കന്നിയങ്കത്തിൽ വിജയക്കൊടി പാറിച്ച് ഉമ്മയും മകളും
text_fieldsഷാമില ജാഫർ, സുറുമി ഖമറുദ്ദീൻ
അരൂർ: രണ്ടു ഗ്രാമപഞ്ചായത്തുകളിൽനിന്നാണെങ്കിലും ഉമ്മയും മകളും വിജയിച്ചത് കുടുംബക്കാർക്കും നാട്ടുകാർക്കും ആഹ്ലാദമായി. കന്നിയങ്കത്തിൽ കോൺഗ്രസ് സ്ഥാനാർഥികളായാണ് ഇരുവരും വിജയക്കൊടി പാറിച്ചത്. അരൂക്കുറ്റി പഞ്ചായത്ത് എട്ടാം വാർഡിൽനിന്നാണ് യു.ഡി.എഫ് സ്ഥാനാർഥി മകൾ സുറുമി ഖമറുദ്ദീൻ വിജയിച്ചത്. കുത്തിയതോട് ഒമ്പതാം വാർഡിലാണ് മാതാവ് ഷാമില ജാഫറിന്‍റെ ജയം.
ഭർത്താവ് ജാഫറും ഷാമിലയുടെ സഹോദരന്മാരും ഉൾപ്പെടെ കുടുംബത്തിലെ മിക്കവരും കോൺഗ്രസ് പ്രവർത്തകരാണ്. മഹിള കോൺഗ്രസ് പ്രവർത്തകയാണ് ഷാമില. മികച്ച സംരംഭകയായ ഷാമില, സ്വന്തമായി കാറ്ററിങ് യൂനിറ്റ് ഉൾപ്പെടെ നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ബി.ജെ.പി ജയിച്ച വാർഡിൽനിന്നാണ് ബന്ധുകൂടിയായ സി.പി.ഐ സ്ഥാനാർഥിയെ 151 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തോൽപിച്ചത്. മുഖ്താർ, സുൽത്താന എന്നിവരാണ് മറ്റ് മക്കൾ.
ബിസിനസ്സുകാരനായ നീലേകാട്ട് കുടുംബാംഗം എൻ.എ. ഖമറുദ്ദീന്‍റെ ഭാര്യയാണ് സുറുമി. കഴിഞ്ഞ വർഷം സി.പി.എം വിജയിച്ച വാർഡാണ് വാശിയേറിയ മത്സരത്തിൽ സുറുമി പിടിച്ചെടുത്തത്. സി.പി.എം സ്ഥാനാർഥിയെയാണ് പരാജയപ്പെടുത്തിയത്. സ്കൂൾ വിദ്യാർഥികളായ ഹാഫിസ് അലി, മുഹമ്മദ് ഫൈസീൻ എന്നിവരാണ് മക്കൾ.


