പിറന്നാളിന് നൂറിയക്ക് ലഭിച്ചു, വിലമതിക്കാനാവാത്ത സമ്മാനം! സ്നേഹമാളിക മുകളിലേറി ഖദീസുമ്മ
text_fieldsഖദീസുമ്മ സായാഹ്ന സവാരിക്കിടെ. ഒപ്പം സഫീനയും മകൾ നൂറിയയും
തൃക്കരിപ്പൂർ (കാസർകോട്): ഒരു മാതൃദിനംകൂടി മുന്നിലെത്തുമ്പോൾ മാറ്റേറുന്ന സ്നേഹത്തണലിൽ സന്തോഷത്തോടെ കഴിയുകയാണ് ഖദീസുമ്മ. ഉറ്റവർ നഷ്ടപ്പെട്ട് ആർക്കും വേണ്ടാതായപ്പോൾ അഗതി മന്ദിരത്തിലെത്തിയ ഖദീസുമ്മക്ക് വിധി കാത്തുവെച്ചത് സ്നേഹത്തണലാർന്ന ഒരു വീടിന്റെ സുരക്ഷിത്വത്തിലേക്കുള്ള മടക്കമായിരുന്നു. തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ മാളികയിൽ വീട്ടിലാണ് ഖദീസുമ്മയിപ്പോൾ. ശരിക്കും, ആ വീട്ടിലെ എല്ലാവരുടെയും ഉമ്മയായിരിക്കുന്നു.
മക്കളുടെ പിറന്നാൾ ദിനത്തിൽ അവരുമായി അനാഥ മന്ദിരങ്ങളിൽ ചെന്ന് അന്തേവാസികൾക്കൊപ്പം സന്തോഷം പങ്കിടാൻ മാളികയിൽ വീട്ടിലെ നങ്ങാരത്ത് സഫീന എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. ഒന്നര വർഷം മുമ്പ് മകൾ നൂറിയയുടെ പിറന്നാൾ ദിനത്തിൽ പഴയങ്ങാടിയിലെ അഗതിമന്ദിരത്തിലേക്കായിരുന്നു യാത്ര.
ഇവിടെവെച്ച് മകൾ നൂറിയയുടെ ആവശ്യം കേട്ട് മാതാവ് നങ്ങാരത്ത് സഫീന ആദ്യമൊന്ന് അമ്പരന്നു. അന്തേവാസിയായ ഖദീസുമ്മയെ ഒപ്പം കൂട്ടാനുള്ള അനുവാദമാണ് പിറന്നാൾ സമ്മാനമായി നൂറിയ ചോദിച്ചത്. മകളുടെ ആഗ്രഹത്തിനൊപ്പം പിതാവ് എ.വി. അബ്ദുൽ നാസറും നിന്നപ്പോൾ ഖദീസുമ്മ തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ മാളികയിൽ വീട്ടിലെത്തി, അവരിലൊരാളായി.
ഏകമകൻ അബൂബക്കറിന്റെയും ഭർത്താവ് ഹസൈനാരുടെയും വിയോഗശേഷമാണ് കൂട്ടുകുടുംബത്തിലെ അംഗമായ ഖദീസുമ്മ തീർത്തും ഒറ്റപ്പെട്ടത്. വീടുകളിൽ ജോലി നോക്കിയും ചില്ലറ പണികൾ ചെയ്തും ജീവിതം തള്ളിനീക്കി. ആരോഗ്യം ക്ഷയിച്ചതോടെ ആർക്കും വേണ്ടാതായി.
ഒരു ഘട്ടത്തിൽ കൊടിയ മർദനം ഏൽക്കേണ്ടിവന്നതായി നൂറുപിന്നിട്ട ഖദീസുമ്മ പറയുന്നു. ഇരുകാലുകളും അടിയേറ്റ് നീരുവെച്ചതായി അവർ ഓർത്തെടുത്തു. ഖദീസുമ്മ സ്വരുക്കൂട്ടിയ തുക ഏൽപിച്ചാണ് ആരോ അനാഥമന്ദിരത്തിൽ എത്തിച്ചത്.
ആയിടക്ക് അവിടം സന്ദർശിച്ച വിദ്യാർഥിനി പോസ്റ്റ് ചെയ്ത ചിത്രം കണ്ടാണ് ഖദീസുമ്മയെ സംരക്ഷിക്കാൻ നൂറിയ ആഗ്രഹിച്ചത്. നീലംബത്തെ മാളിയേക്കൽ കുടുംബത്തിലെ വല്യുമ്മമാരുമായി ഖദീസുമ്മ നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു. വടക്കേ കൊവ്വലിലെ ഈ വീടും വീട്ടുകാരും ഈ ഉമ്മാക്ക് അത്രമേൽ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. സഫീനയുടെ മകൻ ദാനിഷും മാതാവ് നഫീസയും ഖദീസുമ്മക്ക് വിളിപ്പുറത്താണ്. കൃത്യമായ ചികിത്സയും പരിചരണവും കൂടി ലഭിച്ചതോടെ ഖദീസുമ്മ ഉഷാറായി.