തുടരുകയാണ് മഞ്ജുവിന്റെ വിജയഗാഥ
text_fieldsവിൽപനക്കായി വിത്തുകൾ പാക്കറ്റിലാക്കുന്ന മഞ്ജു
നെടുങ്കണ്ടം: ചരൽ കല്ലുകളാൽ പുല്ലുപോലും മുളക്കാതെകിടന്ന ഭൂമിയെ ജൈവകൃഷിയിലൂടെ സമൃദ്ധിയുടെ വിളനിലമാക്കി മഞ്ജു എന്ന വീട്ടമ്മ. വലിയതോവാള അഞ്ചുമുക്ക് ഉള്ളാട്ട് മാത്യുവിന്റെ ഭാര്യ മഞ്ജു, അച്ചാറ് വിൽപനയിലും ഒരുപടി മുന്നിലാണ്. പലയിടങ്ങളിലും ആർക്കും വേണ്ടാതെ ചക്കയും പപ്പായയുമൊക്കെ പഴുത്ത് നിലത്തുവീണ് ചീഞ്ഞുപോകുമ്പോൾ മഞ്ജു ഒന്നുപോലും ഉപയോഗശൂന്യമാകാൻ അനുവദിക്കാതെ ഇവയെല്ലാം അച്ചാറുകളാക്കി ഭരണികളിൽ നിറക്കുകയാണ്.
ചക്ക, പപ്പായ (കപ്പളങ്ങ) എന്നിവകൊണ്ടാണ് മഞ്ജു അച്ചാർ നിർമിച്ച് ശ്രദ്ധേയയാവുന്നത്. പാമ്പാടുംപാറയിലെ കുടുംബശ്രീ യൂനിറ്റിൽ 2010 മുതൽ മഞ്ജു പ്രവർത്തിക്കുന്നുണ്ട്. വർഷങ്ങളായി ജൈവകൃഷിയിൽ പേരും പെരുമയും അവാർഡുകളും നേടിയ മഞ്ജുവിന്റെ നേതൃത്വത്തിൽ ഇപ്പോൾ മൂല്യവർധിത യൂനിറ്റാണ് പ്രവർത്തിക്കുന്നത്.
സൺഫ്ലവർ ഓയിൽ, പാമോയിൽ, നല്ലെണ്ണ എന്നിവയാണ് അച്ചാറിന് ഉപയോഗിക്കുന്നത്. മുളക് സ്വന്തമായി പൊടിച്ചെടുക്കുകയാണ്. ഇവ മൂന്നുമാസത്തെ ഗാരന്റിയിലാണ് നൽകുന്നതെങ്കിലും ഒരുവർഷം വരെ കേടുകൂടാതെ ഉപയോഗിക്കാനാകും. പപ്പായ അച്ചാറിലേക്ക് തിരിയാൻ പ്രധാന കാരണമുണ്ട്. രണ്ട് ലക്ഷത്തോളം പപ്പായ തൈകൾ കഴിഞ്ഞ പ്രളയകാലത്ത് വിൽക്കാൻ കഴിഞ്ഞില്ല. ഒടുവിൽ അത് സ്വന്തം പുരയിടത്തിൽ പാകേണ്ടിവന്നു.
കുറേ കാട്ടുപന്നി നശിപ്പിച്ചെങ്കിലും പറമ്പ് നിറയെ പപ്പായ ആയപ്പോൾ ആരംഭിച്ചതാണ് അച്ചാറ് വ്യാപാരം. ഒരാഴ്ചയിൽ 10,000 രൂപയുടെ അച്ചാർ കച്ചവടം നടക്കുന്നുണ്ട്. ആവശ്യക്കാർക്ക് കൊറിയറിലും അയച്ചു നൽകുന്നുണ്ട്. ഒരു ചക്ക വിറ്റാൽ കിട്ടുന്നത് പരമാവധി 10 രൂപയാണെങ്കിൽ ആ ഒരു ചക്ക അച്ചാറുണ്ടാക്കിയാൽ 500 രൂപ മുതൽ 1000 രൂപ വരെ കിട്ടുമെന്ന് മഞ്ജു പറഞ്ഞു. ഹരിതശ്രീ ഓർഗാനിക് നഴ്സറിയുടെ നടത്തിപ്പുകാരി കൂടിയാണ് മഞ്ജു. വർഷത്തിൽ 12 മാസവും കായ്ക്കുന്ന കുറ്റി കുരുമുളക് ചെടിയും മഞ്ജുവിന്റെ നഴ്സറിയിലുണ്ട്.
മൂന്നര ഏക്കർ ഭൂമിയിൽ മഞ്ജു വിളയിക്കാത്തതൊന്നുമല്ല. കൃഷിക്കനുയോജ്യമല്ലെന്ന് മുതിർന്നവർ പറഞ്ഞിട്ടും നിശ്ചയദാർഢ്യവും അധ്വാനവും കൊണ്ട് മാത്രമാണ് വെട്ടുകത്തിയും തൂമ്പയുമായി സാഹസത്തിനിറങ്ങി മഞ്ജു ബഹുവിള തോട്ടമുണ്ടാക്കിയത്. പൂർണമായും ജൈവകൃഷി രീതിയാണ് ഇവർ അവലംബിക്കുന്നത്.


