ആരോരുമില്ലാത്ത സ്ത്രീകൾക്ക് അഭയമായി നിർഭയ
text_fieldsകോതമംഗലം നെല്ലിക്കുഴിയിലെ നിർഭയ സെന്റർ ഫോർ വുമൺ ഇൻ ഡിസ്ട്രസ്
കൊച്ചി: തീവ്ര മാനസിക വെല്ലുവിളി നേരിട്ട് ഭക്ഷണം പോലുമില്ലാതെ തെരുവിൽ അലഞ്ഞ ഒരു അമ്മയും മകളുമുണ്ടായിരുന്നു... ആരോരുമില്ലാതെ അരക്ഷിതാവസ്ഥയുടെ കയ്പുനീർ രുചിച്ചവർ. അവരെ പരിചരിക്കാൻ ആരോഗ്യപ്രവർത്തകരും പരിഗണിക്കാൻ സന്നദ്ധപ്രവർത്തകരും ഉൾപ്പെടുന്ന ഒരു സ്ഥാപനം ചേർത്തുനിർത്തി.
ഇന്ന് ആകുലതകളില്ലാതെ അവർ പുഞ്ചിരിക്കുകയാണ്. ഇത് ഈ ഒരമ്മയുടെയും മകളുടെയും മാത്രം കഥയല്ല. ആരോരുമില്ലാത്ത സ്ത്രീകൾക്ക് ആശ്രയമേകുന്നൊരു സ്ഥാപനത്തിന്റെ കാരുണ്യം നിറയുന്ന അനുഭവസാക്ഷ്യമാണ്. കോതമംഗലം പീസ് വാലിയിലെ നിർഭയ സെന്റർ ഫോർ വുമൺ ഇൻ ഡിസ്ട്രസിൽ എത്തിച്ചേർന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതം തിരികെ പിടിച്ച അതിജീവിതർക്കൊക്കെ കാരുണ്യത്തിന്റെ കഥ പറയാനുണ്ടാകും.
സ്ത്രീകൾ നേതൃത്വം നൽകുന്ന സ്ഥാപനത്തിൽ 150 അതിജീവിതരെ ഉൾക്കൊള്ളാനാകും. നിലവിൽ 80 പേരുണ്ട്. തയ്യൽ, എംബ്രോയഡറി, ജ്വല്ലറി മേക്കിങ് എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്. സൈക്യാട്രിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, നഴ്സ്, ആയ തുടങ്ങിയവരുടെ സേവനവുമുണ്ട്. പൊലീസിന്റെ കത്ത്, വനിത ശിശുവികസന വകുപ്പിന്റെയും സാമൂഹിക പ്രവർത്തകരുടെയും ശിപാർശ എന്നിവയൊക്കെ പരിഗണിച്ചാണ് സ്ത്രീകളെ കണ്ടെത്തുന്നതും അഡ്മിറ്റ് ചെയ്യുന്നതും. ഈ പദ്ധതി ഏറ്റെടുത്ത് നിർമിച്ചത് പീസ് വാലി ഉപാധ്യക്ഷൻ സമീർ പൂക്കുഴിയാണ്. ഫാത്തിമ നിഹാൽ കൺവീനറും ഡോ. ജാസ്മിൻ ഷമീർ സെക്രട്ടറിയുമാണ്. സയന സുകുമാരനാണ് സെന്റർ ഹെഡ്.