മകളടക്കം നാല് ശിഷ്യർക്ക് സമ്മാനം നേടിക്കൊടുത്ത സന്തോഷത്തിൽ ചിത്ര
text_fieldsചിത്ര ടീച്ചർ കൃഷ്ണപ്രിയക്കും അമേയക്കുമൊപ്പം
പള്ളിക്കത്തോട്: മകളടക്കം നാലുപേർക്ക് സഹോദയ കലോത്സവ നൃത്തമത്സരത്തിൽ സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നൃത്താധ്യാപികയായ ചിത്ര. കാറ്റഗറി രണ്ടിൽ മോഹിനിയാട്ടത്തിൽ മകൾ കൃഷ്ണപ്രിയ എസ്. നായർ, നാടോടി നൃത്തത്തിൽ അമേയ അനിൽ എന്നിവർ ഒന്നാമതും നാടോടിനൃത്തത്തിൽ ലക്ഷ്മിക എം.എച്ച് (രണ്ടാംസ്ഥാനം), കാറ്റഗറി മൂന്നിൽ കുച്ചിപ്പുടിയിൽ ഹർഷ എം.എച്ച് (മൂന്നാംസ്ഥാനം) എന്നിവരാണ് സമ്മാനം നേടി മികവ് തെളിയിച്ചത്.
കൃഷ്ണപ്രിയയും അമേയും ചാവറ പബ്ലിക് സ്കൂൾ വിദ്യാർഥികളും ലക്ഷ്മികയും ഹർഷയും പുലിയന്നൂർ ഗായത്രി പബ്ലിക് സ്കൂൾ വിദ്യാർഥികളുമാണ്. 10 വർഷമായി മേവടയിലും ഏറ്റുമാനൂരിലും നിർമ്മല നൃത്തവിദ്യാലയം നടത്തുകയാണ് ചിത്ര.
താരമായി സാഗരിക മത്സരിച്ച നാലിനങ്ങളിലും ഒന്നാം സ്ഥാനം

പള്ളിക്കത്തോട്: കലോത്സവേദിയിൽ മിന്നുംപ്രകടനം കാഴ്ചവെച്ച് സാഗരിക. മത്സരിച്ച നാല് ഇനങ്ങളിലും ഒന്നാംസ്ഥാനം നേടി സാഗരിക സഹോദയ കലോത്സവത്തിലെ താരമായി. ഇതിനുമുമ്പ് സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കാറ്റഗറി നാലിൽ ഓയിൽ കളറിങ്, വാട്ടർ കളറിങ്, പെൻസിൽ ഡ്രോയിങ്, ഭരതനാട്യം എന്നീ ഇനങ്ങളിലാണ് ഒന്നാം സ്ഥാനം. ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. വനം വന്യജീവി വാരാഘോഷ ഭാഗമായി സംസ്ഥാനതലത്തിൽ ഈവർഷം നടന്ന ചിത്രരചന മത്സരത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയിരുന്നു. എ.സി.വി അസോസിയേറ്റ് പ്രൊഡ്യൂസർ ബിജുകുമാറിന്റെ മകളാണ്.



തിരുവാതിരയിൽ ‘അരവിന്ദ’യുടെ ജൈത്രയാത്ര
പള്ളിക്കത്തോട്: കഴിഞ്ഞ 10 വർഷമായി സി.ബി.എസ്.ഇ കലോത്സവത്തിൽ തിരുവാതിര കളിയിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും ഒന്നാംസ്ഥാനം നേടി ജൈത്രയാത്ര തുടരുകയാണ് പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം. ഇത്തവണ സഹോദയ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നതും അരവിന്ദ സ്കൂളാണ്.

പട്ടം സനലാണ് കുട്ടികളെ തിരുവാതിര പഠിപ്പിച്ചത്. അധ്യാപികമാരായ ജയശ്രീ, ഉഷ, ഇന്ദു, ജിഷ എന്നിവർ സഹായങ്ങൾ നൽകി കൂടെയുണ്ട്. രണ്ട് വിഭാഗത്തിലും ഒന്നാംസമ്മാനം നേടിയതിന്റെ സന്തോഷത്തിലാണ് അധ്യാപകരും കുട്ടികളും.


