Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightവനിത കണ്ടക്ടറുടെ...

വനിത കണ്ടക്ടറുടെ സത്യസന്ധത; ബസിൽ നഷ്ടപ്പെട്ട സ്വർണമാല തിരികെ ലഭിച്ചു

text_fields
bookmark_border
വനിത കണ്ടക്ടറുടെ സത്യസന്ധത; ബസിൽ നഷ്ടപ്പെട്ട സ്വർണമാല തിരികെ ലഭിച്ചു
cancel
camera_alt

ബ​സി​ൽ​നി​ന്ന് ല​ഭി​ച്ച സ്വ​ർ​ണ​താ​ലി​മാ​ല വ​നി​ത ക​ണ്ട​ക്ട​ർ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്ക് കൈ​മാ​റു​ന്നു

Listen to this Article

ചാത്തന്നൂർ: വനിത കണ്ടക്ടറുടെ സത്യസന്ധത മൂലം കെ.എസ്.ആർ.ടി.സി ബസിൽ നഷ്ടപ്പെട്ട പഞ്ചായത്ത് ജീവനക്കാരിയുടെ താലിമാല തിരികെ ലഭിച്ചു. ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറായ രാഖിയുടെ സത്യസന്ധതയാണ് ബസിൽ നഷ്ടപ്പെട്ട 15 ഗ്രാം വരുന്ന സ്വർണ താലിമാല തിരികെ ലഭിക്കാൻ കാരണമാക്കിയത്. കൊട്ടാരക്കര-പാരിപ്പള്ളി റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി യുടെ വേണാട് ബസിലെ കണ്ടക്ടറായ രാഖി ചൊവ്വാഴ്ച ഉച്ചക്ക് കൊട്ടാരക്കര സ്റ്റാൻഡിൽ ബസ് പാർക്ക് ചെയ്തശേഷം ഊണ് കഴിച്ച് അടുത്ത ട്രിപ്പ് പോകുന്നതിനായി ബസിൽ കയറിയപ്പോഴാണ് ബസിലെ സ്ഥിരം യാത്രക്കാർ സീറ്റിൽ ഒരു മാല കിടക്കുന്ന വിവരം പറയുന്നത്.

യാത്രക്കാരെ കൊണ്ടുതന്നെ മാല എടുപ്പിച്ചശേഷം ഡ്രൈവർ ബി.എൻ. സുധീറിനോട് വിവരം പറയുകയും കൊട്ടാരക്കര സ്റ്റാൻഡിൽ വിവരം അറിയിച്ച ശേഷം ബസിന്റെ ട്രിപ്പ് അവസാനിച്ച് ബസ് ചാത്തന്നൂർ ഡിപ്പോയിൽ എത്തിയപ്പോൾ മാല സ്റ്റേഷൻ മാസ്റ്ററെ ഏൽപ്പിക്കുകയുമായിരുന്നു. വെളിയം കോളനി ജങ്ഷനിൽനിന്ന് മക്കളെ ഡോക്ടറെ കാണിക്കുന്നതിനായി കൊട്ടാരക്കരയിലെ ആശുപത്രിയിലേക്ക് പോയ മൈലം പഞ്ചായത്ത് ഓഫിസിലെ ഓഫിസ് അസിസ്റ്റൻറായ രേഖയുടെ മാലയാണ് നഷ്ടമായത്. കുട്ടികളെ ആശുപത്രിയിൽ കാണിച്ചശേഷം സ്വകാര്യ ബസിൽ കോളനി ജങ്ഷനിൽ ഇറങ്ങി ഓട്ടോയിൽ വീട്ടിൽ എത്തിയപ്പോഴാണ് താലിമാല കാണാതായ വിവരം അറിയുന്നത്. തുടർന്ന് വീട്ടിലേക്ക് വന്ന ഓട്ടോയിലും ആശുപത്രിയിലും യാത്ര ചെയ്ത സ്വകാര്യ ബസിലും തിരക്കിയെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് പരിചയക്കാരനായ ഒരു സ്വകാര്യ ബസ് കണ്ടക്ടർ സമൂഹമാധ്യമങ്ങളിൽ വിഷയം പ്രചരിപ്പിച്ചതോടെയാണ് ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഇതുസംബന്ധിച്ച അറിയിപ്പ് സമൂഹമാധ്യമങ്ങളിലൂടെ ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് അടയാളസഹിതം രേഖ ബുധനാഴ്ച രാവിലെ ചാത്തന്നൂർ ഡിപ്പോയുമായി ബന്ധപ്പെടുകയും ഡിപ്പോ അധികൃതരിൽനിന്ന് മാല തിരികെ വാങ്ങുകയുമായിരുന്നു. സ്വർണം കിട്ടിയപ്പോൾ കണ്ണുചിമ്മാതെ മാല ഡിപ്പോയിൽ ഏൽപ്പിച്ച കണ്ടക്ടറെ നേരിൽ കാണാനാകാത്തതിലുള്ള വിഷമവുമായി അവരെ ഫോണിൽ വിളിച്ച് നന്ദിപറഞ്ഞശേഷം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മുഴുവൻ നന്ദിപറഞ്ഞ ശേഷമാണ് മാലയുമായി രേഖ തിരികെപ്പോയത്.

Show Full Article
TAGS:female bus conductor KSRTC Gold necklace 
News Summary - Honesty of female conductor; Gold necklace lost in bus returned
Next Story