പവർലിഫ്റ്റിങ്ങിൽ നവോമി തോമസിന് സ്വർണവും സുനിത ചെറിയാന് വെള്ളിയും
text_fieldsനവോമി തോമസും സുനിത ചെറിയാനും പവർലിഫ്റ്റിങ്ങിൽ ലഭിച്ച മെഡലുകളുമായി
കോട്ടയം: കോഴിക്കോട് നടന്ന കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപിൽ കോട്ടയം മണർകാട് ചെറുകുന്നേൽ വീട്ടിൽ നവോമി തോമസ് (ലൗലി) സ്വർണവും പാമ്പാടി വെള്ളൂർ (7-ാം മൈൽ) വടക്കേക്കര വീട്ടിൽ സുനിത ചെറിയാൻ വെള്ളിയും നേടി.
കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷനും കോഴിക്കോട് ജില്ല പവർലിഫ്റ്റിങ് അസോസിയേഷനും സംയുക്തമായാണ് ജൂലൈ 26ന് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. വനിത വിഭാഗത്തിൽ തങ്ങളുടെ ആദ്യ സംസ്ഥാനതല മത്സരത്തിലാണ് നവോമിയും സുനിതയും മെഡലുകൾ സ്വന്തമാക്കിയത്.
കോട്ടയം കളത്തിപ്പടിയിലെ സോളമൻസ് ജിമ്മിൽ ഉടമസ്ഥരും ഫിറ്റ്നസ് പരിശീലകരും ദേശീയ പവർലിഫ്റ്റിങ് ജേതാക്കളുമായ സോളമൻ തോമസിന്റെയും ക്രിസ്റ്റി സോളമന്റെയും നേതൃത്വത്തിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. നവോമിയും സുനിതയും മാത്രമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത വനിതകളിൽ കോട്ടയം ജില്ലക്ക് വേണ്ടി നേട്ടം കൈവരിച്ചവർ.
നവോമി തോമസ് (ലൗലി) അമയന്നൂർ ചൂരാനാനിക്കൽ വീട്ടിൽ പരേതരായ കെ.വി. ചാക്കോ, ശോശാമ്മ ചാക്കോയുടെ മകളാണ്. മണർകാട് ചെറുകുന്നേൽ (കൺസ്ട്രക്ഷൻ ബിസിനസ്) തോമസ് സി. കുര്യനാണ് ഭർത്താവ്. മക്കൾ: ഷെറിൻ (ചെന്നൈ), സൂസൻ (കാനഡ).
സുനിത ചെറിയാൻ വാഴൂർ പുളിക്കൽകവല (14-ാം മൈൽ) പുള്ളിയിൽ പരേതരായ മത്തായി ജോസഫ്, ശോശാമ്മ മത്തായിയുടെ മകളാണ്. വെള്ളൂർ (7-ാം മൈൽ) നിത ഹോട്ടൽ ഉടമ വടക്കേക്കര പരേതനായ വി.എം. ചെറിയാൻ (തങ്കച്ചന്റെ) ഭാര്യയുമാണ്. മക്കൾ: നിതിൻ (യു.കെ), നിത (എറണാകുളം).