ജിഷ നെയ്തെടുത്തത് ജീവിതത്തിന്റെ വർണങ്ങൾ
text_fieldsമാടത്തിൽ കാലിക്കണ്ടത്തിലെ കെ.പി. ജിഷ വീട്ടിൽ കൈത്തറി നെയ്ത്തിൽ
ഇരിട്ടി: നെയ്ത്തുതറികളിൽ നിന്ന് ജീവിതം കരുപ്പിടിപ്പിക്കാമെന്ന് വാശിയോടെ ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ജിഷ. നാല് കൊല്ലം മുമ്പ് ‘വീട്ടിൽ ഒരു തറി പദ്ധതി’യിൽ നേടിയ പരിശീലനം വഴിയാണ് പായം പഞ്ചായത്ത് മാടത്തിൽ കാലിക്കണ്ടത്തിലെ കെ.പി. ജിഷ നെയ്ത്ത് തുടങ്ങിയത്. ഹാൻവീവും പായം പഞ്ചായത്തും ചേർന്ന് നടപ്പാക്കിയ പദ്ധതി വഴി തറി സ്വന്തമായി കിട്ടി. തുടക്കത്തിലെ പാകപ്പിഴകളിൽ നിന്ന് മേന്മയോടെ തുണി നെയ്യാനുള്ള പ്രാവീണ്യം നേടിയതോടെ ദിവസം ശരാശരി അഞ്ചുമീറ്റർ വരെ തുണി നെയ്യാമെന്നായി.
‘നെയ്ത്തിനുള്ള നൂൽ യഥേഷ്ടം കിട്ടുന്ന അവസ്ഥയുണ്ടാവണം. നെയ്ത് നൽകുന്ന തുണിയുടെ പ്രതിഫലവും സമയബന്ധിതമായി കിട്ടണം. പരമ്പരാഗത നെയ്ത്ത് മേഖല നേരിടുന്ന ഈ പ്രതിസന്ധികൾ മറികടക്കാനും നമുക്ക് സാധിക്കും. ഇത്തരമൊരു പദ്ധതി വഴി നെയ്ത്ത് പഠിക്കാൻ സാധിക്കാൻ അവസരം നൽകിയത് സംസ്ഥാനസർക്കാരും പഞ്ചായത്തുമാണ്. പ്രതിസന്ധികൾ പരിഹരിക്കാനും സർക്കാർ വഴിസാധിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ട്’- ജിഷ പറഞ്ഞു. 200 വനിതകൾക്കാണ് പ്രതിമാസം 4000 രൂപ സ്റ്റൈപ്പന്റ് നൽകി പായം പഞ്ചായത്ത് പദ്ധതിയിൽ നാല് കൊല്ലം മുമ്പ് വീട്ടിൽ ഒരു തറി പദ്ധതിക്ക് തുടക്കമിട്ടത്.
നെയ്ത്ത് ഉപജീവന മാർഗമായി ഏറ്റെടുത്ത വീട്ടമ്മാർക്കെല്ലാം ഹാൻവീവ്, പായം പഞ്ചായത്ത് പദ്ധതിയിൽ തറികളും നൽകി. പ്രതിസന്ധികളിൽ പതറാതെ നൂറോളം വനിതകൾ നിലവിൽ വീടുകളിൽ നെയ്ത്തിനുണ്ട്. മീറ്ററിന് നൂറ് രൂപ നിരക്കിലാണ് പ്രതിഫലം. കോളിക്കടവിൽ ഹാൻവീവിന്റെ നൂൽ വിതരണത്തിനും നെയ്യുന്ന തുണികൾ സംഭരിക്കുന്നതിനുമുള്ള കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ കുട്ടികൾക്കുള്ള യൂനിഫോം തുണികളാണ് വീടുകളിൽ നെയ്യുന്നത്. സ്ത്രീകളുടെ തൊഴിൽ നൈപുണ്യ വികസനത്തിനുള്ള മികച്ച പദ്ധതികളിൽ ഒന്നായാണ് കൈത്തറി പരിശീലന, നെയ്ത്ത് പദ്ധതി പായം പഞ്ചായത്ത് മുൻ ഭരണസമിതി നടപ്പാക്കിയത്.