നാടൻ പാട്ടിന്റെ ‘വസന്തം’; ജീവിത സാഹചര്യങ്ങളോട് പൊരുതി മുന്നേറിയ വസന്ത പഴയന്നൂർ നാടൻപാട്ടിൽ മേൽവിലാസമെഴുതി
text_fieldsവസന്ത പഴയന്നൂർ നാടൻപാട്ട് വേദിയിൽ
പഴയന്നൂർ: കണ്ണീരുപ്പുകലർന്ന ദുരിതക്കടൽ കടന്ന് ഹർഷാരവങ്ങളുടെയും ആർപ്പുവിളികളുടെയും ലോകത്തേക്ക് ഉയരാൻ വസന്ത പഴയന്നൂരിനെ പ്രേരിപ്പിച്ചത് കലയോടുള്ള അടങ്ങാത്ത അഭിനിവേശം മാത്രമാണ്. ജീവിതത്തോട് പോരാടുന്നതിനിടയിൽ കുട്ടിക്കാലത്ത് കേട്ട ചില പാട്ടുകളുടെ ഈരടികൾ വെച്ച് മനസ്സിൽ ആദ്യമായി ഒരു താരാട്ട് പാട്ട് എഴുതിയാണ് കോടത്തൂർ കാട്ടിരി വീട്ടിൽ വസന്ത (വസന്ത പഴയന്നൂർ) നാടൻപാട്ടുവേദികളിൽ സജീവമായത്. ഇപ്പോൾ രണ്ടര പതിറ്റാണ്ടോളമായി കേരളത്തിനകത്തും പുറത്തും ഗൾഫ് നാടുകളിലുമായി ആറായിരത്തി അഞ്ഞൂറിലധികം വേദികൾ പിന്നിട്ടു.
തൊഴിലുറപ്പ് തൊഴിലാളിയുടേതടക്കം പല വേഷങ്ങൾ കെട്ടിയാണ് സംഗീതത്തിന്റെയും അഭിനയത്തിന്റെയും ലോകത്തേക്ക് വസന്ത ചുവടുവെച്ചത്. ഇന്ന് നാടൻപാട്ട് വേദികളിലെ അറിയപ്പെടുന്ന ഗായികയാണ് വസന്ത പഴയന്നൂർ. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത കേരള നാടൻ പാട്ടുകൾ പാടി ശ്രദ്ധയാകർഷിച്ച വസന്തക്ക് 2023ല് ഏറ്റവും നല്ല നാടൻ പാട്ടുകാരിക്ക് ‘ദ്രോണ 2023’ അവാർഡും 2024ൽ ടി.കെ. വാസുദേവൻ നായർ പുരസ്കാരവും ലഭിച്ചു.
നാടൻപാട്ടിനുപുറമേ നടി, ഗാനരചന, സംഗീത സംവിധാനം, ഡബിങ് എന്നിവയിലും വസന്ത പലപ്പോഴായി സാന്നിധ്യമറിയിച്ചു. സിനിമകളുടെ ടൈറ്റിൽ സോങ് പാടാനും നാല് സിനിമക്ക് ഗാനരചനയും സംഗീത സംവിധാനവും നിർവഹിക്കാനും അവസരം ലഭിച്ചു. ഇരുപതോളം സംഗീത ആൽബങ്ങളിൽ ഗാന രചയിതാവായും ഗായികയായും നടിയായും പ്രവർത്തിച്ചു. മുപ്പത്തഞ്ചോളം ഹ്രസ്വ ചിത്രങ്ങൾ. തെരുവുനാടകങ്ങൾ, അമച്വർ നാടകങ്ങൾ എന്നിവയിൽ ഇക്കാലംകൊണ്ട് ചെറുതും വലുതുമായി ഒട്ടേറെ വേഷങ്ങൾ ചെയ്തു. സത്യൻ അന്തിക്കാട്, ഷാജി കൈലാസ് എന്നിവരടക്കം പ്രഗല്ഭരായ സംവിധായകർക്ക് കീഴിൽ പല മലയാള സിനിമകളിലും ചില തമിഴ് സിനിമകളിലും അഭിനയിച്ചു. പടയോട്ടം ഫോക് മ്യൂസിക് ബാന്റിന്റെ അമരക്കാരി കൂടിയാണ് വസന്ത പഴയന്നൂർ.