Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightചായക്കാരി സിന്ധു ഇനി...

ചായക്കാരി സിന്ധു ഇനി വക്കീൽ കുപ്പായത്തിൽ

text_fields
bookmark_border
ചായക്കാരി സിന്ധു ഇനി വക്കീൽ കുപ്പായത്തിൽ
cancel
camera_alt

1. സി​ന്ധു മു​ണ്ട​ക്ക​യ​ത്തെ ചാ​യ​ക്ക​ട​യി​ൽ പ​ല​ഹാ​ര നി​ർ​മാ​ണ​ത്തി​ൽ 2. അ​ഭി​ഭാ​ഷ​ക​യാ​യി എ​ൻ​റോ​ൾ ചെ​യ്ത സി​ന്ധു ഹൈ​കോ​ട​തി വ​ള​പ്പി​ൽ

മുണ്ടക്കയം (കോട്ടയം): ‘‘ഒരു ചായ, രണ്ടു വട’’... മുണ്ടക്കയത്തെ ചായക്കടയിൽ അടിക്കടി കേട്ടിരുന്ന ശബ്ദം ഇനി കോടതി മുറികളിൽ മുഴങ്ങും. പക്ഷേ, വാക്കുകൾക്ക് വ്യത്യാസമുണ്ടാകും. ‘‘യുവർ ഓണർ’’, ‘ഒബ്ജക്ഷൻ യുവർ ഓണർ’’...തുടങ്ങിയ വാക്കുകളാണ് ഇനി കേൾക്കുക. മുണ്ടക്കയം ബസ് സ്റ്റാൻഡിൽ ചായക്കട നടത്തിയിരുന്ന മുണ്ടക്കയം പാറയിൽ ജയന്‍റെ ഭാര്യ സിന്ധു (49) ഇനി ചായക്കടക്കാരിയായല്ല, അഭിഭാഷകയായാണ് അറിയപ്പെടുക. കഴിഞ്ഞ ദിവസം ഹൈകോടതി ഹാളിൽ നടന്ന ചടങ്ങിൽ സിന്ധു അഭിഭാഷകയായി എൻറോൾ ചെയ്തു. പ്രാരബ്ധങ്ങൾക്കും ജീവിത ബുദ്ധിമുട്ടുകൾക്കുമിടയിൽ മാറ്റിവെച്ച സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് സിന്ധുവും കുടുംബവും.

എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഫസ്റ്റ് ക്ലാസോടെ ബി.എ ബിരുദം നേടിയ സിന്ധു നിയമപഠനം എറണാകുളം ഗവ. ലോ കോളജിൽനിന്ന് പൂർത്തിയാക്കിയെങ്കിലും ഭർത്താവും മക്കളുമെന്ന മഹാലോകത്തിന്‍റെ ചിന്തകൾക്കിടയിൽ വക്കീൽപണി എന്ന സ്വപ്നം മാറ്റിവെക്കുകയായിരുന്നു. രാവിലെ ഏഴിന് ചായക്കടയിൽ ഭർത്താവിനൊപ്പമൊത്തുന്ന സിന്ധു ചായ എടുക്കലും പലഹാര നിർമാണവും വിതരണവുമെല്ലാം ഓടിനടന്നു ചെയ്യും. ചായക്കടയിലെയും ജീവിതത്തിലെയും തിരക്കുകൾക്കിടയിൽ സിന്ധു വക്കീലാകണമെന്ന ചിന്തപോലും മറന്നിരുന്നു. ജോലിത്തിരക്ക് ഒഴിയുമ്പോൾ ഭർത്താവ് എൻറോൾമെന്‍റ് കാര്യം ഓർമിപ്പിക്കുമെങ്കിലും സിന്ധു നിരസിക്കും. എല്ലാറ്റിനും ഒരു സമയമുണ്ട് ജയൻ ചേട്ടാ എന്നു പറഞ്ഞു ചിരിച്ചൊഴിയും.

മാതാപിതാക്കളായ മാന്തറ ആനന്ദനും കുഞ്ഞമ്മയും സിന്ധുവിന്‍റെ ഒമ്പതാം വയസ്സിൽ മരിച്ചതാണ്. സഹോദരങ്ങളടക്കം മൂന്നുപേർ ആരുടെ സംരക്ഷണയിൽ വളരുമെന്ന ചോദ്യം ഉയരുംമുമ്പ് കുടുംബ ബന്ധുക്കളായ വിൽപന നികുതി ജോ. കമീഷണർ പി.വി. സുരേന്ദ്രനും ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ വിജയകുമാരിയും മൂവരുടെയും ഉത്തരവാദിത്തം ഏറ്റെടുത്തു. വിജയകുമാരി അവർക്ക് വളർത്തമ്മയായി. സ്വന്തം മക്കളായി പഠനവും വിവാഹമെല്ലാം നടത്തി. നിയമബിരുദത്തിന് പഠിപ്പിച്ചെങ്കിലും മകൾ അഭിഭാഷകയാകാതിരുന്നതിന്‍റെ സങ്കടം വിജയകുമാരിക്ക് ഇപ്പോൾ മാറിയിരിക്കുന്നു.

‘‘വലിയ സന്തോഷത്തിലാണ്, എല്ലാറ്റിനും സമയമുണ്ടെന്ന വാക്കിന് പൂർത്തീകരണമായി. കോടതിയിൽ പോകും, നീതി നിഷേധിക്കപ്പെട്ടവർക്കായി പോരാടും’’-സിന്ധു ആനന്ദക്കണ്ണീരോടെ ‘മാധ്യമ’ത്തോടു പറഞ്ഞു. മക്കളായ ആറുവയസ്സുകാരി അനുപ്രിയയും നാലുവയസ്സുകാരി അനുശീയയും അമ്മ കോടതിയിൽ വാദിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്.

Show Full Article
TAGS:tea maker lawyer achievement women 
News Summary - Dream comes to True Tea-maker Sindhu now in a lawyer's uniform
Next Story