അച്ഛന്റെ തുടർച്ചക്കാരിയായി മകളും
text_fieldsമുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റായ കൊള്ളുമ്മൽ ബാലനും മകൾ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രേയ ബാലനും
പാനൂർ: ത്രിതല പഞ്ചായത്ത് ഭരണ സാരഥികൾ അധികാരം ഏറ്റെടുത്തപ്പോൾ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ ഒരു അപൂർവത കൂടിയുണ്ട്. അച്ഛനെ പിന്തുടർന്ന് മകളും അതേ പദവിയിലെത്തുന്നു എന്നതാണത്. ഇപ്പോൾ കാലാവധിപൂർത്തിയാക്കിയ ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് ബാലൻ കൊള്ളുമ്മലിന്റെ മകളാണ് പുതിയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രേയ ബാലൻ. പുതിയ ഭരണസമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിൽ ഒരാളാണ് 30 കാരിയായ ശ്രേയ.
യൂത്ത് കോൺഗ്രസ് തൃപ്രങ്ങോട്ടൂർ മണ്ഡലം സെക്രട്ടറിയും ജവഹർ ബാൽ മഞ്ച് പ്രവർത്തകയുമാണ് ശ്രേയ. വിളക്കോട്ടൂർ വനിതാസഹകരണ സംഘം ജീവനക്കാരിയാണ്. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ആറാം വാർഡിൽ നിന്ന് കന്നിയങ്കത്തിൽ 250 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.അച്ഛനും മകളും ഒരേ വാർഡിൽ നിന്നായിരുന്നു മത്സരിച്ച് വിജയിച്ചത്. പിതാവ് ബാലൻ കൊള്ളുമ്മൽ 2010-15 കാലയളവിലെ ഭരണസമിതിയിൽ 5 വർഷവും ഇക്കഴിഞ്ഞ തവണ 3 വർഷവും ഉൾപ്പെടെ 8 വർഷം വൈസ് പ്രസിഡന്റ് പദവിയിൽ ഇരുന്നിട്ടുണ്ട്.


