ദുരിതമീ ജീവിതം... തുടരുമീ ജീവിതം’
text_fieldsപത്തനാപുരം: പ്രായം തളർത്താത്ത മനോവീര്യമാണ് ജഗദമ്മയുടെ കരുത്ത്. ജീവിതത്തോട് പടവെട്ടാൻ തുടങ്ങിയിട്ട് 68 വർഷമായി. തന്റെ 12ാം വയസ്സിൽ അമ്മയുടെ മരണത്തോടെ, പപ്പടംപരത്തി തുടങ്ങിയതാണ്. ഓർമകൾ പങ്കുവെക്കുമ്പോൾ ആ കണ്ണുകളിൽ തെളിയുന്നുണ്ടായിരുന്നു ഭാഗ്യംകെട്ട ജീവിതത്തിന്റെ നിഴലാട്ടം. പിടവൂരിലെ വാടകവീട്ടിൽ ശങ്കരപിള്ള -ജാനകി ദമ്പതികളുടെ അഞ്ചുമക്കളിൽ രണ്ടാമത്തെ മകളായാണ് ജഗദമ്മയുടെ ജനനം. 12ാം വയസ്സിൽ അമ്മയുടെ മരണം,16ാം വയസ്സിൽ വിവാഹം. അന്ന് മുതൽ തുടങ്ങിയതാണ് പരമ്പരാഗതമായുള്ള പപ്പടം ഉണ്ടാക്കൽ.
ബാല്യം, കൗമാരം, യൗവനം, വാർധക്യം തുടങ്ങി എല്ലാഘട്ടവും ജീവിതത്തോടുള്ള പോരാട്ടമായിരുന്നു. ജഗദമ്മക്കും അഞ്ച് മക്കളാണ്. എല്ലാവരെയും പഠിപ്പിച്ച് വലുതാക്കി. ഭർത്താവ് ഗോപാലന്റെ മരണത്തോടെ എല്ലാ പ്രാരാബ്ധങ്ങളും ജഗദമ്മയിലേക്ക് ആയി. കടം വാങ്ങിയും വായ്പഎടുത്തും മക്കളെ വിവാഹം ചെയ്തുവിട്ടു. മൂന്നാമത്തെ മകൾ ഋഷിയാണ് ഇപ്പോൾ അമ്മക്ക് കൂട്ട്. ഋഷിയുടെ ഭർത്താവ് രോഗബാധിതനായതോടെ ജഗദമ്മക്ക് കച്ചവടം ഉപേക്ഷിക്കാൻ പറ്റിയില്ല. ജീവിതത്തിന്റെ നല്ലൊരു ഭാഗവും പപ്പടം പരത്തിയും അത് മാർക്കറ്റിൽ എത്തിച്ച് വിൽപന നടത്തിയും ജീവിതം നടത്തുകയാണ് ജഗദമ്മ. ഏകദേശം ആറ് പതിറ്റാണ്ട് കാലമായി പത്തനാപുരം മാർക്കറ്റുമായി ജഗദമ്മക്ക് ബന്ധമുണ്ട്. പഴയ മാർക്കറ്റ് പൊളിച്ചുമാറ്റിയെങ്കിലും കച്ചവടം ഉപേക്ഷിക്കാൻ ജഗദമ്മ തയാറായില്ല.
ഇപ്പോൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ബസ് പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്ത് പൊരിവെയിലിൽ ടാർപൊളിൻ വലിച്ചുകെട്ടിയുണ്ടാക്കിയ കടക്കുള്ളിൽ ജഗദമ്മയുണ്ട്. ഇനിയും സ്വന്തമായി ഒരു കൂരയുണ്ടാക്കാൻ ജഗദമ്മക്ക് ആയിട്ടില്ല. രണ്ടു വർഷം മുമ്പ് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. ഓഫിസുകൾ കയറിയിറങ്ങാനുള്ള ബുദ്ധിമുട്ട് കാരണം അത് വേണ്ടെന്നുവെച്ചു.
വർഷങ്ങളായുള്ള തുഴച്ചിലാണ്, ഇനിയും കരക്ക് അടുക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെയിരുന്നു മരിക്കണം. അതാണെന്റെ ആഗ്രഹമെന്ന് ജഗദമ്മ പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. ഒരുപാട് സ്വപ്നങ്ങൾ ഒന്നുമില്ല, മക്കളൊക്കെ നന്നായിരിക്കട്ടെ എന്ന് മാത്രമാണ് പ്രാർഥന. ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടിയുള്ള ജഗദമ്മയുടെ ജീവിത കഥ തുടരുകയാണ്, ആരോടും പരാതിയും പരിഭവവുമില്ലാതെ.


