ഒതുങ്ങിക്കൂടാൻ മനസ്സില്ലെന്ന് ഉറപ്പിച്ച പെണ്ണൊരുത്തി
text_fieldsമറീന എസ്.ജെ
ഏറെയാണ് കൊല്ലം കൊട്ടാരക്കര സ്വദേശിനി മറീന എസ്.ജെക്ക്. ഏറെ നാളായി യു.എ.ഇയിലെ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന മറീന തനിക്ക് ചുറ്റും പാട്ടിന്റെയും കവിതകളുടെയും പെയിന്റിങ്ങുകളുടെയും ലോകം കൂടി തീർത്തിട്ടുണ്ട്. ഒതുങ്ങിക്കൂടാൻ മനസ്സില്ലെന്ന് ഉറപ്പിച്ച പെണ്ണൊരുത്തി. നാട്ടിൽ എൻജിനീയറിങ് കോളജിൽ ലക്ചറർ ആയി ജോലി നോക്കുന്നതിനിടയിലാണ് അവസരങ്ങളുടെ മായിക ലോകമായ യു.എ.ഇയിലേക്ക് വിമാനം കയറുന്നത്. ഇപ്പോൾ ഭർത്താവിനും മകൾക്കുമൊപ്പം യു.എ.ഇയിൽ താമസിക്കുന്നു.
മറീനയുടെ സ്വപ്നങ്ങൾക്ക് പുതിയ നിറവും അക്ഷരവും നൽകിയത് യു.എ.ഇയുടെ ആകാശമാണ്. എഴുത്തിനോടും വരയോടുമുള്ള പ്രിയം ചെറു പ്രായം മുതൽ തന്നെ മറീനക്കുണ്ടായിരുന്നു. ആദ്യമൊക്കെ പെൻസിൽ ഡ്രോയിങ് ആയിരുന്നു. പിന്നീടത് കാൻവാസ് പെയിന്റിങ്ങിലേക്ക് മാറി. 10 വർഷത്തിലേറെയായി യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ എക്സിബിഷൻസ് നടത്തിയും കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ്, ആർട്ട് വർക്ക് ഷോപ്പും നടത്തി വരുന്നുണ്ട്. ഇതിനിടയിൽ നൂറുകണക്കിന് വിദ്യാർഥികളുടെ വരയോടുള്ള അഭിനിവേശത്തിന് ചിറക് മുളപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മനിർവൃതിയുമുണ്ട് മറീനക്ക്.
ചെറുതും വലുതുമായ കാൻവാസുകളിൽ അബ്സ്ട്രാക്ട്, സ്റ്റിൽ ലൈഫ് എന്നീ പെയിന്റിങ്ങുകൾ ആണ് കൂടുതലും വരക്കാറുള്ളത്. അതിലൊക്കെ പ്രകൃതിയും കാലവും മനോഹരമായി നിറങ്ങളിൽ കുളിച്ചങ്ങനെയിരിക്കും. ജീവിതത്തിലെ ഓരോ വികാരങ്ങളെയും കാലങ്ങളോട് ഉപമിച്ച പെയിന്റിങ്ങുകളാണ് ഈ കലാകാരിയുടെ വിരൽതുമ്പിൽ നിന്ന് കാൻവാസിലേക്ക് ഉതിർന്നുവീഴുക.
അതിൽ മറീനയുടെ വാക്കുകളിലൂടെ തന്നെ പറയുന്നു ചിത്രങ്ങളെല്ലാം തുറന്നു കാണിക്കുന്നത് ‘വർഷവും വസന്തവും പോലെ കടന്നു പോകുന്ന മനുഷ്യരും ജീവിതാനുഭവങ്ങളും ആണെന്ന് ആണ്’. ‘Longest painting in desert’ എന്ന കാറ്റഗറിയിൽ യു.എ.ഇയിലെ ഒരു കൂട്ടം കലാകാരൻമാർക്കൊപ്പം പങ്കെടുത്ത് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിനും ഉടമയാണ് ഈ കലാകാരി.
വര പോലെതന്നെ മറീനയുടെ മറ്റൊരു ഇഷ്ട മേഖല എഴുത്താണ്. കൂടുതലും കവിതകളും ചെറുകഥകളുമാണ് എഴുതുക. 2024ൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്ത ‘മഴ നെയ്ത നിനവുകൾ’ ആണ് ആദ്യത്തെ കവിത സമാഹാരം. കൂട്ടായ്മകളുടെ പ്രസിദ്ധീകരണങ്ങളിൽ എത്രയോ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. മൂന്ന് പാട്ടുകൾക്ക് വരികൾ എഴുതി. ഇപ്പോൾ ഒരു നോവലിന്റെ പണിപ്പുരയിലാണ്. ഇതുകൊണ്ടും തീർന്നില്ല. പഞ്ചാരിമേളത്തിലും ഒരു കൈ നോക്കുന്നുണ്ട് മറീന. ഗുരു കലാമണ്ഡലം ദിദീഷിന്റെ ശിക്ഷണത്തിലാണ് മേളം പരിശീലിക്കുന്നത്.
ഏത് യാത്രയിലും കൈയിൽ ഒരു പുസ്തകമുണ്ടാവും. കിട്ടുന്ന സമയത്തെല്ലാം അക്ഷരങ്ങളിലേക്ക് ആഴ്ന്നിറങ്ങും. വായനയെ കുറിച്ച് ചോദിച്ചപ്പോൾ മറീനയുടെ ഉത്തരം ഇങ്ങനെയാണ് ‘വായന- മനസ്സ് കൊണ്ട് യാത്ര ചെയ്യാനാവുന്ന ഒരു ലഹരിയാണ്’. പുസ്കങ്ങളുടെ ലോകം മനോഹരമായ ലൈബ്രറിയായി വീട്ടിലും ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ ഒരു മറീന രൂപാന്തരപ്പെട്ടതിന് പിന്നിൽ കൊട്ടാരക്കരയിലെ വീടാണെന്ന് ഉത്സാഹത്തോടെ പറയുമ്പോൾ മറീന കുഞ്ഞ് കുട്ടിയാവും.
ഏറെ ചേർത്ത് നിർത്തുന്ന അച്ഛനും അമ്മയും സഹോദരങ്ങൾക്കുമിടയിൽ നിറയെ പുസ്കങ്ങൾക്കും നടുവിലെ കുഞ്ഞ് കുട്ടി. ജീവിതത്തിൽ ഒരുപാടു പ്ലാൻ ചെയ്യാറില്ല. എങ്കിലും എന്ത് സംഭവിച്ചാലും ഒരു ചിരി അവശേഷിക്കണം. മറ്റുള്ളവരിലേക്ക് നന്മ പകരാനാവണം എന്നത് മാത്രമാണ് മറീനയുടെ ലക്ഷ്യം. എഴുത്തിലൂടെയും വരകളിലൂടെയും ഛായങ്ങളിലൂടെയും ഒരു യാത്ര പോവുകയാണ് ഈ കലാകാരി, സ്റ്റോപ്പില്ലാത്ത ഒരു യാത്ര.