ഹെർ സ്റ്റോറി, ഹെർ ഇൻഫ്ലുവൻസ്: ദിസ് ഈസ് ബീക്കു
text_fieldsബിന്ദു ജെയിം
‘ഹായ് ഹലോ നമസ്കാരം ഇത് ബീക്കു’വാണ് എന്ന് ഒരിക്കലെങ്കിലും സോഷ്യൽ മീഡിയ സ്ക്രോള് ചെയ്തു പോകുമ്പോൾ കേട്ടിട്ടുണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ ഉപദേശങ്ങളും ഒപ്പം ഓരോ ദിവസത്തെ പ്രത്യേകതകൾ പറഞ്ഞു തുടങ്ങുന്ന വീഡിയോകളും സാമൂഹിക പ്രവർത്തനങ്ങളും ഒക്കെയായി എത്തുന്ന ഫിനാൻഷ്യൽ അഡ്വൈസറും ബാങ്കിംഗ് എക്സ്പർട്ടുമായ ബിന്ദു ജെയിംസാണ് ഇപ്പറഞ്ഞ ബീക്കു.
കരുത്തുറ്റ മനസ്സും ആത്മവിശ്വാസവും ഒക്കെയുണ്ടെങ്കിൽ ഏതു പ്രശ്നത്തെയും അതിജീവിക്കാൻ കഴിയും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ബിന്ദു. ചില ചികിത്സാ പിഴവുകൾ കൊണ്ട് ആറുമാസത്തോളം വലതുവശം തളർന്ന നിലയിലായിരുന്ന ബിന്ദു തന്റെ ആത്മധൈര്യം കൊണ്ട് മാത്രമാണ് ഇന്നു കാണുന്ന ബീക്കുവായി മാറിയത്.
ഒമ്പത് വർഷമായി ബിന്ദു യു.എ.ഇയിലുണ്ട്. 2015 ലാണ് പ്രവാസ മണ്ണിലെത്തുന്നത്. മലയാളത്തിൽ ബി.എയും എം.എയും ഒക്കെയുള്ള ബിന്ദു ടീച്ചിങ് ഫീൽഡിനെക്കാൾ ഇഷ്ടപ്പെട്ടത് കസ്റ്റമർ ഹാപ്പിനസും, ഫിനാൻസും ഒക്കെയായിരുന്നു. എം.എ മലയാളം കഴിഞ്ഞവർ ടീച്ചർ ആവണം, അല്ലെങ്കിൽ ടീച്ചർ മാത്രമേ ആകാവൂ എന്ന തെറ്റിദ്ധാരണയെ പൊളിച്ചെഴുതുക കൂടിയാണ് ബിന്ദു. ഇത്തിരി കോൺഫിഡൻസും, ഭാഷയും ഇഷ്ടവുമൊക്കെയുണ്ടെങ്കിൽ ഇത്തരം ഏതു ജോലിയും പഠിച്ചെടുക്കാം എന്ന് ബിന്ദു പറയുന്നു. എഴുത്തിനോടും വായനയോടും ഏറെ പ്രിയമാണ് ബിന്ദുവിന്.
അച്ഛനാണ് ബിന്ദുവിന്റെ ജീവിതത്തിൽ ഏറ്റവും വലിയ പ്രചോദനം. ധൈര്യമുള്ളവർ ഒരുതവണ മാത്രമേ മരിക്കൂ എന്നാൽ ധൈര്യം ഇല്ലാത്തവൻ ജീവിതത്തിലുടനീളം മരിച്ചു കൊണ്ടിരിക്കുകയാണ് എന്ന് തന്റെ അച്ഛൻ എപ്പോഴും പറയാറുള്ള ഈ വാചകം തന്നെയാണ് ബിന്ദുവിനെ ഇന്ന് കാണുന്ന സ്ട്രോങ്ങ് വിമനാക്കി മാറ്റിയത്. ഏറ്റവും വലിയ ബലം തനിക്കുള്ള സൗഹൃദങ്ങളാണ്. ജീവിതത്തിലൊരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുള്ള ബിന്ദു എല്ലാറ്റിനോടും പൊരുതി തന്നെയാണ് മുന്നേറിയത്. മാതാപിതാക്കളുടെയും ഭർത്താവിന്റെയുമൊക്കെ പിന്തുണയും ബിന്ദുവിനുണ്ട്.
മലപ്പുറം ജില്ലയിൽ ജനിച്ചു വളർന്ന ബിന്ദുവിന്റെ ഭർത്താവ് കോഴിക്കോട്ടുകാരനാണ്. എന്നാൽ പാലക്കാട് ജില്ലയിലാണ് താമസം. രണ്ട് വർഷമായി ദുബൈയിൽ ഊദ് മേത്തയിൽ ഫിനാൻഷ്യൽ കൺസൾട്ടൻസി സ്ഥാപനവും നടത്തുന്നുണ്ട്. എല്ലാ സ്ത്രീകളും സമൂഹത്തിന്റെ മുൻനിരയിലേക്ക് വരേണ്ടവരാണെന്നും, സ്വന്തം കാര്യങ്ങൾക്ക് ഓരോരുത്തരും ജീവിതത്തിൽ നല്ലൊരു സമയം മാറ്റിവെക്കണമെന്നും, ആദ്യം നമ്മൾ നമ്മളെ തന്നെ സ്നേഹിച്ചു തുടങ്ങാമെന്നുമാണ് ബീക്കുവിന്റെ അഭിപ്രായം. മലയാളത്തിൽ ഫിനാൻസ് റിലേറ്റഡ് ആയ കാര്യങ്ങൾ പറയുന്നവർ വളരെ ചുരുക്കമാണ്. അതിനാലാണ് വളരെ ലളിതമായി ആളുകൾക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊടുക്കാനായി ബിന്ദു സോഷ്യൽ മീഡിയയിൽ എത്തുന്നത്.
ശരിക്കും ഒരു ഫിനാൻഷ്യൽ കൺസൾട്ടന്റ് എന്നതിനപ്പുറം ഒരു കൗൺസിലർ കൂടിയാണ് ബീക്കു. സാമ്പത്തിക കാര്യങ്ങളിൽ ഉപദേശവുമായി അടുത്തെത്തുന്നവർക്ക് പറയാനുള്ളത് അവരുടെ സങ്കടങ്ങൾ തന്നെയാവും. അതുകേട്ട് അതിനൊരു പരിഹാരം നൽകുന്ന ബീക്കു ശരിക്കും ഒരർഥത്തിൽ ഒരു കൗൺസിലർ തന്നെയാണ്. യാത്രകളും സാഹസികതകളും ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ് ബിന്ദു. അർമീനിയ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഒറ്റക്ക് യാത്ര ചെയ്തിട്ടുണ്ട്.
യാത്ര ചെയ്യുമ്പോൾ നമ്മുടെ ലോകത്തെ നമ്മൾ ഒന്നു കൂടി വലുതാക്കുകയാണ് ചെയ്യുന്നതെന്ന് ബിന്ദു പറയുന്നു. തന്റെ ജീവിതത്തിലെ വലിയൊരു സമയം സോഷ്യൽ സർവീസിനു വേണ്ടി മാറ്റിവെച്ചിട്ടുണ്ട് ബിന്ദു. ഫൂഡ് ബാങ്കുകളുടെ ആവശ്യകതയെ കുറിച്ചും ബീക്കു വീഡിയോ ചെയ്തിട്ടുണ്ട്. ഒഴിവ് ദിവസങ്ങളിൽ സ്വന്തമായി ഭക്ഷണം തയ്യാറാക്കി ഇത്തരം ഫൂഡ് ബാങ്കുകളിൽ വെക്കും. ഭക്ഷണത്തിനായി കാത്തുനിൽക്കുന്ന ആളുകളെ കാണുമ്പോൾ വിശപ്പിന്റെ വില മനസ്സിലാകുമെന്നും ബിന്ദു പറയുന്നു. ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ പാടുപെടുന്ന ഓരോ സ്ത്രീകൾക്കും പ്രചോദനമാണ് ബീക്കു.