ഈ കൈകൾ നീതിയുടെ വിധിന്യായം എഴുതാൻ മാത്രമല്ല, ദുരിതബാധിതരുടെ ദുർവിധി മറികടക്കാൻ കൂടിയാണ്
text_fieldsവയനാട് ദുരന്തമുഖത്ത് സേവന പ്രവർത്തനങ്ങൾക്കായി ലീഗൽ സർവീസ് കമ്മറ്റി നടത്തിയ വിഭവ സമാഹരണം അധ്യക്ഷ ജഡ്ജി ഫാത്തിമ ബീവി ഏറ്റുവാങ്ങുന്നു
പരപ്പനങ്ങാടി: താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി പരപ്പനങ്ങാടിയിൽ സ്ത്യുതർഹമായ നിയമ സേവനം മറികടന്ന് സാമൂഹ്യ സേവന രംഗത്തും കയ്യൊപ്പ് ചാർത്തുന്നു. സാധാരണകാർക്ക് നിയമ സേവനമെത്തിക്കുക എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ജില്ല തലത്തിലും താലൂക്ക് തലത്തിലും ലീഗൽ സർവീസസ് കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നത്.
സാമ്പത്തികശേഷി കുറഞ്ഞവർ, സ്ത്രീകൾ, കുട്ടികൾ, ദുരന്തബാധിതർ, പീഡിതതൊഴിലാളികൾ, സമൂഹത്തിൽ നിന്ന് അരിക് വത്കരിക്കപെട്ടവർ എന്നിവർക്ക് സൗജന്യ നിയമ സേവനം നൽകലാണ് ലീഗൽ സർവീസസ് കമ്മറ്റിയുടെ പ്രാഥമിക ദൗത്യമെങ്കിലും നിയമ അവബോധം നൽകുന്ന പഠന ക്ലാസുകൾ, ക്യാമ്പുകൾ, ദുരന്തബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കൽ തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങളാണ് താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയ്തു വരുന്നത്.
പാവങ്ങൾക്ക് കേസ് നടത്താൻ പരപ്പനങ്ങാടി കോടതി കേന്ദ്രീകരിച്ച് അഭിഭാഷകരുടെ നിയമ സഹായ പാനൽ പ്രവർത്തിക്കുന്നുണ്ട്. തർക്കങ്ങൾ നിയമ പോരാട്ടങ്ങളിലേക്ക് വലിച്ചഴിക്കുന്നതിന് പകരം പ്രശ്ന പരിഹാരം മുൻ നിറുത്തി സ്നേഹത്തിന്‍റെയും സമവായത്തിന്‍റെയും കണ്ണികൾ വിളക്കിചേർത്ത് തർക്കങ്ങൾ തീർക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾക്കും ലീഗൽ സർവീസസ് കമ്മറ്റി ചെയ്തു വരുന്ന സേവനം ഏറെ വലുതാണ്.
കോടതികൾ കയറിയിറങ്ങി നിയമ സാങ്കേതിക നൂലാമാലകളിൽപെട്ടതും നേരിട്ടെത്തുന്നതുമായ നൂറുകണക്കിന് കേസുകൾക്കും തർക്കങ്ങൾക്കും ശാശ്വത പരിഹാരം കാണുന്ന നിയമ അദാലത്തുകൾ നടത്താനും ലീഗൽ സർവീസസ് കമ്മറ്റി നടത്തുന്ന ജാഗ്രത സമൂഹത്തിന് ഏറെ പ്രയോജനകരമാണ്.
വികസനത്തിന്‍റെ വെളിച്ചമെത്താത്ത ചേലേമ്പ്രയിലെ ചേനമല ഉൾപ്പെടെയുള്ള ഓണംകേറാമൂലകളിൽ ക്യാമ്പ് നടത്തി സാമൂഹ്യ പങ്കാളിത്തത്തോടെ ഇരുൾ മുറ്റിയ കോളനികളിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മലകൾ നിർദയം പൊളിച്ചടക്കി പാവങ്ങളായ മലയോരവാസികളെ ഭയപ്പെടുത്തിയിരുന്ന കരിങ്കൽ ക്വാറി ലോബിയെ ഇറക്കിവിടാനും ഇതിനകം താലൂക് ലീഗൽ സർവീസസ് കമ്മറ്റിക്ക് സാധിച്ചിട്ടുണ്ട്. കുടിവെള്ളത്തിന് കിണർ പണിത് നൽകിയും സ്ത്രീകൾക്ക് വരുമാന തൊഴിൽ പദ്ധതികൾ സമർപ്പിച്ചും തയ്യൽ നിർമാണ സമർപ്പിച്ചും നിയമസഹായവേദി തീർത്തും സാമൂഹ്യ സേവന സഹായ വേദിയായി നില കൊണ്ടു.
വയനാട് ദുരന്തമുഖത്തേക്ക് സേവനത്തിന്‍റെ കരങ്ങൾ നീട്ടാൻ ജഡ്ജിയെന്നോ അഭിഭാഷകരെന്നോ വ്യത്യാസമന്യെ, കറുത്ത ഗൗണിനകത്തെ വെളുത്ത സേവന മനസ് സാധാരണ മനുഷ്യരിലേക്ക് ഇറങ്ങി വന്നു. സമൂഹത്തോടൊപ്പം ഒന്നിച്ച് നിന്ന് വിഭവ സമാഹരങ്ങൾ നടത്തി ദുരിത ഭൂമിയിലേക്ക് കൈമാറി ചരിത്രത്തത്തിൽ ഇടംനേടാനും തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിക്ക് ഇതിനകം സാധിച്ചിട്ടുണ്ട്.
നിയമപരവും അടിസ്ഥാനപരവുമായ സേവനങ്ങൾ തീർത്തും സൗജന്യമായി പാവങ്ങളിലേക്കും ദുരിത ബാധിതരിലേക്കുമെത്തിക്കുവാൻ പരപ്പനങ്ങാടി സ്പഷ്യൽ പോക്സോ കോടതി ജഡ്ജിയും താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി അധ്യക്ഷയുമായ ജഡ്ജി ഫാത്തിമ ബീവിക്കും പരപ്പനങ്ങാടി ബാർ അസോസിയേഷൻ നേതൃത്വനുമുള്ള സേവന താൽപര്യം നൂറുകണക്കിന് കുടുംബങ്ങൾക്ക് ഇതിനകം ആശ്വാസം പകർന്നതായി പരപ്പനങ്ങാടി ബാറിലെ സീനിയർ അഭിഭാഷകൻ അഡ്വ. കുഞ്ഞഹമ്മദ് 'മാധ്യമ'ത്തോട് പറഞ്ഞു.


