മിന്നാനൊരുങ്ങുന്നു മിന്നുമണി
text_fieldsമിന്നുമണി
വയനാട് ഒണ്ടയങ്ങാടിയിലെ കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിൽ ആൺകുട്ടികളോടൊപ്പം ക്രിക്കറ്റ് കളിച്ചിരുന്ന ഒരു പെൺകുട്ടി വനിത ഐ.പി.എല്ലിന്‍റെ മിന്നും പ്രഭയിലേക്ക് പാഡണിയുന്നതിന്‍റെ സന്തോഷത്തിലാണ്. മാനന്തവാടിയിലെ കൂലിപ്പണിക്കാരനായ മണിയുടെയും വസന്തയുടെയും മകൾ മിന്നുമണിയെ താരലേലത്തിൽ 30 ലക്ഷം രൂപക്ക് ഡൽഹി ക്യാപിറ്റൽസാണ് സ്വന്തമാക്കിയത്. കേരളത്തിൽനിന്ന് ഇന്ത്യൻ എ ടീമിലെത്തിയ ഗോത്രവിഭാഗത്തിൽപെട്ട ആദ്യതാരം കൂടിയാണ് മിന്നുമണി.
ചെറുപ്പത്തിലേ ക്രിക്കറ്റ് പാഷനായിരുന്നു. അതിനാലാണ് നാട്ടിലെ അനിയന്മാരോടും ഏട്ടന്മാരോടുമെല്ലാം ഒപ്പം ക്രിക്കറ്റ് കളിയിൽ സജീവമായത്. എട്ടാം ക്ലാസിൽ മാനന്തവാടി ജി.വി.എച്ച്.എസ്.എസിൽ പഠിക്കുമ്പോഴാണ് പെൺകുട്ടികൾക്കും ക്രിക്കറ്റ് ടീമുള്ള കാര്യം അറിയുന്നത്. സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ എൽസമ്മയാണ് ഇക്കാര്യം പറയുന്നതും പരിശീലനത്തിനുള്ള വഴിയൊരുക്കുന്നതും. പിന്നീട് വയനാട് ജില്ല ടീമിൽ കളിക്കാൻ അവസരം ലഭിച്ചു. ഓഫ്സ്പിന്നറായ മിന്നുമണി ഇടംകൈയൻ ബാറ്ററുമാണ്. കേരളത്തിനായി അണ്ടർ16 മുതലുള്ള എല്ലാ വിഭാഗത്തിലും കളിച്ചു. ചരിത്രത്തിലാദ്യമായി കേരളം അണ്ടർ23 ചാമ്പ്യന്മാരായപ്പോൾ ടൂർണമെന്‍റിലെ ടോപ് സ്കോറർ ആയിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം ചാലഞ്ചർ ട്രോഫിയിൽ ഇന്ത്യ ബ്ലൂ ടീമിലും ബോർഡ് പ്രസിഡന്‍റ് ഇലവനിലും ഇന്ത്യ എ ടീമിലേക്കും വഴിതുറന്നു. എ ടീമിന്റെ ഭാഗമായി ബംഗ്ലാദേശ് പര്യടനത്തിലും വനിത ഏഷ്യൻ കപ്പിലും പങ്കെടുത്തു. കെ.സി.എയുടെ വുമൺ ക്രിക്കറ്റർ ഓഫ് ദ ഇയർ, ജൂനിയർ പ്ലെയർ ഓഫ് ദ ഇയർ, യൂത്ത് പ്ലെയർ ഓഫ് ദ ഇയർ അവാർഡുകൾ നേടിയിട്ടുണ്ട്.
നമ്മുടെ കഴിവ് ഏത് മേഖലയിലാണോ അത് തിരിച്ചറിഞ്ഞ് ഹാർഡ്വർക്ക് ചെയ്യണമെന്നാണ് പെൺകുട്ടികളോട് അടക്കം മിന്നുമണിക്ക് പറയാനുള്ളത്. പ്രതികൂല സാഹചര്യങ്ങളിലും ആത്മവിശ്വാസം കൈവിടാതെ ലക്ഷ്യത്തിലേക്കുള്ള പരിശ്രമം തുടരണമെന്ന് തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് ഈ താരം പറയുന്നത്.
ആൺകുട്ടികളുടെ കളിയെന്ന ധാരണയിൽ, തുടക്കത്തിൽ നാട്ടിൻപുറത്തെ എല്ലാ അച്ഛനമ്മമാരെയും പോലെ അവർക്കും മകളുടെ ക്രിക്കറ്റിനോട് താൽപര്യമുണ്ടായിരുന്നില്ല. പിന്നീട് ഉയരങ്ങളിലേക്ക് നടന്നുകയറിയപ്പോഴാണ് മകളാണ് ശരിയെന്ന് തിരിച്ചറിഞ്ഞതും എല്ലാ പിന്തുണയും നൽകിയതും. ഇപ്പോൾ മകളുടെ നേട്ടങ്ങളിൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു മിന്നുവിന്‍റെ കുടുംബം. സഹോദരി നമിത മാനന്തവാടി ജി.വി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥിനിയാണ്.
വനിത ഐ.പി.എല്ലിൽ മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കുള്ള എൻട്രിയാണ് താരത്തിന്‍റെ ലക്ഷ്യം. തൊടുപുഴ സെന്‍റ സെബാസ്റ്റ്യൻസ് സ്കൂളിലായിരുന്നു ഒമ്പത്, 10 ക്ലാസുകളിലെ പഠനം. സുൽത്താൻ ബത്തേരി സർവജന എച്ച്.എസ്.എസിലാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളജിൽ ഇക്കണോമിക്സ് ബിരുദത്തിന് ചേർന്നതോടെ ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ കൈവന്നതിനാൽ കോഴ്സ് പൂർത്തിയാക്കാനായില്ല. ഇപ്പോൾ ഡിസ്റ്റൻസായി ബി.എ സോഷ്യോളജി പഠനവും ക്രിക്കറ്റിനൊപ്പം മുന്നോട്ടുകൊണ്ടുപോവുന്നു. മാതാപിതാക്കൾ, ക്രിക്കറ്റിന്‍റെ ലോകത്തേക്ക് വഴികാട്ടിയായ എൽസമ്മ ടീച്ചർ, വയനാട് ക്രിക്കറ്റ് അസോസിയേഷൻ, കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, പരിശീലകർ തുടങ്ങിയവരാണ് തനിക്ക് തണലായതെന്നും മിന്നുമണി പറയുന്നു.