ബോട്ടണിയിൽ ബിരുദം; വേറെ വല്ലതും നോക്കാമായിരുന്നില്ലേയെന്ന് ആളുകൾ; ഇന്ന് ആയുഷ് മന്ത്രാലയത്തിന് കീഴിലെ കേന്ദ്രത്തിൽ ഏക മലയാളിയായി ഡോ. ജയന്തി
text_fieldsഡോ. ജയന്തി
അത്തിക്കൽ
കോട്ടക്കൽ: ബോട്ടണിയിൽ ബിരുദം പൂർത്തിയാക്കിയപ്പോൾ എല്ലാവരും ചോദിച്ചു വേറെ വല്ലതും നോക്കാമായിരുന്നില്ലേയെന്ന്. വർഷങ്ങൾക്കിപ്പുറം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള ഫാർമകോപ്പിയ കമീഷൻ ഫോർ ഇന്ത്യൻ മെഡിസിൻ ആൻഡ് ഹോമിയോപ്പതി എന്ന സ്ഥാപനത്തിലെ ഫാർമക്കോഗ്നസി വിഭാഗത്തിലെ പ്രിൻസിപ്പൽ സയന്റിഫിക് ഓഫിസറായ ഡോ. ജയന്തി അത്തിക്കൽ ഏറെ തിരക്കിലാണ്. ആയുഷ് മന്ത്രാലയത്തിന് കീഴിലെ കേന്ദ്രത്തിൽ പത്തു വർഷമായി ഏക മലയാളി സാന്നിധ്യം. ഗുരുവായൂർ ശ്രീകൃഷ്ണ, ലിറ്റിൽ ഫ്ലവർ കോളജുകളിലെ പഠനത്തിന് ശേഷം 1994ൽ കോട്ടക്കൽ ആര്യവൈദ്യശാലക്ക് കീഴിലെ ഔഷധോദ്യാനത്തിലെത്തി.
ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലെ സയന്റിസ്റ്റ് ആയിട്ടായിരുന്നു ആദ്യ നിയമനം. ഇവിടെ നിന്നുള്ള അറിവുകൾ പ്രചോദനമായി. ബി.എഡ് എടുത്തിരുന്നതിനാൽ കൃഷിയെ കുറിച്ചുള്ള അറിവുകൾ പകർന്ന് നൽകാനും കഴിഞ്ഞു. 2015ൽ ആണ് യു.പിയിലേക്ക് തിരിക്കുന്നത്. ഇന്ന് ഇരുപതോളം ഉദ്യോഗസ്ഥരാണ് ഇവരുടെ കീഴിൽ ജോലി ചെയ്യുന്നത്. ആയുർവേദ, സിദ്ധ, യുനാനി എന്നിവക്കുള്ള റോ മെറ്റീരിയലുകൾ, റെഗുലേറ്ററി അതോറിറ്റിക്ക് പരിശീലനം, മെഡിസിൻ പ്ലാന്റ് ഗാർഡൻ എന്നിവയുടെയും ചുമതല. കൂടെയുള്ളവരെല്ലാം അന്തർ സംസ്ഥാനക്കാരാണെങ്കിലും ലഭിക്കുന്നത് നിസ്വാർത്ഥമായ സഹകരണമാണെന്ന് ജയന്തി പറയുന്നു. ഇനിയും അഞ്ചു കൊല്ലം ബാക്കിയുണ്ട്. നാട്ടിലേക്ക് മാറാനുള്ള സംവിധാനമില്ല. മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ ഉള്ളത് ഇതിനേക്കാൾ ചെറിയ ചുമതലയും സ്ഥാനവുമാണ്.
ഇത്രയും വലിയ ലാബ് സൗകര്യമുള്ളതിനാൽ ഇനിയും ഏറെ ചെയ്യാനുണ്ട്. അവസരങ്ങൾ ഏറെ നൽകിയതിനാൽ സ്ഥാപനത്തിനോട് ഏറെ കടപ്പാടുണ്ട്. ഡയറക്ടറായ ഡോ. രമൺ മോഹൻസിങ് ആണ് തന്നിലെ കഴിവുകൾ പുറത്തെത്തിക്കാൻ എന്നും പ്രചോദനമായത്. വനിത ദിനത്തിൽ ഉത്തർപ്രദേശിലെ മലയാളി അസോസിയേഷന്റെ ‘വിമൻ ഓഫ് ഇയർ-2025’ അവാർഡും ഇവരെ തേടിയെത്തി. ഔഷധസസ്യ ഗവേഷണരംഗത്തുള്ള സമഗ്ര സംഭാവനക്കാണ് പുരസ്കാരം. ശനിയാഴ്ച ഏറ്റുവാങ്ങും. അധ്യാപകനായ വിദ്യാധരൻ പെരുനെല്ലിയാണ് ഭർത്താവ്. ഡോ. കൃഷ്ണപ്രിയ മകളാണ്.