ദീപ്തവും ശാലീനവുമായ വർണമന്ത്രണം
text_fieldsസെലീന ഹരിദാസും ദീപ്തി വിനോദും ചേർന്ന് സംഘടിപ്പിച്ച ‘വിസ്പേഴ്സ് ഒഫ് കളേഴ്സ് 25’ ചിത്ര പ്രദർശനം
തിരുവനന്തപുരം: സെലീന ഹരിദാസും ദീപ്തി വിനോദും ചേർന്ന് സംഘടിപ്പിച്ച ‘വിസ്പേഴ്സ് ഒഫ് കളേഴ്സ് 25’ ൽ പ്രകൃതിയും മനുഷ്യനും നിറങ്ങളും ചേരുന്ന പെയിന്റിങ്ങുകൾ ചിത്രകലാപ്രേമികളെ ആദ്യ നോട്ടത്തിൽ തന്നെ ആകർഷിക്കുന്നു. മരങ്ങളുടെ വള്ളികളിൽ നിന്നുയരുന്ന ശിവനും ഗംഗയും, സമുദ്രാന്തർഭാഗത്ത് ഊർജം കൈയിലേന്തിയ ബുദ്ധൻ, ത്രിമുഖ ഗണപതി, കടുവപ്പുറത്തിരിക്കുന്ന യുവതി, മഞ്ഞുമലകളിലെ പെൻഗ്വിനുകൾ, പുഴയും തോണിക്കാരനും തുടങ്ങി നിരവധി മനോഹരമായ പെയിന്റിങ്ങുകളാണ് വയലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകല അക്കാദമിയിൽ സംഘടിപ്പിച്ച ചിത്രപ്രദർശനത്തിലുള്ളത്.
കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയായ സെലീനക്ക് വരകളുടെ ലോകം കാട്ടിക്കൊടുത്തത് അച്ഛൻ ഹരിദാസാണ്. പിന്നീട് നസ്രത് പണ്ടാലയെന്ന ചിത്രകല അധ്യാപകന് കീഴിലെ ശിഷ്യത്വം സെലീനയിലെ കലാകാരിയെ ഒന്നുകൂടി മികച്ചതാക്കി. വിവാഹവും മക്കളും ജോലിയുമെല്ലാമായി 28 വർഷത്തോളം തന്റെ ഇഷ്ടം ജീവിതത്തിൽ നിന്ന് മാറ്റിവെച്ച സെലീന 2014ൽ ശക്തമായ തിരിച്ചുവരവ് നടത്തി.
സോളോ ഉൾപ്പെടെ നിരവധി എക്സിബിഷനുകളിൽ സെലീന പങ്കാളിയായി. ഓയിലിലാണ് തുടങ്ങിയതെങ്കിലും നിലവിൽ ആക്രിലിക്കും നൈഫും ടെസ്റ്ററുമൊക്കെയാണ് പ്രധാനമായും നോക്കുന്നത്. ഭർത്താവ് ബാബുരാജ് രാജേന്ദ്രപ്രസാദ് വിടപറഞ്ഞിട്ട് 25 വർഷമായി. മക്കളായ നീതുവും നിതിനും ചെറുമകൻ അദ്വൈതും പിന്തുണയുമായി ഒപ്പമുണ്ട്. മകൾ നീതുവും ചിത്രകാരിയാണ്.
സൂര്യനും മലയും തെങ്ങും വരച്ച് തുടങ്ങുന്ന പ്രായത്തിൽ തന്നെ കഴക്കൂട്ടം സ്വദേശിനിയായ ദീപ്തിയുടെ മനസിൽ കുടിയേറിയതാണ് വർണക്കൂട്ടുകൾ. ജീവിതത്തിന്റെ ഭാഗമായി 12 വർഷം വിദേശത്തായിരുന്നപ്പോഴും വരയെ മാറ്റി നിറുത്തിയില്ല. മകന്റെ പുസ്തകങ്ങളിലൂടെയും മറ്റും അമ്മയുടെ കഴിവ് പുറത്തുവന്നുകൊണ്ടിരുന്നു. എട്ടാം പിറന്നാൾ ദിനത്തിൽ മകൻ വാസുദേവിന് അവന്റെ പോട്രയിറ്റ് ചെയ്തു കൊടുത്താണ് അമ്മ അമ്പരപ്പിച്ചത്.
അമ്മയുടെ ക്രിട്ടിക്കായും പ്രോത്സാഹനമായും മകൻ മാറുമ്പോഴും കട്ടക്ക് പിന്തുണയുമായി ഭർത്താവ് വിനോദ് കുമാർ ദീപ്തിക്കൊപ്പമുണ്ട്. പ്രകൃതിയും മെഡിറ്റേഷനും ഒക്കെ ഇഷ്ടമുള്ള ദീപ്തി തന്റെ വരകളിലും അതൊക്കെ തന്നെയാണ് കൂടുതൽ ചേർക്കാറ്. കൊവിഡിനെ തുടർന്ന് നാട്ടിൽ തിരികെ എത്തിയതോടെയാണ് പെയിന്റിംഗ് രംഗത്ത് സജീവമായത്. ഇരുവരും ബി.ഡി ദത്തന്റെ ദത്തം ഗ്രൂപ്പിലെ അംഗങ്ങളാണ്.