പാഠം ഒന്ന് കലാമണ്ഡലം ഹൈമവതി
text_fieldsകലാമണ്ഡലം
ഹൈമവതി
നൃത്തം പഠിക്കുന്നതിന് പെൺകുട്ടികളെ തേടി ഏറെ വലഞ്ഞ വള്ളത്തോളിന് ലഭിച്ച മക്കൾ തന്നെയായിരുന്നു അവർ. മഹാകവിയുടെ ഇളയ പുത്രിമാരായ മല്ലിയും വാസന്തിയും ഹൈമവതിക്ക് കളിക്കൂട്ടുകാരായി
തൃശൂർ മുളങ്കുന്നത്തുകാവിനടുത്തുള്ള അമ്പലപ്പുരത്ത് മണക്കുളം മുകുന്ദരാജയുമായി ചേർന്ന് മഹാകവി വള്ളത്തോൾ കേരള കലാമണ്ഡലം ആരംഭിച്ച കാലം. 1930കളുടെ തുടക്കത്തിൽ, വള്ളത്തോൾ നാരായണമേനോൻ, ഐക്യകേരളം നിലവിൽ വരുന്നതിനും മുമ്പ് കൊച്ചി നാട്ടുരാജ്യത്തിന്റെ ഭരണമേഖലയിൽ തിളങ്ങിനിന്നിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന് ഒരു കത്തെഴുതി. അത് ഇങ്ങനെയായിരുന്നു; ‘എനിക്ക് കുറച്ച് പെൺകുട്ടികളെ വേണം. തരപ്പെടുത്തി തരുമോ?’ കത്തിലെ ആദ്യ വരി കണ്ട് പനമ്പിള്ളി ഗോവിന്ദമേനോൻ ഒന്ന് ഞെട്ടി. വള്ളത്തോൾ ഏറെ അലഞ്ഞിട്ടും നൃത്തം പഠിക്കാൻ പെൺകുട്ടികളെ കിട്ടിയില്ല എന്നതായിരുന്നു വിഷയം. ദാസിയാട്ടം, ദേവദാസി നൃത്തം, തേവിടിശ്ശി നൃത്തമെന്നൊക്കെ ആക്ഷേപമുള്ളതിനാൽ ഒരു കുടുംബത്തിൽനിന്നും പെൺകുട്ടികളെ നൃത്തമഭ്യസിക്കാൻ വിട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് വള്ളത്തോൾ, പനമ്പിള്ളിക്ക് കത്തെഴുതിയത്. ഇക്കാര്യം മഹാകവിയുടെ മകൻ അച്യുതക്കുറുപ്പ് ജീവചരിത്രത്താളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മണക്കുളം കോവിലകത്തെ ഒരു കാര്യസ്ഥനോട് നിർബന്ധിച്ച് അദ്ദേഹത്തിന്റെ മകൾ തങ്കമണിയെ ആദ്യ നൃത്ത വിദ്യാർഥിനിയാക്കി. എന്നാൽ, പിന്നീടും ഒരു പെൺകുട്ടിയെയും നൃത്തമഭ്യസിക്കാൻ ലഭിച്ചില്ല. കേരള കലാമണ്ഡലത്തെ വിശ്വപ്രസിദ്ധമായ കലാകേന്ദ്രമാക്കണമെന്ന സ്വപ്നം പേറിനടന്ന വള്ളത്തോൾ മുട്ടാത്ത വാതിലുകളും പിന്നിടാത്ത വഴികളുമില്ല. അങ്ങനെയാണ് നൃത്തം പഠിക്കാൻ താൽപര്യമുള്ള പെൺകുട്ടികളെ കണ്ടെത്താൻ പത്രപ്പരസ്യം നൽകുന്നത്.
പത്രപ്പരസ്യം
മലേഷ്യയിൽ ജനിച്ച് വളർന്ന്, കുടുംബ സമേതം പത്തു വയസ്സുവരെ അവിടെ ജീവിച്ച ഹൈമവതി തിരുവില്വാമലയിലെ തറവാട് വീട്ടിലെത്തി പഠനം തുടരുന്ന കാലം. തിരുവില്വാമല ഹൈസ്കൂളിൽ പഠിച്ചിരുന്ന ഹൈമവതി പാട്ടും നൃത്തവും അഭിനയവുമൊക്കെയായി സ്റ്റേജുകളിലെത്തി കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരുദിവസം രാവിലെ അനുജൻ രാജേന്ദ്രൻ കൊണ്ടുവന്ന പത്രത്തിൽ കലാമണ്ഡലത്തിന്റെ പരസ്യം ശ്രദ്ധയിൽപെട്ടു. അടങ്ങാത്ത കലാമോഹവുമായി നടന്ന ഹൈമവതി അച്ഛൻ പാമ്പാടി നെടുങ്ങാട്ട് ബാലകൃഷ്ണൻ നായരോട് കലാമണ്ഡലത്തിൽ ചേരാനുള്ള ആഗ്രഹം പറഞ്ഞു.
അമ്മ കോലായ്ക്കൽ ലക്ഷ്മിക്കുട്ടി അമ്മയ്ക്കും അവരുടെ സഹോദരങ്ങൾക്കും കടുത്ത എതിർപ്പായിരുന്നു. ‘ഭേദപ്പെട്ട സാമ്പത്തിക ശേഷിയുള്ള നമുക്ക് ചേർന്നതല്ല ഈ ദാസിയാട്ടം’ എന്നായിരുന്നു കുടുംബത്തിലെ മിക്കവരുടെയും മറുപടി. എന്നാൽ, മലേഷ്യയിൽ അച്ഛൻ മകൾക്കൊപ്പം നിന്നു. ലക്കിടി സ്റ്റേഷനിൽനിന്നും ട്രെയിനിൽ യാത്രയാരംഭിച്ച് ചെറുതുരുത്തിക്കടുത്ത് വെട്ടിക്കാട്ടിരി സ്റ്റേഷനിൽ ഇറങ്ങിയ ഹൈമവതിയുടെ ജീവിതം അവിടെ മാറുകയായിരുന്നു.
കൂടിക്കാഴ്ചയിലെ പുഞ്ചിരി
നർത്തകരെ തിരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ച. പത്രപ്പരസ്യം കണ്ട് ഏഴ് പെൺകുട്ടികളാണ് കേരള കലാമണ്ഡലത്തിലെ ആദ്യ ബാച്ചിലേക്ക് പ്രവേശനം തേടിയെത്തിയത്. ചെറുതുരുത്തി മുണ്ടനാട്ട് കൊളാടി രാമൻ മേനോന്റെ വസതിയിൽ അർധ വൃത്താകൃതിയിൽ നിർത്തിയായിരുന്നു അഭിമുഖം. ചോദ്യങ്ങളോരോന്ന് ചോദിക്കുന്നതിനിടക്ക് ഹൈമവതിയുടെ കണ്ണിലേക്ക് ശ്രദ്ധിച്ച് നോക്കിയതോടെ അവർക്ക് ചിരിവന്നു. ഈ ചിരിയിൽ വിവിധഭാവങ്ങൾ മിന്നിമാഞ്ഞതായും അതിനാലാണ് തിരഞ്ഞെടുത്തതെന്നും അന്ന് ഗുരുനാഥയായിരുന്ന ചിന്നമ്മു അമ്മ പറഞ്ഞതായി ഹൈമവതി ഓർത്തെടുക്കുന്നു. നാലുപേരെയാണ് അന്ന് തിരഞ്ഞെടുത്തത്. ഹൈമവതി, ക്ലാര, വിദ്യാവിനോദിനി, ഭാനുമതി എന്നിവർ. സത്യഭാമയെന്ന പെൺകുട്ടി പിന്നീട് പകൽപഠനത്തിനുമെത്തി.
വള്ളത്തോളിനൊപ്പം കലാമണ്ഡലത്തിലെ ആദ്യ ബാച് വിദ്യാർഥിനികൾ. ഇടത്തുനിന്ന് രണ്ടാമത് ഹൈമവതി
വിദ്യാർഥിനികളെ കിട്ടാതെ വലഞ്ഞ കലാമണ്ഡലത്തിൽ പിന്നീട് നൃത്തവിഭാഗത്തിൽ പ്രവേശനം കിട്ടാൻ മന്ത്രിമാർ ഇടപെട്ടാൽപോലും നടക്കാത്ത അവസ്ഥയായി. തിരഞ്ഞെടുത്ത നാലു പേരോടും അധ്യയനം ആരംഭിക്കുന്ന വിവരം തപാൽ മുഖേന അറിയിക്കുമെന്നും അപ്പോൾ വന്നാൽ മതിയെന്നും വ്യക്തമാക്കി പറഞ്ഞയച്ചു. പക്ഷേ, സാമ്പത്തിക ഭദ്രതയില്ലാത്തവരാണെന്നുള്ളതിന് അധികാരിയിൽനിന്ന് ‘പോവർട്ടി സർട്ടിഫിക്കറ്റ്’ ഹാജരാക്കാനുള്ള കത്തുവന്നു. സാമ്പത്തിക ഭദ്രതയുള്ളതിനാൽ അത് ലഭിക്കില്ലെന്നും കലാമണ്ഡത്തിൽ ചേരാനാകില്ലെന്നും തിരിച്ചറിഞ്ഞതോടെ ഹൈമവതി കരച്ചിൽ തുടങ്ങി. ഇതോടെ, അച്ഛൻ അന്നത്തെ മന്ത്രിയായിരുന്ന ഇക്കണ്ട വാര്യർക്ക് വിശദമായ കത്തെഴുതി. ‘പോവർട്ടി സർട്ടിഫിക്കറ്റ് വേണമെന്ന് പത്രപ്പരസ്യത്തിൽ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിൽ തങ്ങൾ ഇതിന് മുതിരുമായിരുന്നില്ല’ എന്ന് അദ്ദേഹം തുറന്നെഴുതി. ഇക്കണ്ടവാര്യർ പ്രശ്നത്തിലിടപെട്ടതോടെയാണ് ഹൈമവതിക്ക് കലാമണ്ഡലം പ്രവേശനം ഉറപ്പായത്.
ഗുരുകുല സമ്പ്രദായത്തിലായിരുന്നു നൃത്തപഠനം. കൂടിക്കാഴ്ച നടത്തിയ വീട്ടിൽ താമസം. പരിമിതമായ സൗകര്യങ്ങളിൽ ചിട്ടയോടെയായിരുന്നു പഠനം. അപൂർവമായേ വീട്ടിലേക്ക് പോകാനായിരുന്നുള്ളൂ. തോട്ടശ്ശേരി ചിന്നമ്മു അമ്മ, കല്യാണിക്കുട്ടി അമ്മ, തങ്കമണി അമ്മ എന്നിവരൊക്കെയായിരുന്നു ഹൈമവതിയുടെ ഗുരുനാഥർ.
വള്ളത്തോളും കുടുംബവും
13 വയസ്സുമാത്രമുള്ള ഹൈമവതിയോടും സഹപാഠികളോടും വാത്സല്യം തുളുമ്പുന്ന സ്നേഹമായിരുന്നു വള്ളത്തോളിന്. നൃത്തം പഠിക്കുന്നതിന് പെൺകുട്ടികളെ തേടി ഏറെ വലഞ്ഞ വള്ളത്തോളിന് ലഭിച്ച മക്കൾ തന്നെയായിരുന്നു അവർ. മഹാകവിയുടെ ഇളയ പുത്രിമാരായ മല്ലിയും വാസന്തിയും ഹൈമവതിക്ക് കളിക്കൂട്ടുകാരായി. വള്ളത്തോളിന്റെ പത്നി ചിറ്റഴി മാധവി അമ്മ ഹൈമവതിക്കും അമ്മയായി. ഒഴിവുവേളകളിലും വിശേഷാവസരങ്ങളിലും അവർ ഒരേ വീട്ടുകാരായി.
കഥകളിയിലേക്ക്
കഥകളി ഒരു കോഴ്സ് ആയശേഷം ആദ്യം കോഴ്സ് പഠിച്ച വനിതയായി ഹൈമവതി മാറി. മോഹിനിയാട്ടവും മറ്റ് നൃത്തരൂപങ്ങളും ഹൃദിസ്ഥമാക്കുമ്പോഴും കഥകളിയടക്കമുള്ള മറ്റ് കലകൾ അന്യമായിരുന്നു. അങ്ങനെ ഏറെക്കാലത്തിനു ശേഷം അവർ കഥകളി നേരിൽ കാണാൻ പോയി. കഥകളി കണ്ട് ആഗ്രഹംതോന്നി വള്ളത്തോളിനോട് ആഗ്രഹമറിയിച്ചു. പഠിക്കാനാഗ്രഹമുണ്ടെന്ന് എഴുതി നൽകാൻ പറഞ്ഞു. കത്ത് നൽകിയപ്പോൾ പഠിക്കാനുള്ള വകയും തൽക്കാലം കണ്ടെത്തണമെന്നായി. മൂന്നുമാസം കഴിഞ്ഞാൽ സർക്കാറിലേക്കെഴുതി സ്കോളർഷിപ് തരപ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ വീട്ടിലെത്തിയ വല്യമ്മയെ കാര്യം ധരിപ്പിച്ചു. അവർ അത്രയും തുക നൽകിയതോടെ ആദ്യമായി ഒരു വനിത കലാമണ്ഡലത്തിൽനിന്ന് കഥകളി അരങ്ങിലെത്തി. പത്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടി നായരും പത്മശ്രീ കലാമണ്ഡലം പത്മനാഭൻ നായരും ഗുരുനാഥൻമാരായി. പൂതന മോക്ഷം അവതരിപ്പിച്ച് കഥകളിയിലും അരങ്ങേറ്റം. പിന്നെ രംഭപ്രവേശമടക്കം നിരവധി വേഷങ്ങൾ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി, ഗുരുകുഞ്ചുക്കുറുപ്പ് എന്നീ മഹാരഥരും ഗുരുക്കൻമാരായി. നൃത്തച്ചുവടുകൾക്കൊപ്പം കഥകളി മുദ്രകളും സ്വായത്തമാക്കിയതോടെ ഹൈമവതി താരമായി.
ജവഹർലാൽ നെഹ്റുവിന് മുന്നിൽ ‘പൂതനാമോക്ഷം’ കഥകളി അവതരിപ്പിക്കാനായത് ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിലൊന്നായി ഹൈമവതി കാണുന്നു. 1954ൽ കലാമണ്ഡലം സംഘം മലേഷ്യയിൽ നിരവധി സ്റ്റേജുകളിൽ നിറഞ്ഞാടിയപ്പോഴും ഹൈമവതിയെ മുൻനിർത്തിയാണ് പരിപാടികൾ അരങ്ങേറിയത്. മലേഷ്യയിൽ ജനിച്ച് വളർന്ന കലാകാരിയെന്ന നിലയിൽകൂടി കലാസ്വാദകർ അന്ന് നെഞ്ചേറ്റി. പിന്നീട് നിരവധി വേദികളിൽ അവർ നിറഞ്ഞാടി.
മോഹിനിയാട്ടവും ഭരതനാട്യവും കർണാടക സംഗീതവും
ഭരതനാട്യവും ജീവിതത്തിനൊപ്പം ചേർത്തുവെച്ചു ഹൈമവതി. പ്രഗല്ഭരായ കൃഷ്ണൻ കുട്ടിവാര്യരും രാജരത്നം പിള്ളയും ഗുരുനാഥരായി. പിന്നീട് പത്തിരിപ്പാല ഗാന്ധി സേവാസദനത്തിൽ അധ്യാപികയായി ജോലി. ഇവിടെനിന്നാണ് കർണാടക സംഗീതത്തിൽ പ്രാവീണ്യം നേടിയത്. ഒപ്പം മോഹിനിയാട്ടവും കഥകളികൂടിയായപ്പോൾ ഹൈമവതിയെ കലാലോകം നെഞ്ചേറ്റി.
ഹൈമവതി വിവിധ നൃത്ത വേഷങ്ങളിൽ
സ്വാതി തിരുനാൾ കൃതിയായ ‘പന്നഗേന്ദ്ര ശയന’ മോഹിനിയാട്ടമായി ചിട്ടപ്പെടുത്തിയ ഹൈമവതി കഥകളിയിലെ ആംഗികാഭിനയത്തിന്റെ സകല സാധ്യതകളും മോഹിനിയാട്ടത്തിലേക്ക് പകർത്തിയിട്ടുണ്ട്. 9 യാമങ്ങളും ചൊൽക്കെട്ടും ചെഞ്ചുരുട്ടിയും ചിട്ടപ്പെടുത്തിയിട്ടുണ്ട്. നിരവധി പദങ്ങളും വർണങ്ങളും ഇക്കൂട്ടത്തിൽ പെടുന്നു. ഗുരുവായിരുന്ന കലാമണ്ഡലം രാമൻകുട്ടി നായരോടൊപ്പം നിരവധി വേദികളിൽ കഥകളി അവതരിപ്പിച്ചത് ഒളിമങ്ങാതെ അവർ ഇന്നും ഓർമയിൽ സൂക്ഷിക്കുന്നു. പുരുഷന്മാരുടെ കുത്തകയായിരുന്ന കഥകളിയിൽ ഇടക്കാലത്ത് അവിഭാജ്യഘടകമായി ഹൈമവതി തിളങ്ങി. നാലു വർഷം കലാമണ്ഡലത്തിലുണ്ടായിരുന്ന ഹൈമവതി ഇവിടെ അധ്യാപികയായും പ്രവർത്തിച്ചു.
രാജസ്ഥാനിലേക്ക്
കലാസ്വാദകകൂടിയായ രാജസ്ഥാനിലെ പിലാനി ബിർള ബാലിക വിദ്യാപീഠ് സ്കൂളിലെ പ്രിൻസിപ്പൽ കൗൾ, ഹൈമവതിയുടെ പ്രകടനം കണ്ട് തന്റെ സ്കൂളിൽ അധ്യാപികയായി വരാമോയെന്ന് ആരാഞ്ഞു. അങ്ങനെ 1958ൽ പിലാനിയിലെത്തി. പിന്നെ 60ാം വയസ്സിൽ വിരമിച്ച് തിരിച്ചുപോകും വരെ അവിടെത്തന്നെ. ഇതിനിടെ ദേശീയ-അന്തർദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങളും നേടി. സമ്മാനാർഹരായ നിരവധി ശിഷ്യരെ വാർത്തെടുക്കുകയും ചെയ്തു.
നൃത്തഭാഷയിൽ
തുളസിദാസ്, കബീർ ദാസ് എന്നിവരുടെ നിരവധി രചനകൾക്ക് ഹൈമവതി നൃത്തഭാഷ്യമേകി. മൈഥിലി ശരൺ ഗുപ്തിന്റെ ‘മേഘദൂത്’ അടക്കമുള്ള കൃതികൾക്ക് ഹൈമവതി നൃത്തശിൽപവും കഥകളി രൂപവും ഒരുക്കി. ‘ചുമക്ചൽത്ത് രാമചന്ദ്ര്’, ‘തായേ യശോദ’ എന്നിവക്കും രംഗഭാഷ്യമേകി. മലയാളത്തിൽനിന്ന് ഇതര അന്യഭാഷകളിലേക്കും രംഗഭാഷ്യമൊരുക്കി. കുചേലവൃത്തം കഥകളിയടക്കം ഹിന്ദിയിലേക്ക് തർജമചെയ്ത് അവതരിപ്പിച്ചു. ഭാവിയിലെ നൃത്തം പഠിക്കാനെത്തുന്നവർക്ക് സഹായകമാവുന്ന ആധികാരിക പുസ്തകങ്ങളും ഹൈമവതിയുടെ തൂലികയിൽ പിറന്നു.
കേരളത്തിന്റെ നഷ്ടം
അധ്യാപികയായി രാജസ്ഥാനിലേക്ക് പോയി അവിടെ സ്ഥിരതാമസമാക്കിയേതാടെ കേരളത്തിന് ഹൈമവതിയുടെ കല അന്യമായി. പുതുതലമുറക്കും കലാസ്വാദകർക്കും അത് വലിയ നഷ്ടംതന്നെയായിരുന്നു. അറുപതാം വയസ്സിൽ വിരമിച്ച് നാട്ടിലെത്തിയശേഷം സാമ്പത്തികമായി പിറകിൽ നിൽക്കുന്ന പലരെയും സൗജന്യമായി നൃത്തം പഠിപ്പിച്ചു. പ്രശസ്തിയുടെ പിറകെ പോകാൻ ഒരിക്കലും ഹൈമവതി ആഗ്രഹിച്ചിരുന്നില്ല. തന്റെ 88ാം വയസ്സിലും നവരസങ്ങളെല്ലാം വളരെ കൃത്യതയോടെ ആ മുഖത്ത് എഴുതിവെക്കുന്നുണ്ട് ഹൈമവതി.
കുടുംബവും സഹപാഠികളും
ലാൻഡ് ഫോണുകൾപോലും അപൂർവമായ കാലത്ത് സഹപാഠികളുമായി വേർപിരിഞ്ഞതിനാൽ അവരുമായി കൂടുതൽ ബന്ധം നിലനിർത്താൻ ഹൈമവതിക്കായില്ല. ‘സഹപാഠിയായിരുന്ന പത്മശ്രീ കലാമണ്ഡലം സത്യഭാമ മരിച്ചു. തൃശൂരിലുള്ള കലാമണ്ഡലം ക്ലാരയുമായി മാത്രമാണ് അൽപം ബന്ധമുള്ളത്. മറ്റ് രണ്ടുപേർ ചെന്നൈയിലുണ്ടെന്ന അവ്യക്തമായ വിവരം മാത്രമുണ്ട്’ –അവർ പറയുന്നു.
ഹൈമവതി ഭർത്താവിനും മക്കൾക്കുമൊപ്പം
ഭർത്താവ് ആട്ടീരി ബാലഗോപാൽ. രാഗജ, രമ്യ, സീത, അജിത എന്നിങ്ങനെ നാല് മക്കളാണ് ഹൈമവതിക്ക്. എല്ലാവരും കലയോട് ചേർന്നുനിൽക്കുന്നവർ. ഇപ്പോൾ ഇളയ മകൾ അജിതയോടൊപ്പം അമേരിക്കയിലാണ് താമസം. ഗ്രീൻ കാർഡുള്ളതിനാൽ ഇടക്ക് പാലക്കാട് ലക്കിടിയിലെ വീട്ടിലെത്തും. അപ്പോൾ പാലപ്പുറത്തുള്ള രണ്ടാമത്തെ മകൾ രമ്യയും കൂട്ടിനെത്തും. നാട്ടിലെത്തിയെന്നറിഞ്ഞാൽ പഴയ പരിചയത്തിലുള്ളവരും ശിഷ്യരും വീട്ടിൽവരും. എല്ലാവർക്കുമൊപ്പം പഴയ നൃത്തകാലത്തിന്റെ ഓർമകൾ മനസ്സിലും രസങ്ങളും മുദ്രകളും ശരീരത്തിലും വിടർന്നു തുടങ്ങും.