍ സമയമാകുമ്പോള്‍ കുട്ടികളെത്തി ടീച്ചറെ കൈപിടിച്ച് കൊണ്ടു പോകും. തുടര്‍ന്ന് പഠന ശേഷം ഓഫിസ് മുറിയിലെത്തിക്കുന്നതും കുട്ടികള്‍ നിറഞ്ഞ മനസോടെയാണ്. കൂടപിറപ്പുകളെല്ലാം മറ്റിടങ്ങളിലായതിനാല്‍ ജസീന തനിച്ചുതന്നെയാണ് താമസം.
തറവാട് വീട് പഴക്കം ചെന്നതിനാല്‍ സ്കൂളിനടുത്തുള്ള ക്വാട്ടേഴ്സിലാണ് താമസം. ഭക്ഷണം പാകം ചെയ്യുന്നത് അടക്കം എല്ലാ കാര്യങ്ങളും ഇവര്‍ തനിച്ചാണ് ചെയ്യുന്നത്. അതേസമയം, വിവാഹിതയാകാന്‍ താല്പര്യമുണ്ടങ്കിലും തന്‍റെ ജീവിതത്തെ അടുത്തറിഞ്ഞ് നല്ല മനസിന്‍റെ ഉടമകള്‍ വന്നാല്‍ സ്വീകരിക്കുമെന്നും ജസീന പറയുന്നു.


