Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightചിരിയാണ്...

ചിരിയാണ് അന്നാമ്മച്ചേടത്തിയുടെ ചിഹ്നം

text_fields
bookmark_border
vote
cancel
camera_alt

അന്നാമ്മ ചാക്കോ

കോട്ടയം: തെരഞ്ഞെടുപ്പുകാലമാണ്. വട്ടത്തിലും നീളത്തിലുമൊക്കെ ചിരിച്ച് സ്ഥാനാർഥികൾ വീട്ടിലേക്ക് കയറിവരുന്ന കാലം. കോട്ടയം മള്ളൂശ്ശേരി തൈക്കാട്ടിൽ അന്നാമ്മ ചാക്കോ എന്ന 104കാരിക്ക് ചിരിക്കാൻ തെരഞ്ഞെടുപ്പൊന്നും വേണ്ട. റോഡരികിലുള്ള തൈക്കാട്ടിൽ വീടിന്‍റെ ഉമ്മറത്ത് പല്ലില്ലാത്ത മോണയുംകാട്ടി ഈ ചിരി എന്നും ഹാജർ. ആ ചിരിയിൽ വീഴാതെ ആരും അതുവഴി കടന്നുപോകാറില്ല. അതുകൊണ്ടുതന്നെ നാട്ടുകാർക്ക് ‘തൈക്കാട്ടെ അന്നാമ്മച്ചേടത്തി’ പ്രിയങ്കരിയാണ്.

വണ്ടി പെയിന്‍റിങ് പണിക്കാരനായ ചാക്കോയുടെ ഭാര്യയായി 14ാം വയസ്സിൽ കുമരകം ചെങ്ങളത്തുനിന്ന് കോട്ടയത്തെത്തിയ അന്നാമ്മക്ക് കഥകളേറെയാണ് പറയാൻ. 175 രൂപ സ്ത്രീധനവും നിറയെ സ്വർണവുമിട്ടാണ് അന്നാമ്മ 19കാരനായ ചാക്കോക്കൊപ്പം പോന്നത്. അന്ന് സ്വർണം പവന് 23 രൂപയായിരുന്നു. വീട്ടിൽ ചെറിയ കുട്ടികളെ നോക്കുന്ന പണിയുണ്ടായിരുന്നതിനാൽ പള്ളിക്കൂടം കാണാൻ പറ്റിയിട്ടില്ല.

കല്യാണം കഴിഞ്ഞപ്പോൾ ആദ്യം ചെയ്തത് പശു വളർത്തലായിരുന്നു. പരിപാലനവും കറവയുമെല്ലാം ഒറ്റക്ക് ചെയ്തു. പിന്നീട് ഓല മെടഞ്ഞ് വിൽപന ആരംഭിച്ചു. ഓല വിറ്റ് പേരക്കുട്ടികൾക്കെല്ലാം കല്യാണത്തിന് ഒരുപവൻ വീതം സ്വർണം വാങ്ങിക്കൊടുത്തു. ഓലക്ക് ആവശ്യക്കാർ കുറഞ്ഞതോടെ ഏറെക്കാലം ഈർക്കിലിച്ചൂൽ ഉണ്ടാക്കി വിറ്റു. ചട്ടയും മുണ്ടും മാത്രമാണ് ഇക്കാലംവരെ ധരിച്ചിരുന്നത്. വയ്യാതായതോടെ മക്കളുടെ നിർബന്ധപ്രകാരം ഒരുവർഷമായി നൈറ്റിയിലേക്ക് മാറി.

ജനിച്ചിട്ടിന്നുവരെ ചെരിപ്പ് ഉപയോഗിച്ചിട്ടില്ല. നാലുമക്കളെ പ്രസവിച്ചത് വീട്ടിലായിരുന്നു. ഒരാവശ്യത്തിനും ആശുപത്രിയിൽ പോയില്ല. അക്ഷരം വായിക്കാനറിയില്ലെങ്കിലും കണ്ടുപരിചയംവെച്ച് ബസിന്‍റെ ബോർഡ് തിരിച്ചറിയും. അടുത്തിടെ വരെ ബസിൽ പള്ളിയിൽ പോകുമായിരുന്നു. കാതിലിപ്പോഴും ക്രിസ്ത്യൻ സമുദായത്തിന്‍റെ പരമ്പരാഗത ആഭരണമായ കുണുക്കുണ്ട്. പണ്ട് കുണുക്കിന്‍റെ വലിപ്പം നോക്കിയാണ് സാമ്പത്തികസ്ഥിതി അളക്കുക.

കല്യാണസമയത്ത് ഉണ്ടായിരുന്ന ഒന്നരപ്പവന്‍റെ കുണുക്ക് പൊട്ടിയ ശേഷം, അമ്മൂമ്മ അണിഞ്ഞിരുന്ന ചെറിയ കുണുക്കാണ് ഇപ്പോൾ കാതിലുള്ളത്. രാഷ്ട്രീയത്തെക്കുറിച്ച് വലിയ പിടിപാടില്ല. കോൺഗ്രസ് അനുഭാവിയായ ഭർത്താവ് പറയുന്ന ആൾക്ക് വോട്ട് ചെയ്യുന്നതാണ് ശീലം. 93ാം വയസ്സിലാണ് അദ്ദേഹം മരിച്ചത്. സംസാരിക്കാൻ ആളെ കിട്ടുന്നതാണ് അന്നാമ്മയുടെ ഏറ്റവും വലിയ സന്തോഷം. കുട്ടികളാണെങ്കിൽ പിന്നെ ചിരിമേളമാണ്.

1922 ആഗസ്റ്റ് 15നാണ് ജനനം. സ്വാതന്ത്ര്യദിനത്തിനൊപ്പം നാട് അന്നാമ്മച്ചേടത്തിയുടെ പിറന്നാളുമാഘോഷിക്കാറാണ് പതിവ്. കെ.എസ്.ആർ.ടി.സി ഡ്രൈവറായി വിരമിച്ച മകൻ സണ്ണിക്കും ഭാര്യ സാലിക്കുമൊപ്പമാണ് താമസം. ടി.സി. മോളി, ടി.സി. മാത്യു, ടി.സി. തോമസ് എന്നിവരാണ് മറ്റ് മക്കൾ.

Show Full Article
TAGS:Kerala Local Body Election voters 104-yr-old woman Kottayam 
News Summary - Laughter is the symbol of Annamachedathi
Next Story