Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightവനിതകളെ...

വനിതകളെ നേതൃനിരയിലേക്ക് നയിക്കാൻ ‘ലീഡർഷിപ്പ്’ കാമ്പയിൻ

text_fields
bookmark_border
വനിതകളെ നേതൃനിരയിലേക്ക് നയിക്കാൻ ‘ലീഡർഷിപ്പ്’ കാമ്പയിൻ
cancel
camera_alt

മാധ്യമവും മലബാർ ഗോൾഡ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന “ലീഡർഷിപ്പ്” പദ്ധതിയുടെ ഉദ്ഘാടനം മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദും മാധ്യമം ഓപറേഷൻസ് എഡിറ്റർ പി.എ. അബ്ദുൽ ഗഫൂറും ചേർന്ന് നിർവഹിക്കുന്നു. മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡ‍യറക്ടർ ഒ. അഷർ, മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എ.കെ. നിഷാദ്, മാധ്യമം റിജ്യനൽ മാനേജർ ടി.സി. റഷീദ്, മാധ്യമം ബിസിനസ് സൊലൂഷൻസ് കൺട്രി ഹെഡ് കെ. ജുനൈസ് എന്നിവർ സമീപം

കോഴിക്കോട്: വനിതകളെ സമൂഹത്തിന്‍റെ നേതൃ നിരയിലേക്ക് നയിക്കാൻ മാധ്യമം കുടുംബവും മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്‌സും കൈകോർക്കുന്ന ‘ലീഡർഷിപ്പ്’ കാമ്പയിന് തുടക്കമാകുന്നു. പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും കോഴിക്കോട് മൊണ്ടാന എസ്റ്റേറ്റിലെ മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്‌സ് ആസ്ഥാനത്ത് ചെയർമാൻ എം.പി അഹമ്മദും മാധ്യമം ഓപറേഷൻസ് എഡിറ്റർ പി.എ. അബ്ദുൽ ഗഫൂറും ചേർന്ന് നിർവഹിച്ചു. സമൂഹത്തിൽ വനിതകൾ നേരിടുന്ന വെല്ലുവിളികളെയും അവരുടെ അവകാശങ്ങളെയും കുറിച്ച്​ സ്​ത്രീസമൂഹത്തെ ബോധവത്​കരിക്കുകയും അവർക്ക്​ വേണ്ട പിന്തുണയും സഹായവും പരിശീലനവും നൽകുകയുമാണ് കാമ്പയി​നിന്റെ ലക്ഷ്യം.


സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും സമൂഹത്തിൽ സ്ത്രീകളുടെ അവസ്ഥയും അവരെക്കുറിച്ചുള്ള ധാരണകളും ഇനിയും ഒരുപാട് മാറേണ്ടതുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. ഒരുനല്ല സമൂഹത്തെ വാർത്തെടുക്കുന്നതിൽ സ്ത്രീകൾക്ക് നിർണായക പങ്കുണ്ട്. അത് ഫലപ്രാപ്തിയിലെത്തണമെങ്കിൽ സ്ത്രീകൾക്ക് അറിവും സാമ്പത്തിക സ്വയംപര്യാപ്തയും അത്യാവശ്യമാണ്. സ്ത്രീയും പുരുഷനും വരുമാനമുണ്ടെങ്കിലേ ഇന്ന് കുടുംബ ജീവിതം സുഗമമായി മുന്നോട്ടു പോകൂ. തങ്ങളുടെ ഉപഭോക്താക്കളിൽ വലിയൊരു വിഭാഗം സ്ത്രീകളാണ്. അത്കൊണ്ടുതന്നെ ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നത് അവർക്ക് ഗുണകരമായ രീതിയിൽ തിരിച്ചുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലും സമൂഹത്തിലും പുരുഷന്മാരേക്കൾ കൂടുതൽ നേതൃപരമായ പങ്കുവഹിക്കാൻ സ്ത്രീകൾക്ക് കഴിയും.

“ലീഡർഷിപ്പ്” പദ്ധതിയുടെ ലോഗോ പ്രകാശനം നിർവഹിച്ച് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് സംസാരിക്കുന്നു

സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സുരക്ഷിതമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുമുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ കാമ്പയിൻ. സാമൂഹിക പ്രതിബദ്ധതയോടെ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ആഗോളതലത്തിൽ പ്രാവർത്തികമാക്കി പോരുന്ന പദ്ധതികളുടെ തുടർച്ചയാണ് ഈ പദ്ധതിയെന്നും എം.പി അഹമ്മദ് കൂട്ടിച്ചേർത്തു.

കാമ്പയിനിന്റെ ഭാഗമായി വനിതാ സുരക്ഷ, ശാക്​തീകരണം എന്നീ വിഷയങ്ങളിൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത കോളജ്, സർവകലാശാല കാമ്പസുകളിൽ സെമിനാറുകളും ചർച്ചകളും നടത്തും. കൂടാതെ സ്​ത്രീ ശാക്​തീകരണ, ബോധവത്​കരണ പരിപാടികളും സംഘടിപ്പിക്കും. പരിപാടിയിൽ മാധ്യമം റീജ്യനൽ മാനേജർ ടി.സി റഷീദ് അധ്യക്ഷത വഹിച്ചു. മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡ‍യറക്ടർ ഒ. അഷർ, മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എ.കെ നിഷാദ്, മാധ്യമം ബിസിനസ് സൊലൂഷൻസ് കൺട്രി ഹെഡ് കെ. ജുനൈസ് എന്നിവർ പങ്കെടുത്തു.

Show Full Article
TAGS:LeadHERship Malabar Gold and Diamonds Madhyamam 
News Summary - 'LeadHERship' campaign by Madhyamam Kudumbam and Malabar Gold and Diamonds
Next Story