സൈക്കോളജിക്കൽ ആർട്ടിസ്റ്റ്
text_fieldsമനോഹരമായ ആർട് വർക്കുകൾ ചെയ്യുന്നവർക്ക് ഒരു പ്രത്യേകതയുണ്ട്. അവർ അവർക്ക് വേണ്ടി സമയം കണ്ടെത്തുമ്പോഴാണ് ഓരോ നല്ല കലകളും ഒപ്പം നല്ല കലാകാരന്മാരും ജനിക്കുന്നത്. ആർട്ടിനെ പാഷനാക്കി, പ്രൊഫെഷനൊപ്പം കൊണ്ട് പോകുന്ന ഒരുപാട് ആർട്ടിസ്റ്റുകളെ നമ്മൾ കണ്ടിട്ടുണ്ട്.
ചിത്രം വരക്കാനിഷ്ടപ്പെടുന്ന കാണുന്ന മനോഹമായ കാഴ്ചകൾ ചായം കൊണ്ട് ക്യാൻവാസിൽ കോറിയിടുന്നൊരു സൈകോളജിസ്റ്റുണ്ട് ഇങ്ങ് യു.എ.ഇയിൽ. ഷാനിയ ബാനു. ആളൊരു കോഴിക്കോട്ടുകാരിയാണ്. ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂളിൽ കൗൺസിലറാണ് ഷാനിയ. ചിത്രം വര ഷാനിയയുടെ പാഷനാണ്. ചിത്രങ്ങൾ വരക്കുമ്പോൾ മനസിനൊരു ശാന്തതയാണെന്ന് ഷാനിയ പറയുന്നു. സന്തോഷത്തോടെ താൻചെയ്യുന്നൊരു പ്രവൃത്തി എന്ന് വേണമെങ്കിൽ പറയാം. ചെറുപ്പം മുതൽ വരക്കാനിഷ്ടമുള്ള ഷാനിയ പലതരം ആർട്ടുകൾ പരീക്ഷിക്കാറുണ്ട്.
സ്കൂൾ കാലം മുതൽ തന്നെ ചിത്ര രചനമത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാറുണ്ടായിരുന്നു. പലമീഡിയത്തിൽ പെയിന്റിങ്ങുകൾ ചെയ്യാറുണ്ട്. പെൻസിൽ ഡ്രോയിങ്ങും വാട്ടർ പെയിന്റിങ്ങും ഹാൻഡ്മേഡ് കസ്റ്റം ഫോട്ടോ ആൽബം, ഹാൻഡ്പെയിന്റഡ് ബുക്ക്മാർക്കുകൾ, വെഡിങ് ഇല്ലുസ്ട്രേഷൻ, റിയലിസ്റ്റിക് പെൻസിൽ സ്കെച്, ബേബി ഫ്രെയിം, കാലിഗ്രഫി തുടങ്ങി എല്ലാ ആർട്ടുകളിലും കയ്യൊപ്പ് പതിച്ചിട്ടുണ്ട്. കാലിഗ്രാഫിയാണ് ആദ്യം വരച്ച് വിൽപ്പന നടത്തിയത്.
ദുബൈയുടെ സുപ്രധാന ആകർഷണങ്ങളിലൊന്നായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറും ഷാനിയയുടെ ക്യാൻവാസിൽ വിരിഞ്ഞിട്ടുണ്ട്. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ചിത്രം പെൻസിൽ ആർട്ടായി വരച്ചിരുന്നു. അന്ന് ചിത്രത്തിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു. ഒഴിവ് സമയങ്ങളിൽ പോർട്രൈറ്റ് ചിത്രങ്ങൾ കൂടി വരക്കാറുണ്ട്. സിനിമാതാരം മോഹൻലാലിന്റെ പോർട്രൈറ്റ് പെൻസിൽ ആർട്ടും ഷാനിയ വരച്ചിരുന്നു.
ദുബൈയുടെ രണ്ട് മുഖങ്ങൾ ഒരിടത്തു കാണുന്ന തരത്തിൽ പഴയ ദുബൈയും പുതിയ ദുബൈയും ഒരുക്യാൻവാസിൽ വരച്ചതും ശ്രദ്ധേയമായിരുന്നു. ഒരു ഫോട്ടോ കണ്ടാണ് ഈ ചിത്രം തന്റേതായ ശൈലിയിൽ ഷാനിയ വരച്ചെടുത്തത്. യു.എ.ഇയിൽ ഒരു ആർട് എക്സിബിഷനിൽ ഇത് പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. വെബ്സൈറ്റ് വഴി തന്റെ ആർട് വർക്കുകൾ വിൽപ്പന നടത്താറുമുണ്ട്.
ഇൻസ്റ്റാഗ്രാമിലെ പോസ്റ്റ് കണ്ടും ചിത്രങ്ങൾ കണ്ടിഷ്ടപെട്ട് ചോദിച്ചറിഞ്ഞും ആളുകളെത്താറുണ്ട്. വരക്കുന്ന ചിത്രങ്ങൾ അതി മനോഹരമായി ഫോട്ടോ ആക്കുകയും ചെയ്യും ഷാനിയ. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് ഒരു ആർട്ടിസ്റ്റിന്റെ കണ്ണുകളിലവ എന്തായിരുന്നുവെച്ച് വിവരിച്ച് ഒരുകൊച്ചു കേപ്ഷനും കൊടുക്കും. ഭർത്താവ് റാഷിദിന്റെ പിന്തുണയും കൂടെയുണ്ടാവാറുണ്ട്.
പരിശുദ്ധ കഅബയുടെ ചിത്രവും ഒപ്പം കാലിഗ്രഫിയും ചേർത്തൊരു ചിത്രവും ഷാനിയ വരച്ചിരുന്നു. ജോലി ചെയ്യുന്ന സ്കൂളിൽ ആർട് എക്സിബിഷനിൽ താൻവരച്ച ചിത്രവും പ്രദർശിപ്പിച്ചിരുന്നു. വരച്ച ചിത്രങ്ങൾ shaniya__banu എന്ന ഇൻസ്റ്റഗ്രാം പേജ് വഴിയാണ് പോസ്റ്റ് ചെയ്യാറുള്ളത്. കാലടി യൂനിവേസിറ്റിയിൽനിന്ന് സൈക്കോളജിയിൽ പിജിയും കരസ്ഥമാക്കിയാണ് ഷാനിയ യു.എ.ഇയിലെത്തിയത്. ഭർത്താവിനൊപ്പം ഷാർജയിലാണ് താമസം.