സമാധാനത്തിനും സൗഹാർദത്തിനും ദേശീയ വനിതാ ഫോറം
text_fieldsന്യൂഡൽഹി: വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന വനിതകളെ ഒരുമിപ്പിക്കുന്ന സമാധാനത്തിനും സൗഹാർദത്തിനുമുള്ള ദേശീയ വനിതാ ഫോറം ഔപചാരികമായി നിലവിൽവന്നു. സൗത്ത് ഏഷ്യ ഫോറിൻ കറസ്‍പോണ്ടൻസ് ക്ലബിൽ ആഗസ്റ്റ് 19നായിരുന്നു ഉദ്‍ഘാടനം. വനിത നേതാക്കൾ, ബുദ്ധിജീവികൾ, മാധ്യമ പ്രവർത്തകർ, വിദ്യാർഥികൾ എന്നിവരും വിവിധ രംഗങ്ങളിലെ പ്രതിനിധികളും സമാധാനം, നീതി, വനിതാ ശാക്തീകരണം, രാഷ്‍ട്രനിർമാണം എന്നീ ലക്ഷ്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കും. ലഖ്നോ സർവകലാശാലയിലെ മുൻ വൈസ് ചാൻസലർ ഡോ. രൂപ് രേഖാ വർമ മുഖ്യാതിഥി ആയിരുന്നു.
ഫോറത്തിന്‍റെ ചെയർപേഴ്‌സൻ ജാഗ്രതി റാഹിയും വൈസ് ചെയർപേഴ്‌സൻ റഹ്‌മത്തുന്നീസയും ജനറൽ സെക്രട്ടറി റാബിയ ബസ്റിയും സെക്രട്ടറി അഭിരാമി ജോതീശ്വരനുമാണ്. ബിന്നി യാദവാണ് മീഡിയ അഡ്വൈസർ. പുതിയതായി രൂപവത്‍കരിച്ച ഫോറത്തിന്‍റെ ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് സ്വാഗത പ്രസംഗത്തിൽ സെക്രട്ടറി അഭിരാമി വിശദീകരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ഇപ്പോഴും ദിശാബോധം നൽകുന്ന ഗാന്ധിയൻ മാർഗങ്ങളിലൂടെ സത്യത്തിന്‍റെയും നീതിയുടെയും പാതയിലൂടെ മുന്നേറേണ്ടതിന്‍റെ ആവശ്യകത അവർ എടുത്തുപറഞ്ഞു.


