മണവാട്ടിവേഷമഴിച്ച് നഹാന പോയത് അഭിഭാഷകയായി എൻറോൾമെന്റിന്
text_fieldsനഹൻ ഫർസാന എൻറോൾമെന്റിന്
ശേഷം ഭർത്താവ് സനൂബിനൊപ്പം
മട്ടാഞ്ചേരി: ജീവിതത്തിലെ രണ്ട് സുന്ദര മുഹുർത്തങ്ങൾ ഒരുമിച്ച് കടന്നുപോയ സന്തോഷത്തിലാണ് നഹൻ ഫർസാന. മണിക്കൂറുകൾ വ്യത്യാസത്തിൽ വിവാഹവും അഭിഭാഷക എൻറോൾമെൻറും നടന്നതിന്റെ ആഹ്ളാദത്തിലാണ് മട്ടാഞ്ചേരി കോമ്പാറ മുക്കിൽ തെരിയത്ത് ഹൗസിൽ ടി.എം.നവാസ് - സുനിത ദമ്പതികളുടെ മകളായ നഹൻ . ജീവിതത്തിന്റെ രണ്ട് സന്തോഷ നിമിഷങ്ങളാണ് ഒന്നിന് പിറകെ ഒന്നായി വരിച്ചത്.
തൊടുപുഴ അൽ അസർ ലോ കോളജിലെ ബി.ബി.എ എൽ.എൽ.ബി വിദ്യാർഥിനിയായ നഹൻ ഫർസാനയുടെ വിവാഹം കരുപടന്ന സ്വദേശി ഇറാഖിലെ എയർപോർട്ടിൽ ജോലി ചെയ്യുന്ന സനൂബുമായി ഞായറാഴ്ചയാണ് തീരുമാനിച്ചത്. എന്നാൽ അഭിഭാഷക എൻറോൾമെന്റും അതേദിവസം തന്നെ വന്നു .രണ്ടും ഒരേസമയം വന്നതോടെ വിവാഹം തലേദിവസം മണിക്കൂറുകൾക്ക് മുമ്പായി നടത്തി.വിവാഹ ചടങ്ങുകൾക്ക് ശേഷം മണവാട്ടിവേഷം അഴിച്ച് മാറ്റി രാവിലെ തന്നെ കേരള ഹൈകോടതിയിലേക്ക് എൻറോൾമെന്റിനായി വരന്റെ കൂടെ തന്നെ പുറപ്പെട്ടു.
പിന്നെ അണിഞ്ഞത് അഭിഭാഷക വേഷം . വിവാഹവും എൻറോൾമെൻറും ഒരുമിച്ചു വന്നപ്പോൾ വലിയ ടെൻഷൻ ഉണ്ടായെങ്കിലും സമയത്തിൽ ചെറിയ മാറ്റം വരുത്തിയതോടെ രണ്ടു ചടങ്ങുകളും നടന്നതിന്റെ സന്തോഷത്തിലാണ് നഹൻ. എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിലാണ് നഹൻ പത്ത് വരെ പഠിച്ചത്. തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് സ്കൂളിൽ ഹയർ സെക്കന്റഡറി വിദ്യഭ്യാസവും പൂർത്തിയാക്കി.


