ഇങ്ങനെയൊരു പെൺ പക്ഷി............
text_fieldsസുധ ചന്ദ്രൻ
കാടിനെ തൊട്ടറിഞ്ഞ, കാട്ടിലെ പക്ഷിമൃഗാദികളെ കണ്ടറിഞ്ഞ, കാടിന്റെ സ്പന്ദനം അനുഭവിച്ചറിഞ്ഞൊരു പെൺപക്ഷി. എറണാകുളം കോതമംഗലത്തിനടുത്ത് ഡോ. സാലിം അലിയുടെ പേരിലുള്ള തട്ടേക്കാട് പക്ഷിസങ്കേതത്തിലെ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള പക്ഷിനിരീക്ഷക സുധ ചന്ദ്രനെ ഇങ്ങനെ വിശേഷിപ്പിക്കാം. ഈ പക്ഷിസങ്കേതത്തിനു മുന്നിലുണ്ടായിരുന്ന കൊച്ചു ചായക്കടയിൽ ചായ വിറ്റു തുടങ്ങിയ സുധയുടെ ജീവിതം ഇന്ന് തട്ടേക്കാടെത്തുന്ന നിരവധി വിദേശികളുൾപ്പെടുന്ന പക്ഷിനിരീക്ഷകർക്ക് വഴികാട്ടിയായും സുഹൃത്തായും മുന്നോട്ടുനീങ്ങുകയാണ്. ഇതിനിടെ ജീവിതത്തിൽ പലതവണ ഉയർച്ച താഴ്ചകളുണ്ടായി. ദുരിതാനുഭവങ്ങളെ അതിജീവിക്കേണ്ടി വന്നു. അപ്പോഴെല്ലാം സുധാമ്മയുടെ കരുത്ത് പ്രകൃതിയോടുള്ള പ്രണയവും വിശ്വാസവുമായിരുന്നു.
കിളികളെ അറിഞ്ഞ്, കാൽ നൂറ്റാണ്ടിലേറെ
മൂവാറ്റുപുഴ ആയവനയിൽ ജനിച്ച സുധ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോഴാണ് തട്ടേക്കാട് കുമ്പളക്കുടിയിൽ ചന്ദ്രനെ വിവാഹം കഴിക്കുന്നത്. തട്ടേക്കാട് പക്ഷിസങ്കേതത്തിനു സമീപം ചന്ദ്രൻ നടത്തിയിരുന്ന ചായക്കടയിൽ സഹായത്തിനു നിൽക്കുകയായിരുന്നു ആദ്യകാലത്ത് സുധ. 1989ൽ അപ്രതീക്ഷിതമായുണ്ടായ ഭർത്താവിന്റെ മരണം അവരെ ആകെ ഉലച്ചു. തന്നെ ആശ്രയിച്ചുനിൽക്കുന്ന രണ്ട് കുട്ടികളുണ്ട്. അവരെ പോറ്റാനായി സങ്കടങ്ങൾക്കിടയിലും അവർ ആ ചായക്കടയിലേക്ക് തിരിച്ചുനടന്നു. ഒപ്പം തട്ടേക്കാടെ ഗവ. യു.പി സ്കൂളിലെ സ്വീപ്പർ ജോലിയും ലഭിച്ചു. അന്ന് അവിടെയുണ്ടായിരുന്ന ഏക ഭക്ഷണശാലയായതിനാൽ പക്ഷിസങ്കേതത്തിലേക്കെത്തുന്ന സഞ്ചാരികൾക്കുൾപ്പെടെ ചായയും പലഹാരവുമെല്ലാം ക്യാമ്പിലേക്ക് എത്തിച്ചുകൊടുക്കുന്നത് സുധയായിരുന്നു. അങ്ങനെ ചായയുമായി എത്തുമ്പോൾ അങ്ങിങ്ങായി കേൾക്കുന്ന ക്ലാസുകളെപ്പോഴോ ഉള്ളിൽ കയറി.
പക്ഷികളോടും പ്രകൃതിയോടുമുള്ള അവരുടെ ഇഷ്ടം തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചത് പക്ഷിനിരീക്ഷകനും സങ്കേതത്തിന്റെ ചുമതലക്കാരനുമായ ഡോ. ആർ. സുഗതനാണ്. അദ്ദേഹം പക്ഷികളെക്കുറിച്ച് പറഞ്ഞും പഠിപ്പിച്ചും കൊടുത്തു, ഒപ്പം നടന്ന് ആ കാടിനെ പരിചയപ്പെടുത്തി. അങ്ങനെ പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന സുധ കാട്ടിലേക്കിറങ്ങി. വളരെ വേഗത്തിൽ ആ കാടിന്റെ താളവും സംഗീതവും തിരിച്ചറിഞ്ഞു. കേരളത്തിലെ ലൈസൻസുള്ള ഏക വനിത ഗൈഡ് എന്ന നേട്ടവും പ്രിയപ്പെട്ടവരുടെ സുധാമ്മ സ്വന്തമാക്കി. ദിനേന നിരവധി സഞ്ചാരികളാണ് സുധാമ്മക്കൊപ്പം തട്ടേക്കാടിനെ കണ്ടറിയുന്നത്. സങ്കേതത്തിനടുത്തായി ഇവർ അതിഥികൾക്കു വേണ്ടി ഹോം സ്റ്റേയും നടത്തുന്നുണ്ട്.
ഇന്ന് 330 ഓളം ഇനം പക്ഷികളെക്കുറിച്ച് ഇവർക്കറിയാം. ഈ പ്രദേശത്തു തന്നെയുള്ളവ ഏതാണെന്നും പുറംനാടുകളിൽനിന്ന് ദേശാടനം ചെയ്യുന്നവ ഏതാണെന്നും എപ്പോൾ തിരിച്ചുപോകുമെന്നുമെല്ലാം അറിയാം. ഈ കിളികളുടെ ജീവിതരീതികളും ആവാസവ്യവസ്ഥയും ഇണ ചേരും കാലവുമുൾപ്പെടെ സകലകാര്യങ്ങളും ഈ 70കാരിക്ക് ഹൃദിസ്ഥമാണ്. പുറംനാടുകളിൽ നിന്നെത്തുന്നവരിലൂടെ പതിയെ പതിയെ അവരുടെ ഭാഷ കേട്ടും പറഞ്ഞും പഠിച്ചു. ഇപ്പോൾ ഇംഗ്ലീഷ്, തമിഴ് ഉൾപ്പെടെ വിവിധ ഭാഷകൾ ഒഴുക്കോടെ സംസാരിക്കും. ഫ്രഞ്ച് ഉൾപ്പെടെ കേട്ടാൽ മനസ്സിലാകും. അതിഥികളെയെല്ലാം ഏറെ സ്നേഹത്തോടെയാണ് ഇവർ സ്വീകരിക്കുന്നത്. ഇതിനിടെ കാറും ഇരുചക്ര വാഹനവുമുൾപ്പെടെ ഓടിക്കുന്നതിൽ വൈദഗ്ധ്യം നേടി. തട്ടേക്കാട് സങ്കേതത്തിലെ തടാകത്തിൽ സഞ്ചാരികളുമായി ബോട്ടിങ്ങും കയാക്കിങ്ങുമെല്ലാം ചെയ്യുന്നതിലും ഇവർ മിടുക്കിയാണ്.
പ്രതിസന്ധികളിൽ പതറാതെ...
2018ലാണ് സെർവിക്കൽ കാൻസർ വില്ലനായി എത്തിയത്. എന്നാൽ, ആ പരീക്ഷണത്തെയും അവർ തളരാത്ത മനസ്സോടെ നേരിട്ടു. 25 റേഡിയേഷനും അഞ്ച് കീമോയുമുൾപ്പെടെ മാസങ്ങളോളം ചികിത്സയിലായിരുന്നു. പത്താം മാസം വീണ്ടും തന്റെ ടെലിസ്കോപ്പും മറ്റുമെടുത്ത് കാട്ടിലേക്കിറങ്ങി. പ്രകൃതിയോടു ചേർന്നുള്ള ജീവിതയാത്രക്കിടെ ഒട്ടേറേ അംഗീകാരങ്ങളും പുരസ്കാരങ്ങളും സുധാമ്മയെ തേടിയെത്തി. സാങ്ച്വറി ഏഷ്യ വൈൽഡ് ലൈഫ് മാഗസിന്റെ വൈൽഡ് ലൈഫ് സർവിസ് അവാർഡ് 2023ൽ നേടി. പി.വി. തമ്പിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ എൻഡോവ്മെന്റ് മാസങ്ങൾക്കു മുമ്പാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സാന്നിധ്യത്തിൽ തന്റെ ഗുരുകൂടിയായ ഡോ. ആർ. സുഗതനിൽനിന്ന് അവർ സ്വീകരിച്ചത്. വനിത കലാ സാഹിതിയുടെ സംസ്ഥാന സാമൂഹിക പ്രതിഭാ പുരസ്കാരം(2022), 2023ലെ വനിത ദിനത്തിൽ സംസ്ഥാന വനിത കമീഷന്റെ ആദരം തുടങ്ങിയവയും സ്വന്തമാക്കി.
കോതമംഗലത്തെ അഭിഭാഷകൻ ഗിരീഷ് ചന്ദ്രൻ, കോട്ടയത്തെ സർക്കാർ ആശുപത്രി നഴ്സായ ശാലിനി ബാബു എന്നിവരാണ് മക്കൾ. ഗിരീഷിന്റെ ഭാര്യ സന്ധ്യ ഗിരീഷും മക്കളായ ഗിരിനന്ദ, ഹിമനന്ദ, ശാലിനിയുടെ ഭർത്താവ് റിട്ട. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ആർ. ബാബു, മക്കളായ ഭാവയാമി ബാബു, അനന്യ ബാബു എന്നിവരടങ്ങുന്നതാണ് സുധാമ്മയുടെ കുടുംബം.
പ്രകൃതിയാണ് എല്ലാം
സുധാമ്മയുടെ വാക്കുകൾ കടമെടുത്താൽ പ്രകൃതിയാണ് മനുഷ്യന്റെ ആരാധനാലയം. ദൈവമെന്നാൽ അവർക്ക് ശക്തിയാണ്. പ്രകൃതിയെയും പൂമ്പാറ്റകളെയും പുല്ലിനെയും പൂക്കളെയും പക്ഷികളെയുമെല്ലാം അവർ ഒരുപോലെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു. ജീവിതാനുഭവങ്ങളിൽനിന്ന് വളരെയധികം പാഠങ്ങൾ സുധ പഠിച്ചെടുത്തിട്ടുണ്ട്. സംസാരത്തിലെല്ലാം ഒരു ഫിലോസഫറുടേതായ തെളിച്ചവും തിളക്കവുമുണ്ട്. ചെറുപ്പത്തിലേ നന്നായി സംസാരിക്കുന്ന ആളായിരുന്നു സുധ. നമ്മുടെ ജീവിതം വളരെ ഹ്രസ്വമാണെന്നും അതിനാൽ ഓരോ നിമിഷവും പ്രകൃതിയെ ചേർത്തുപിടിച്ച്, അർഥപൂർണമായ ജീവിതം നയിക്കണമെന്നും അവർ ഓർമിപ്പിക്കുന്നു.
‘‘പ്രകൃതിയെ സംരക്ഷിക്കുകയാണ് ദൗത്യം. ലോകത്തുടനീളം പ്രകൃതിയെ പല കാരണങ്ങളാൽ മുറിവേൽപിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാൽ ഭാവി തലമുറക്ക് ഈ ലോകത്ത് ജീവിക്കാനാവില്ല. അതിനാൽ, ഇനി വരുന്ന തലമുറക്കു വേണ്ടിയെങ്കിലും നാം പ്രകൃതിയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണം...’’ സുധാമ്മ പറഞ്ഞു നിർത്തുന്നു.