അതിജീവനത്തിന്റെ കരുത്തുമായി ജാനകി
text_fieldsമീൻ നൽകാൻ കാത്തുനിൽക്കുന്ന ജാനകി
കായംകുളം: പ്രതിസന്ധികളുടെ കനൽവഴികൾ മുന്നിലെത്തുമ്പോൾ പ്രകൃതി മനുഷ്യരെ കാരിരുമ്പിന്റെ കരുത്തുള്ളവരാക്കി മാറ്റുമെന്നതിന്റെ ഉദാഹരണമാണ് ജാനകി. തലയിലേറ്റിയ മത്സ്യചുമടുമായി ഓരോ ദിവസവും ഇവരുടെ നടത്തം പ്രതിസന്ധികളെ മറികടക്കാനുള്ള പോരാട്ടമാണ്. ഇലിപ്പക്കുളം നാമ്പുകുളങ്ങരക്ക് സമീപം തെങ്ങും തറയിൽ പരേതനായ വിജയന്റെ ഭാര്യ ജാനകിയാണ് (59) അതിജീവനത്തിന്റെ വിജയഗാഥ രചിക്കുന്നത്.
ഭർത്താവ് വിജയൻ രോഗബാധിതനായി വീണപ്പോഴാണ് ജാനകി 48ാം വയസ്സിൽ മീൻ കുട്ട ചുമന്നിറങ്ങിയത്. കച്ചവടം തുടങ്ങിയിട്ട് 11 വർഷം പിന്നിടുന്നു. ആയിരംതെങ്ങ് കടപ്പുറത്ത് നിന്ന് മത്സ്യം വാങ്ങാൻ പുലർച്ചെ അഞ്ചിന് വീട്ടിൽ നിന്നിറങ്ങണം. ഇതിനായി മൂന്ന് മണിക്ക് തന്നെ എഴുന്നേറ്റ് തയ്യാറെടുപ്പ് തുടങ്ങും. ഭർത്താവ് മരിച്ചതോടെ ഉത്തരവാദിത്തം കൂടി. ആദ്യകാലത്ത് ബസ്സിലായിരുന്നു മീൻ എടുക്കാൻ പോയിരുന്നത്. ചുമടുമായി പല വണ്ടികൾ മാറി കയറേണ്ടി വരുന്നത് പ്രശ്നമായിരുന്നു. ചിലർ കയറ്റാറുമില്ല. പതിവ് വാഹനം പോയാൽ ചിലപ്പോൾ മണിക്കൂറുകൾ ബസ് കാത്ത് നിൽക്കേണ്ടി വരുമായിരുന്നു.
ബസിൽ മങ്ങാരത്ത് ഇറങ്ങിയ ശേഷം വീടുകൾ തോറും കയറിയിറങ്ങും. ആദ്യകാലത്ത് പല വീട്ടുകാരും വാങ്ങാൻ കൂട്ടാക്കിയിരുന്നില്ല. അന്ന് പ്രധാന ചന്തയായ ചൂനാട്ട് നിന്നാണ് ആളുകൾ മീൻ വാങ്ങിയിരുന്നത്. കൂടാതെ സ്ത്രീ മീൻവിൽപനക്കായി ഇറങ്ങിയത് നാട്ടിൻപുറത്ത് ആദ്യാനുഭവവുമായിരുന്നു. കച്ചവട രീതി മനസ്സിലാക്കാൻ തന്നെ വർഷങ്ങൾ വേണ്ടി വന്നു. മനുഷ്യത്വപരമായ സമീപനം പലരും കാട്ടിയതാണ് ഈ രംഗത്ത് തുടരാൻ കാരണമായത്. ഇപ്പോൾ ഓട്ടോറിക്ഷയിലാണ് കടപ്പുറത്ത് പോകുന്നത്.
സമയത്തിന് മാറ്റമൊന്നുമില്ല. രാവിലെ ഒമ്പതോടെ നാട്ടിൽ തിരികെയെത്തി കച്ചവടം തുടങ്ങും. കടപ്പുറത്ത് നിന്ന് നേരിട്ടെത്തിക്കുന്ന മീൻ എന്നതാണ് തന്റെ കച്ചവടത്തിന്റെ പ്രത്യേകതയെന്ന് ജാനകി പറയുന്നു. ഉപഭോക്താക്കളിൽ കൂടുതലും സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. 50 ഓളം സ്ഥിരം ഗുണഭോക്താക്കളുണ്ട്. 18 വയസ്സുള്ള മകൻ വിഷ്ണു ജോലി നേടി കരപറ്റുന്നതോടെ തന്റെ പ്രയാസങ്ങൾക്ക് പരിഹാരമാകുമെന്നാണ് ഈ അമ്മയുടെ പ്രതീക്ഷ.