കൊടി നൽകാൻ കൃപ സ്റ്റേഡിയത്തിലുണ്ടാകും; അർജൻറീനക്കായി പ്രാർഥനയോടെ
text_fieldsലോകകപ്പ് ഫുട്ബാൾ മത്സരം കാണാനെത്തുന്നവർക്ക് കൊടികൾ നൽകുന്ന
കൃപ സുജിത്ത്
ചെറുതുരുത്തി: ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ ഫൈനലിൽ അർജൻറീന, ഫ്രാൻസ് ടീമുകളുടെ കൊടികൾ കാണികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന തിരക്കിലായിരിക്കും പാഞ്ഞാൾ സ്വദേശി കൃപ. 17 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന കൃപ സുജിത്തിന് ലോകകപ്പ് നൽകിയത് ജീവിതത്തിൽ എന്നും ഓർക്കാവുന്ന മധുരമൂറും നിമിഷങ്ങളാണ്.
ലോകകപ്പ് ഖത്തറിൽ വരുന്നുണ്ട് എന്നറിഞ്ഞതോടെ ജോലിക്കായി അപേക്ഷ നൽകുകയായിരുന്നു. മെസ്സിയെയും അർജൻറീന താരങ്ങളെയും കാണാൻ വേണ്ടി മാത്രമാണ് ഈ ജോലി തെരഞ്ഞെടുത്തതെന്ന് ചെറുതുരുത്തി പാഞ്ഞാൾ കൈപ്പഞ്ചേരി മനയിൽ ലക്ഷ്മി നാരായണന്റെയും ഹേമലതയുടെയും മകളായ കൃപ പറഞ്ഞു.
വിവിധ മത്സരങ്ങളിലായി 20ഓളം ടീമുകളുടെ കൊടി കാണികൾക്ക് നൽകാനായി. സ്റ്റേഡിയത്തിൽ സജ്ജീകരിച്ച ബൂത്തുകളിൽ ആറുമണിക്കൂർ മുമ്പ് കൊടി എത്തിക്കണം. തുടർന്ന് വേർതിരിച്ച് എണ്ണി തിട്ടപ്പെടുത്തും. മത്സരം തുടങ്ങുന്നതിന്റെ മൂന്നുമണിക്കൂർ മുമ്പാണ് കാണികൾക്ക് ഇത് കൈമാറുക. അർജൻറീനയുടെ ആരാധിക കൂടിയാണ് കൃപ.
ഇഷ്ട ടീം ലോകകപ്പ് നേടണേ എന്ന പ്രാർഥനയോടെയായിരിക്കും ഞായറാഴ്ച കൊടി നൽകുക. കളിക്കാരുടെ കൊടി കൈകാര്യം ചെയ്യുന്നതു കൊണ്ട് ഇത്രയും ദിവസം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ അനുവാദം ഉണ്ടായിരുന്നില്ല. ഫൈനലായതോടെയാണ് അനുവാദം ലഭിച്ചത്. ജീവിതത്തിലെ വലിയൊരു അഭിലാഷമാണ് മെസ്സിയോടൊപ്പം ഒരു ഫോട്ടോ എടുക്കുക എന്നത്. ആ സ്വപ്നം സഫലമാകണേ എന്ന പ്രാർഥനയിലാണ് കൃപ. ഭർത്താവ് സുജിത്ത്. ഏക മകൾ അക്ഷജ.