Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightകാനത്തില്‍ ജമീല:...

കാനത്തില്‍ ജമീല: അനുഭവങ്ങളുടെ കരുത്തില്‍ ഇരുത്തം വന്ന രാഷ്ട്രീയ നേതാവ്

text_fields
bookmark_border
Kanathil Jameela
cancel
camera_alt

കാനത്തിൽ ജമീല

അനുഭവങ്ങളുടെ കരുത്തില്‍ ഇരുത്തം വന്ന രാഷ്ട്രീയ നേതാവാണ് കാനത്തിൽ ജമീല. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വോട്ടഭ്യര്‍ഥിക്കാന്‍ രണ്ടുവരി പറഞ്ഞൊപ്പിച്ച ഒരു കാലത്ത് നിന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പദത്തിലേക്കും നിയമസഭാംഗത്തിലേക്കും വളർന്നതാണ് ജമീലയുടെ രാഷ്ട്രീയ ജീവിതം. 30 വര്‍ഷം മുമ്പ് കൈയും കാലും വിറച്ച് വിയര്‍ത്തൊലിച്ച് വേദിയില്‍ നിന്നിറങ്ങി വന്ന വെറുമൊരു വീട്ടമ്മയല്ലായിരുന്നു പിന്നീട് അവര്‍.

ത്രിതല സംവിധാനത്തില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തിന്‍റെയും ബ്ലോക് പഞ്ചായത്തിന്‍റെയും ജില്ലാ പഞ്ചായത്തിന്‍റെയും പ്രസിഡന്‍റ് സ്ഥാനത്തത്തെിയ വനിത എന്ന നേട്ടവും കാനത്തില്‍ ജമീല സ്വന്തമാക്കി. നാല് തെരഞ്ഞെടുപ്പുകളിലായി തുടര്‍ച്ചയായി 20 വര്‍ഷക്കാലം ജനപ്രതിനിധിയായ റെക്കോഡും ജമീലക്കാണ്.


പഞ്ചായത്തീരാജ് നഗരപാലിക നിയമത്തിന്‍റെ ഭാഗമായി 1995ല്‍ ത്രിതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും 33 ശതമാനം വനിതാ സംവരണവും വന്നതാണ് ജമീലയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ മത്സരിക്കണമെന്ന നിര്‍ദേശവുമായത്തെിയത് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും കുടുംബ സുഹൃത്തുമായ കെ.പി. കോയാമുക്കയാണ്. ഭര്‍ത്താവ് അബ്ദുറഹ്മാന്‍ പിന്തുണച്ചതോടെ ഒരുകൈ നോക്കാന്‍ തീരുമാനിച്ചു.

അപ്പോഴും വെറുമൊരു മെംബര്‍ മാത്രമാവുമെന്നേ കരുതിയുള്ളൂ. തെരഞ്ഞെടുപ്പ് ഫലമെല്ലാം വന്നതിനുശേഷം അന്നത്തെ പാര്‍ട്ടി ഏരിയാ സെക്രട്ടറി വി.എം. ശ്രീധരനാണ് പ്രസിഡന്‍റാക്കാന്‍ പാര്‍ട്ടി തീരുമാനിച്ച വിവരം അറിയിച്ചത്. അതുകേട്ടപ്പോള്‍ തനിക്കൊന്ന് ഉറക്കെ കരയാനാണ് തോന്നിയതെന്ന് ജമീല. ഭരണസമിതി അധികാരമേറ്റ് മാസങ്ങള്‍ക്കകം ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിക്കുക കൂടി ചെയ്തതോടെ അക്ഷരാര്‍ഥത്തില്‍ വെള്ളംകുടിച്ചു.


പക്ഷേ, പാര്‍ട്ടിയും ജനങ്ങളും വിശ്വസിച്ചേല്‍പിച്ച ഉത്തരവാദിത്തം വഴിയിലിട്ടുപോകാന്‍ സന്നദ്ധമായിരുന്നില്ല അവര്‍. അക്ഷരം പഠിക്കുന്ന കുട്ടിയെപ്പോലെ ഭരണനിര്‍വഹണത്തിലെ സാങ്കേതികവും നിയമപരവുമായ കാര്യങ്ങള്‍ ഡയറിയില്‍ കുറിച്ചെടുത്ത് സ്വായത്തമാക്കി. അന്നത്തെ പഞ്ചായത്ത് സെക്രട്ടറി ജോര്‍ജ് ഇക്കാര്യത്തില്‍ ഏറെ സഹായിച്ചുവെന്ന് അവര്‍ ഓര്‍ക്കുന്നു.

പാര്‍ട്ടിയും ഭരണസമിതിയിലെ മറ്റ് അംഗങ്ങളുമെല്ലാം ഒപ്പം നിന്നപ്പോള്‍ വിറയലെല്ലാം പടികടന്നു. പേരുദോഷമൊന്നുമുണ്ടാക്കാതെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ജനറല്‍ വാര്‍ഡില്‍ മത്സരിക്കാന്‍ അവസരം നല്‍കിയാണ് പാര്‍ട്ടി അംഗീകരിച്ചത്. അത്തവണ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയായി. 2005ല്‍ ചേളന്നൂര്‍ ബ്ലോക് പഞ്ചായത്തിലേക്കായിരുന്നു നിയോഗം. തുടര്‍ന്നുള്ള അഞ്ച് വര്‍ഷം ബ്ലോക് പ്രസിഡന്‍റ് പദത്തില്‍.


2010ല്‍ അത്തോളി ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്കും പിന്നെ പ്രസിഡന്‍റ് സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഒറ്റ സീറ്റിന്‍റെ ബലത്തില്‍ അധികാരത്തിലത്തെിയ എല്‍.ഡി.എഫിന് ജില്ല പഞ്ചായത്ത് ഭരണം വലിയ വെല്ലുവിളിയാകുമെന്നാണ് ഏവരും കരുതിയതെങ്കിലും കാറ്റിലും കോളിലുംപെടാതെ അവര്‍ വഞ്ചി കരക്കടുപ്പിച്ചു. കുടുംബത്തിലെ പല സന്തോഷങ്ങളും ഇക്കാലയളവില്‍ മിസ് ചെയ്തപ്പോള്‍ മറ്റുപല കുടുംബങ്ങളുടെയും സന്തോഷത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞത് പൊതുപ്രവര്‍ത്തനത്തിലെ നേട്ടമായി ജമീല ഹൃദയത്തില്‍ സൂക്ഷിച്ചു.

ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് കൊച്ചുകുട്ടിയായിരുന്ന മകള്‍ അനൂജ ഇതിനിടയില്‍ കുടുംബിനിയായി. വിദേശത്ത് ജോലി ചെയ്യുന്ന മൂത്തമകന്‍ ഐറിജ് റഹ്മാന്‍. 2020ൽ രണ്ടാം തവണയും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെത്തി. പിന്നീട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു.


ത്രിതല പഞ്ചായത്തുകളിലെ പ്രവർത്തന പരിചയുമായാണ് കാനത്തിൽ ജമീല 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ 8,472 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ജമീല കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എൻ. സുബ്രഹ്മണ്യൻ ആയിരുന്നു യു.ഡി.എഫ് സ്ഥാനാർഥി.

Show Full Article
TAGS:kanathil jameela CPM LDF koyilandy constituency koyilandy Latest News 
News Summary - Kanathil Jameela MLA, with the strength of her experiences
Next Story