ഹരിത കർമ സേനാംഗം ഇനി കൗൺസിലർ
text_fieldsരാധ തമ്പി
കൂത്താട്ടുകുളം: നഗരസഭയിലെ പ്രവർത്തനങ്ങളിൽ നിന്നും ഹരിത കർമ സേനാംഗമായി മാറുമ്പോൾ രാധ ചേച്ചിക്ക് മനസ്സിൽ ഒരു സ്വപ്നം ഉണ്ടായിരുന്നു തന്റെ പ്രവർത്തി ഏറ്റവും ഭംഗിയായി ചെയ്ത് മികച്ച ഹരിത സേനാംഗമാകുക. ഇത് യാഥാർഥ്യമായത് ജനങ്ങൾ കൊടുത്ത തെരഞ്ഞെടുപ്പ് സമ്മാനത്തിലൂടെ ആയിരുന്നു. ഒമ്പതാം വാർഡിൽ 43 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അടിസ്ഥാന വിഭാഗങ്ങളുടെ ഒരു പ്രതിനിധി കൂടിയാവുകയാണ് രാധ തമ്പി.
ഒമ്പതാം വാർഡിലെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളായ നല്ല റോഡ്, വെള്ളം, കുടുംബാരോഗ്യ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുകയാണ് തന്റെ പ്രഥമ ദൗത്യമെന്ന് നിറപുഞ്ചിരിയോടെ രാധാ തമ്പി പറഞ്ഞു. ജനമനസ്സുകളിൽ സുപരിചിതയാക്കിയ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നും ആ തൊഴിലിനെ മാന്യതയോടെ കാണുന്നു എന്നും ഇത് വാർഡിലെ പ്രവർത്തനങ്ങളെ ബാധിക്കാതെ മുന്നോട്ടു കൊണ്ടുപോകുമെന്നും രാധ കൂട്ടിച്ചേർത്തു.


