പ്രായം തോറ്റു, ഇവരുടെ നിശ്ചയദാർഢ്യത്തോട്
text_fieldsഉഷ മാണി മിനി ഡേവിസ്
കൊടകര: നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുണ്ടെങ്കില്‍ വിജയം എത്തിപ്പിടിക്കാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് മറ്റത്തൂരിലെ രണ്ടുവീട്ടമ്മമാര്‍. 62ാം വയസ്സില്‍ ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ സ്വര്‍ണവേട്ട നടത്തിയ ഉഷമാണിയും 58ാം വയസ്സില്‍ എല്‍.എല്‍.ബി പരീക്ഷയെഴുതി വക്കില്‍ കുപ്പായമണിഞ്ഞ മിനി ഡേവിസുമാണ് മറ്റത്തൂരിന്റെ അഭിമാനതാരങ്ങളായി മാറിയ രണ്ട് വനിതകള്‍.
കടമ്പോട് ഇല്ലത്തുപറമ്പില്‍ പരേതനായ മാണിയുടെ ഭാര്യ ഉഷ 2023ലും 2024ലും നടന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നാലിനങ്ങളിൽ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. 100 മീറ്റര്‍ ഓട്ടം, 4 X100 റിലേ, ലോങ്ജംപ്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിലാണ് ഉഷ സ്വര്‍ണം നേടിയത്. സ്കൂള്‍ കാലഘട്ടത്തില്‍ കായികമത്സരങ്ങലില് പങ്കെടുത്ത് വിജയിച്ചിട്ടുള്ളതിന്റെ ആത്മവിശ്വാസം കൈമുതലാക്കിയാണ് ആറുവര്‍ഷം മുമ്പ് മലപ്പുറത്ത് സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ കുടുംബശ്രീ സംസ്ഥാനതല കായികമേളയില്‍ പങ്കെടുത്തത്. 40നും 60നും മധ്യേയുള്ള സീനിയര്‍ വിഭാഗം 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കാന്‍ ഉഷക്ക് കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗുജറാത്തിലും ഹൈദരാബാദിലും നടന്ന ദേശീയ മാസ്റ്റേഴ്സ് മത്സരങ്ങളില്‍ പങ്കെടുത്ത് സ്വര്‍ണമെഡലുകള്‍ നേടി. കുടുംബശ്രീ പ്രവര്‍ത്തകയായ ഉഷ നേരത്തേ കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.
വീട്ടകങ്ങളില്‍ ഒതുങ്ങികൂടുന്ന വീട്ടമ്മമാര്‍ക്ക് കരുത്തും പ്രചോദനവും പകരുന്നതാണ് 58ാം വയസ്സില്‍ എല്‍.എല്‍.ബി ബിരുദം നേടി വക്കീല്‍ കുപ്പായമണിഞ്ഞ മിനി ഡേവിസിന്റെ വിജയകഥ. കോടാലി ചിറയത്ത് വീട്ടില്‍ ഡേവിസിന്റെ ഭാര്യയായ മിനിക്ക് എല്‍.എല്‍.ബി നേടണമെന്നുള്ള ആഗ്രഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നു.
വീട്ടുജോലികളും പറമ്പില്‍ പച്ചക്കറി കൃഷിയുമായി കഴിഞ്ഞുകൂടിയിരുന്ന മിനിയുടെ മനസ്സിലേക്ക് വീണ്ടും എല്‍.എല്‍.ബി മോഹം ചേക്കേറിയത് മക്കളുടെ വിദ്യാഭ്യാസം പൂര്‍ത്തിയായ ശേഷമാണ്. മകള്‍ വിവാഹിതയും എയര്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥയുമായി. മകനും വിദേശത്ത് ജോലി ലഭിച്ചു. ഭര്‍ത്താവ് പ്രവാസിയായതിനാല്‍ മിനി വീട്ടില്‍ തനിച്ചാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് പണ്ടുമുതലേയുള്ള മോഹം സഫലമാക്കാന്‍ മിനി ഡേവിസ് പാലക്കാട് ലക്കിടിയിലെ നെഹ്റു അക്കാദമി ഓഫ് ലോയില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചത്.
ഹോസ്റ്റലില്‍ താമസിച്ച് റെഗുലര്‍ സ്റ്റുഡന്റായാണ് പഠനം പൂര്‍ത്തീകരിച്ചത്. സപ്ലിയില്ലാതെ തന്നെ പരീക്ഷ വിജയിച്ച മിനി ഹൈകോടതിയില്‍ എന്റോള്‍ ചെയ്ത് അഭിഭാഷക വൃത്തിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ച ഉഷ മാണിക്കും മിനി ഡേവിസിനും വനിത ദിനത്തില്‍ കോടാലിയില്‍ നടക്കുന്ന ചടങ്ങില്‍ ആദരം നല്‍കും.