തയ്യൽ കൂട്ടായ്മയുടെ വിജയഗാഥ
text_fieldsതയ്യൽ യൂനിറ്റിൽ രസിക കൂട്ടായ്മയുടെ അംഗങ്ങൾ
കുന്ദമംഗലം: പുതുസംരംഭങ്ങൾ തുടങ്ങുമ്പോൾ കൂട്ടായ്മകൾ വളരെ ഫലപ്രദമാണെന്നു തെളിയിച്ചിരിക്കുകയാണ് കുന്ദമംഗലത്തെ കുടുംബശ്രീ അംഗങ്ങളുടെ ‘രസിക വനിത കൂട്ടായ്മ’. തയ്യൽ മേഖലയിലാണ് ഈ കൂട്ടായ്മ കരുത്തു തെളിയിച്ചത്. മൂന്നു വർഷം മുമ്പാണ് തുടക്കം.
ചെത്തുകടവിൽ വീട് വടകക്കെടുത്താണ് തയ്യൽ യൂനിറ്റ് ആരംഭിക്കുന്നത്. ആദ്യം കുന്ദമംഗലം പഞ്ചായത്തിലെ സി.ഡി.എസിൽ രജിസ്റ്റർ ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽനിന്ന് 2.35 ലക്ഷം രൂപ സംരംഭത്തിന് ലഭിച്ചു. അഞ്ചംഗങ്ങളുള്ള കൂട്ടായ്മ ബാക്കി 50,000 രൂപയും കൂടി മുടക്കി അഞ്ചു തയ്യൽ മെഷീനും മറ്റു അനുബന്ധ സാധനങ്ങളും വാങ്ങിയാണ് സംരംഭം തുടങ്ങുന്നത്.
മാക്സികളാണ് പ്രധാനമായും തയ്ക്കുന്നത്. അതിന്റെ തുണികളും ഇവരുടെ അടുത്തുണ്ട്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അംഗം ജിഷ ചോലക്കമണ്ണിലാണ് യൂനിറ്റിന്റെ പ്രസിഡന്റ്. നാട്ടിലെ എല്ലാ വീടുകളിലും ഇവർ തയ്ച്ച മാക്സികൾ എത്തിക്കുന്നുണ്ട്. കൃത്യമായ അളവിലും ഗുണമേന്മയുള്ള തുണിയിലും മാക്സികൾ തയ്ക്കുന്നതിനാൽ ഇപ്പോൾ ആവശ്യക്കാർ കൂടുന്നുണ്ട്.
കോവിഡ് കാലത്തായിരുന്നു സംരംഭത്തിന്റെ തുടക്കം. ആളുകൾക്ക് പുറത്തുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ഇവരുടെ തയ്യൽ യൂനിറ്റിൽ അന്ന് വമ്പിച്ച തിരക്കായിരുന്നു.
മാക്സികൾ കൂടാതെ ഫ്രോക്കുകൾ, ചുരിദാറുകൾ, അണ്ടർ സ്കർട്ട്, ഫ്രിഡ്ജ് കവറുകൾ തുടങ്ങിയവയും തയ്ക്കാറുണ്ട്. സ്വാതന്ത്ര്യദിനത്തിൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന് പതാകകൾ തയ്ച്ചത് രസിക വനിത കൂട്ടായ്മയാണ്.
ബ്ലോക്ക് പഞ്ചായത്ത് നടത്തിയ എക്സ്പോയിൽ ഇവരുടെ മാക്സികൾ വിൽക്കുന്ന സ്റ്റാളുണ്ടായിരുന്നു. ഓണച്ചന്തകൾ, വിഷുച്ചന്തകൾ എന്നിവയിലും കൂട്ടായ്മയുടെ മാക്സികളും മറ്റു സാധനങ്ങളും വിറ്റിരുന്നു. കഴിഞ്ഞ ഓണച്ചന്തയിൽ ഏറ്റവും വലിയ കച്ചവടം നടത്തിയ ടീം ഇവരാണ്.
സീസണുകളിൽ ഇവർ തന്നെയുണ്ടാക്കുന്ന പട്ടച്ചൂലുകളും വിൽക്കാറുണ്ട്. വോയിൽ സാരികൾ, കള്ളിമുണ്ടുകൾ, അടിവസ്ത്രങ്ങൾ എന്നിവയും വിൽക്കുന്നുണ്ട്. എല്ലാ മാസവും വരവുചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യും. മാക്സികൾ തയ്ക്കുന്നതിനുള്ള തുണിത്തരങ്ങൾ ഹോൾസെയിൽ കടയിൽ നിന്നുമെടുക്കാറാണ്.
ഭർത്താക്കന്മാരും ഇതിനായി ഇവരെ സഹായിക്കാറുണ്ട്. സ്ഥിരമായി ഇവരുടെ മാക്സികൾ ഉപയോഗിക്കുന്നവർ വീണ്ടും വിളിച്ച് ഓർഡറുകൾ നൽകാറുണ്ടെന്ന് പ്രസിഡന്റ് ജിഷ ചോലക്കമണ്ണിൽ പറയുന്നു. അഞ്ചു കുടുംബങ്ങൾ കഴിഞ്ഞുപോകാനുള്ള ചെലവ് ഇതിൽനിന്ന് ലഭിക്കുന്നുണ്ടെന്നാണ് ഇവർ പറയുന്നത്.
ആത്മവിശ്വാസവും ഊർജസ്വലതയും റിസ്കെടുക്കാനുള്ള തന്റേടവുമാണ് സംരംഭത്തിന്റെ വിജയരഹസ്യം. കഴിവും സ്ഥിരോത്സാഹവുമുള്ളവർക്ക് സ്വന്തമായി സംരംഭങ്ങൾ തുടങ്ങാമെന്നും അതുവഴി സ്വയം തൊഴിൽ നേടുകയും മറ്റുള്ളവർക്ക് തൊഴിൽ നൽകാൻ കഴിയുമെന്നും ഈ വനിത കൂട്ടായ്മ തെളിയിച്ചു.
കുന്ദമംഗലം അങ്ങാടിയിൽ ഒരു കട തുറക്കുകയെന്നതാണ് ഇവരുടെ അടുത്ത ലക്ഷ്യം. കൂട്ടായ്മയുടെ സെക്രട്ടറി സ്മിത തട്ടാരക്കലാണ്. രാധിക ഇരട്ടൊടികയിൽ, അനില കൂരയിൽ, സുഷമ ലക്ഷ്മി മാധവം എന്നിവരാണ് മറ്റംഗങ്ങൾ.


