35 വർഷം മുമ്പ് പിതാവ് എഴുതിയ ഔദ്യോഗിക രേഖ ഒപ്പിടാനുള്ള ഭാഗ്യം ഡി.എഫ്.ഒയായ മകൾക്ക്
text_fields1) 39 വര്‍ഷം മുമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസറായിരുന്ന എ. അബ്ദുല്ല നല്കിയ കത്ത്, 2, അബ്ദുല്ല
കൽപറ്റ: മരിയനാട്ടെ എസ്റ്റേറ്റ് തൊഴിലാളികൾക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കാന്‍ 39 വര്‍ഷം മുമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസറായിരുന്ന എ. അബ്ദുല്ല നല്കിയ കത്തിന്റെ കോപ്പി അനിവാര്യമായിരുന്നു. 1986ല്‍ എസ്റ്റേറ്റിലെ തൊഴിലാളികളായി 230 പേരെ സ്ഥിരപ്പെടുത്തിയ വിവരം ഉള്‍ക്കൊള്ളുന്നതായിരുന്നു ആ കത്ത്.
അപ്രതീക്ഷിതമായി ലഭിച്ച കത്ത് സാക്ഷ്യപ്പെടുത്തി നല്കാന് ഇപ്പോൾ ഭാഗ്യം ലഭിച്ചതാകട്ടെ, അബ്ദുല്ലയുടെ മകളും സൗത്ത് വയനാട് ഡി.എഫ്.ഒയുമായിരുന്ന ഷജ്ന കരീമിനും. നിലവില്‍ കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒയായി പ്രവര്‍ത്തിക്കുന്ന ഷജ്ന കരീം തന്റെയും ഉപ്പയുടെയും മേലൊപ്പ് പതിച്ച നഷ്ടപരിഹാര തുക തൊഴിലാളികള്‍ക്ക് ലഭിക്കുന്നതിന് സാക്ഷിയാവാനാണ് ചടങ്ങ് നടക്കുന്ന ഇരുളത്തെത്തിയത്.ആശംസ പ്രസംഗങ്ങള്‍ക്കിടയിൽ തൊഴിലാളികളിലൊരാള്‍ തന്നെയാണ് ഷജ്ന കരീമിനെയും പിതാവ് അബ്ദുല്ലയെയും കുറിച്ച് ഓര്‍മപ്പെടുത്തിയത്.
തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് എസ്റ്റേറ്റിന്റെ ആരംഭ കാലത്ത് അബ്ദുല്ല ചെയ്ത സേവനങ്ങളെക്കുറിച്ചും എസ്റ്റേറ്റ് അടച്ചുപൂട്ടിയ ശേഷം ആനുകൂല്യം ലഭിക്കാന്‍ ഷജ്ന കരീം ചെയ്ത സേവനങ്ങളെയും തൊഴിലാളി ആശംസ പ്രസംഗത്തിൽ ഓർമിപ്പിച്ചതോടെയാണ് വേദിയിലുള്ള മന്ത്രി ഒ.ആർ. കേളു അടക്കമുള്ളവർ വിവരമറിയുന്നത്. ഇതേത്തുടർന്ന് സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഷജ്ന കരീമിനടുത്തെത്തി അവരെ ആലിംഗനം ചെയ്ത് സന്തോഷം പങ്കിടുകയായിരുന്നു.
ഇതോടെ ഇരുളം മരിയനാട് എസ്റ്റേറ്റ് തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണോദ്ഘാടന ചടങ്ങ് തൊഴിലാളികളുടെ വൈകാരിക മുഹൂര്ത്തങ്ങള്ക്കുകൂടി സാക്ഷിയായി. ഇരുളം വില്ലേജില്‍ ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ ഉടമസ്ഥതയിലുണ്ടായിരുന്നതും പിന്നീട് പ്രവര്‍ത്തനം നിര്‍ത്തലാക്കിയതുമായ മരിയനാട് എസ്റ്റേറ്റിലെ തൊഴില്‍ നഷ്ടപ്പെട്ട 141 പേർ നഷ്ടപരിഹാരം നല്‍കുന്നതിന് വയനാട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് മരിയനാട് പുനരധിവാസ പദ്ധതി പ്രകാരം അഞ്ചു കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ചത്. 20ലേറെ വര്‍ഷങ്ങളായുള്ള തൊഴിലാളികളുടെ വിഷയത്തില്‍ ഇതോടെ പരിഹാരമായി.