സ്റ്റാറാണ് ‘എ സ്റ്റാർ’: വീട്ടമ്മയുടെ സംരംഭം; 50ലേറെ പേർക്ക് ജോലി
text_fieldsശാന്തിനി
മാരാരിക്കുളം: കുടുംബത്തിന്റെ ഉപജീവനത്തിന് ഒരുമാർഗവുമില്ലാതെ വഴിമുട്ടിയപ്പോൾ തുടങ്ങിയതാണ് നൈറ്റി വിൽപന. ഇന്ന് ‘എ സ്റ്റാർ’ നൈറ്റികൾ നാടറിയുന്ന ബ്രാൻഡായി മാറി. 50ലേറെ പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി നൽകി മാതൃക തീർക്കുകയും ചെയ്തു സംരംഭകയായ വീട്ടമ്മ. ഭർത്താവിന്റെ ഗ്ലാസ് ഫാക്ടറിയിലെ ജോലി നഷ്ടമായതോടെയാണ് രണ്ട് പെൺമക്കൾ അടങ്ങുന്ന കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശാന്തിനി നൈറ്റി വിൽപന തുടങ്ങുന്നത്. വീട്ടിലെ ഒരു മുറിയിൽ രണ്ട് മെഷീനുകളുമായി തയ്ച്ചു തുടങ്ങി. ഇപ്പോൾ പത്ത് മെഷീനുകളുണ്ട്. സ്വന്തം കെട്ടിടത്തിൽ സംരംഭം വിജയകരമായി മുന്നോട്ട് കൊണ്ട് പോകുന്നു.
വെല്ലുവിളികളെ തോൽപ്പിച്ച വിജയം
മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് ബർണാഡ് ജംഗ്ഷന് പടിഞ്ഞാറ് പറച്ചിറയിൽ സജീവന്റെ ഭാര്യയായ ശാന്തിനി എന്ന 50 കാരിയാണ് നാടിന് മാതൃകയായി തീർന്നത്. 20 വർഷങ്ങൾക്ക് മുമ്പാണ് സ്വന്തമായി രൂപകൽപന ചെയ്ത് തയ്ച്ച് എടുക്കുന്ന നൈറ്റികൾ വിപണിയിൽ ഇറക്കി തുടങ്ങിയത്. എറണാകുളത്തെ മൊത്ത വ്യാപാരികളിൽ നിന്ന് നൈറ്റിയുടെ മെറ്റീരിയലുകൾ എടുത്തു. റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്ന ഇവ തലയിൽ ചുമന്ന് ട്രെയിനിലേക്ക്. സംരംഭം വിജയിച്ച് തുടങ്ങിയതോടെ ഓട്ടോയിലേക്ക് മാറി. പിന്നീട് സ്വന്തമായി വാഹനം വാങ്ങി.
നിശ്ചയദാർഢ്യവും ഗുണമേന്മയും
നിശ്ചയദാർഢ്യവും വിട്ടു വീഴ്ചയില്ലാത്ത ഗുണമേന്മയും സംരംഭം വിജയകരമായി മുന്നോട്ടു കൊണ്ടു പോകാൻ ശാന്തിനിയെ സഹായിച്ചു. ഇപ്പോൾ 12 കുടുംബശ്രീ അംഗങ്ങൾ ശാന്തിനിക്ക് കീഴിൽ ജോലി ചെയ്യുന്നു. എൻ. സുനിത, കെ.പി. ദീപ, എസ്. സുരേഖ, ബീന സേവിയർ, ഡി. ഷീബ, എസ്.സന്ധ്യ, കെ.വി. അശ്വതി, എൻ.കെ. സോയ, എം.എസ്. ശ്രീജ, ജിജി, ആശ, മോളമ്മ എന്നിവർ. രാവിലെ ഒമ്പതു മുതൽ തുടങ്ങുന്ന തയ്യൽ ജോലികൾ വൈകുന്നേരം ആറോടെ കഴിയും. ഉത്സവ സീസണുകളിലും മറ്റു ആഘോഷ സമയങ്ങളിലും ഇത് രാത്രി വരെ നീളും. ജോലിക്ക് അനുസരിച്ച് ഇവർക്ക് ആഴ്ചയിൽ മാന്യമായ ശമ്പളം കൊടുക്കാൻ കഴിയുന്നു.
തയ്യൽ കേന്ദ്രം
നൂറിൽ പരം സ്ത്രീകൾ ശാന്തിനിയുടെ കൈയിൽ നിന്ന് നേരിട്ട് നൈറ്റികൾ എടുത്ത് വീടുകളിൽ കൊണ്ട് പോയി കച്ചവടവും നടത്തുന്നുണ്ട്. ഇവർക്കെല്ലാം കടമായിട്ടാണ് നൈറ്റികൾ നൽകുന്നത്. ഭർത്താവ് സജീവന്റെയും മക്കളായ എ സ്റ്റാർ ഫാഷൻ എന്ന പേരിൽ തുണിക്കട നടത്തുന്ന ശാലു സജീവന്റെയും ഫാഷൻ ഡിസൈനിങ് വിദ്യാർഥിനി അഞ്ജു സജീവന്റെയും നിറഞ്ഞ പ്രോത്സാഹനവും പിന്തുണയും തന്റെ മുന്നോട്ടുള്ള പ്രയാണത്തിലെ പ്രേരക ശക്തികളാണെന്ന് ശാന്തിനി പറയുന്നു.
കൂടുതൽ പേർക്ക് ജോലി കൊടുക്കാൻ കഴിയണം എന്നതാണ് ആഗ്രഹം. ഇതിനായി ആധുനിക തയ്യൽ പരിശീലന കേന്ദ്രം അടക്കം നിറമുള്ള സ്വപ്നങ്ങളിലാണ് ഇവർ. മികച്ച സംരംഭക്കുള്ള കുടുബശ്രീ, നബാർഡ് അടക്കമുള്ള നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ശാന്തിനിയെ തേടി എത്തിയിട്ടുണ്ട്.


