രണ്ട് കിലോ അരിയിലെ നെയ്യപ്പം; ജാസ്മിന്റെ അകക്കണ്ണിന്റെ കണക്കുകൾ
text_fieldsഭരണങ്ങാനം പള്ളിയിൽ എത്തുന്നവർക്കുള്ള നേർച്ച നെയ്യപ്പം ഉണ്ടാക്കി നൽകുന്ന ജാസ്മിനും ജീവനക്കാർക്കും ഒപ്പം ചാണ്ടി ഉമ്മൻ എം.എൽ.എ
മുട്ടം: കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടും ആത്മബലം കൈമുതലാക്കിയ ജാസ്മിന്റെ ജീവിത വിജയത്തിന്റെ കഥ തുടങ്ങുന്നത് രണ്ട് കിലോ പച്ചരിയിൽ ഉണ്ടാക്കിയ നെയ്യപ്പത്തിൽ നിന്നാണ്. രണ്ട് കിലോ പച്ചരി ഉപയോഗിച്ച് 20 പാക്കറ്റ് നെയ്യപ്പം ഉണ്ടാക്കി. 10 പാക്കറ്റ് കടയിൽ കൊണ്ടുപോയി െവച്ചു. ഒരു മണിക്കൂറിനകം വിറ്റുതീർന്നു. ബാക്കി 10 പാക്കറ്റു കൂടി കടയിലെത്തിച്ചു.ഒരു ദിവസം കൊണ്ട് വിറ്റു തീർത്തു. ഈ തുകയായിരുന്നു ജാസ്മിന്റെ നെയ്യപ്പം വിൽപനയുടെ മൂലധനം. ഈ തുകയിൽ നിന്നും പിന്നീട് സ്വന്തം കടയിലും സമീപത്തെ കടകളിലും കുറച്ചു പാക്കറ്റ് വിൽക്കാൻ നൽകി.
അൽഫോൻസാമ്മ ഭക്തയായിരുന്ന ജാസ്മിനും കുടുംബവും ഭരണങ്ങാനത്ത് പോകുമ്പോഴെല്ലാം കുറച്ച് നെയ്യപ്പം കബറിടത്തിൽ കാഴ്ചവെക്കും. ഇതിനിടെ ഭരണങ്ങാനത്ത് 101 പേരുടെ ഉടുപ്പിടിൽ ചടങ്ങുണ്ടായിരുന്നു. അന്ന് 10 കിലോയുടെ നെയ്യപ്പം കബറിടത്തിൽ വച്ചു. പിന്നീട് ഭരണങ്ങാനം പള്ളിയിലെ പെരുന്നാളിന് പാലായിലെ ബേക്കറി വഴി 1000 കിലോ നെയ്യപ്പത്തിന് ഓർഡർ ലഭിച്ചു. ചെറിയ രീതിയിൽ വീടിനുള്ളിൽ നടത്തിയിരുന്ന സംരംഭം വീടിന് സമീപം ചെറിയ ഷെഡ് നിർമിച്ച് കൂടുതൽ ആളുകൾക്ക് പരിശീലനം നൽകി വിപുലീകരിച്ചു.
ഇന്ന് അൽഫോൻസാമ്മയുടെയടുത്ത് എത്തുന്നവർക്ക് നേർച്ചയായി ലഭിക്കുന്നത് മുട്ടം തുടങ്ങനാട് വിച്ചാട്ട് വീട്ടിൽ നിന്നുള്ള നെയ്യപ്പമാണ്. 2009ലെ തിരുനാൾ മുതൽ നെയ്യപ്പം കൊടുത്തുവരുന്നു. കൂടാതെ വിവിധ പള്ളികളിലും ഇവിടെ നിന്നുള്ള നെയ്യപ്പമാണ് കൊടുക്കുന്നത്.സെറിബ്രൽ പാൾസി മൂലം നടക്കാൻ വയ്യാത്ത മകൻ അഖിലിന്റെ (അപ്പു) ചികിത്സക്കായി ഓടി നടക്കുന്നതിനിടെ 2008ൽ ജാസ്മിന്റെ കാഴ്ച നഷ്ടപ്പെട്ടുതുടങ്ങി. 2011ൽ പൂർണമായി കാഴ്ച നഷ്ടപ്പെട്ട ജാസ്മിൻ ആത്മബലം കൊണ്ട് നെയ്യപ്പ കച്ചവടം തുടരുന്നു. 12 പേർ തൊഴിൽ ചെയ്യാനുണ്ട്. ചില സീസണിൽ ഇത് 28 പേർ വരെയാകും.
ജാസ്മിന്റെ അകക്കണ്ണിലെ കണക്കുപുസ്തകത്തിലാണ് തന്റെ വ്യവസായത്തിന്റെ കണക്കുകൾ സൂക്ഷിക്കുന്നത്. എല്ലാവിധ സഹായവുമായി ഭർത്താവ് അജിയും മകൻ അപ്പുവും ഒപ്പമുണ്ട്.