നൂറ അൽ മത്രൂഷി; സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ചവൾ
text_fieldsനൂറ അൽ മത്രൂഷി
ക്ലാസ്മുറിയിൽ നടത്തിയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് പ്രവർത്തനങ്ങൾക്കിടെ ബഹിരാകാശ യാത്രികരായി അധ്യാപിക കുട്ടികളെ അഭിനയിപ്പിച്ചു. അന്ന്, ആ ക്ലാസ് മുറി ചെറിയൊരു ബഹിരാകാശമായി മാറിയിരുന്നു. ഇതോടെ ബഹിരാകാശ യാത്രയായിരുന്നു കുട്ടികളിൽ ഒരാളുടെ സ്വപ്നങ്ങളിലെന്നും. വലുതാകുമ്പോൾ ഒരു ബഹിരാകാശയാത്രികയാകാൻ അവൾ ആഗ്രഹിച്ചു തുടങ്ങിയ ദിവസംകൂടിയായിരുന്നു അത്...
അറബ് ലോകത്തിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നൂറ അൽ മത്രൂഷിയുടെ സ്വപ്ന യാത്രയുടെ തുടക്കവും ഇവിടെനിന്നായിരുന്നു. 2024ൽ, നാസയിൽനിന്നു പരിശീലനം പൂർത്തിയാക്കിയ മെക്കാനിക്കൽ എൻജിനീയറായ നൂറ അൽ മത്രൂഷി യുനൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യു.എ.ഇ) ബഹിരാകാശ ദൗത്യങ്ങൾക്ക് തയാറെടുക്കുകയാണ്. ‘മദർ ഓഫ് ദ നേഷൻ 50:50 വിഷൻ’ പ്രഖ്യാപിച്ച യു.എ.ഇ വനിതാദിനത്തിൽ നൂറയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ ബഹിരാകാശ സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
ഈ വർഷത്തെ യു.എ.ഇ വനിത ദിനം രാജ്യത്തിന്റെ പുരോഗതിയിൽ മുൻപന്തിയിൽനിന്ന് നയിച്ച വനിതാവ്യക്തിത്വങ്ങളെ ആദരിക്കുന്നതാണ്. താങ്കളുടെ ജീവിതത്തിൽ പ്രചോദനമേകിയ വ്യക്തി ആരാണ്?
എന്റെ ജീവിതത്തിന് എപ്പോഴും പ്രചോദനമായത് രണ്ട് സ്ത്രീകളാണ് -എന്റെ ഉമ്മയും ഉമ്മാമ്മയും. വിദ്യാഭ്യാസത്തിനും സമത്വത്തിനും വേണ്ടി നിരന്തരം വാദിച്ചിരുന്ന സ്ത്രീയായിരുന്നു എന്റെ ഉമ്മാമ്മ. മറ്റാരെയും പോലെ തങ്ങളും കഴിവുള്ളവരാണെന്ന് വിശ്വസിക്കാൻ അവർ പെൺമക്കളെ പ്രോത്സാഹിപ്പിച്ചു. ആ വിശ്വാസമാണ് എന്റെ ഉമ്മയെ വളർത്തിയത്. ഉമ്മ എന്റെ ജീവിതത്തിൽ ഒരു പ്രധാന വഴികാട്ടിയാണ്. ലക്ഷ്യബോധത്തോടെയും ദൃഢനിശ്ചയത്തോടെയും മുന്നേറാൻ നിരന്തരം പ്രചോദിപ്പിച്ചു. ഇരുവരുടെയും ജീവിതം പ്രതിനിധാനം ചെയ്യുന്നത് സമർപ്പണബോധവും സഹിഷ്ണുതയും ധൈര്യവുമാണ്. ആ മാതൃക പിന്തുടരാൻ സാധിച്ചതിൽ അഭിമാനിക്കുന്നു.
പ്രീ സ്കൂൾ കാലഘട്ടത്തിൽ നടത്തിയ ഒരു ലൂണാർ ആക്ടിവിറ്റിയിൽനിന്നാണ് താങ്കളുടെ ബഹിരാകാശ സ്വപ്നങ്ങളുടെ തുടക്കം എന്ന് കേട്ടിരുന്നു. ചെറുപ്പകാലത്തെ ഇത്തരം വിദ്യാഭ്യാസ അനുഭവങ്ങൾ കരിയർ ഡെവലപ്മെന്റിന് എത്രത്തോളം പ്രാധാന്യമേകുന്നു?
ബഹിരാകാശ യാത്രയെ കുറിച്ചുള്ള എന്റെ സ്വപ്നങ്ങൾക്ക് ചിറകുമുളക്കുന്നത് കിൻഡർഗാർട്ടനിലെ ഒരു ചെറിയ ആക്ടിവിറ്റിയിലൂടെയാണ്. അന്ന് അധ്യാപിക ചന്ദ്രനിലേക്ക് യാത്രചെയ്യുന്ന ബഹിരാകാശ യാത്രികരായി ഞങ്ങളെ അഭിനയിപ്പിച്ചു. കൗതുകമേറിയ ആ കുഞ്ഞ് യാത്രയാണ് പിന്നീട് ബഹിരാകാശ സഞ്ചാരിയായി മാറണമെന്ന് ദൃഢനിശ്ചയം എടുക്കാൻ പ്രേരിപ്പിച്ചത്.
ചെറുപ്പകാലത്ത് ലഭിക്കുന്ന ഇത്തരം അനുഭവങ്ങൾ വളരെ പ്രധാനപ്പെട്ടവയാണ്. കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിക്കുന്നതോടൊപ്പം തങ്ങളുടെ ലക്ഷ്യങ്ങൾ കണ്ടെത്താനും അതിനുവേണ്ടി മുന്നേറാനും ഇത്തരം അനുഭവങ്ങൾ പ്രാപ്തരാക്കുന്നു. പ്രത്യേകിച്ച് STEM മേഖലകളിൽ തങ്ങളുടെ അഭിരുചി തിരിച്ചറിഞ്ഞ് ശാസ്ത്രജ്ഞരോ എൻജിനീയർമാരോ ബഹിരാകാശ സഞ്ചാരികളോ ആയി മാറാൻ കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നു
യു.എ.ഇക്ക് സ്വന്തമായി ബഹിരാകാശ പദ്ധതി സജ്ജമാകുന്നതിനു മുമ്പേ താങ്കൾ ബഹിരാകാശയാത്ര സ്വപ്നം കണ്ടുതുടങ്ങിയിരുന്നു?
തുടക്കം മുതലേ എന്നെ മുന്നോട്ടുനയിച്ചത് ഭാവന ശക്തിയും ആത്മവിശ്വാസവുമായിരുന്നു. നക്ഷത്രങ്ങളെ നോക്കിയിരിക്കുന്നത് എന്നും കൗതുകമായിരുന്നു. സ്കൂളിൽ ബഹിരാകാശത്തെ കുറിച്ചുള്ള പാഠങ്ങൾ ആയിരുന്നു ഏറ്റവും പ്രിയപ്പെട്ടതും. ചന്ദ്രനിൽ നടക്കുന്നത് ഞാനെന്നും മനസ്സിൽ സങ്കൽപിക്കുമായിരുന്നു. യു.എ.ഇ ബഹിരാകാശ പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് മുമ്പുതന്നെ ഞാൻ സ്വപ്നം കണ്ടുതുടങ്ങിയിരുന്നു.
യു.എ.ഇ ഭരണാധികാരികൾ പകർന്നു നൽകിയ മൂല്യങ്ങളാണ് എന്റെ നിശ്ചയദാർഢ്യത്തിന് കരുത്തേകിയത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും മുൻനിർത്തിയാൽ അസാധ്യമായി ഒന്നുമില്ല എന്ന ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ത്തൂമിന്റെ വിശ്വാസം എനിക്ക് മാതൃകയായി.
ലിംഗസമത്വത്തിന് യു.എ.ഇ നൽകുന്ന മുൻഗണന എല്ലാ മേഖലകളിലെയും സ്ത്രീശാക്തീകരണത്തിന് അടിത്തറ പാകുന്നതാണ്. എങ്ങനെയാണ് ഈ ദർശനം താങ്കളുടെ വ്യക്തിജീവിതത്തെ സ്വാധീനിച്ചത്?
യു.എ.ഇയുടെ ഈ മൂല്യങ്ങൾ തന്നെയാണ് എന്റെ സ്വപ്നയാത്രയുടെ അടിസ്ഥാനം. നൂതനശാസ്ത്രവും ബഹിരാകാശ പര്യവേക്ഷണവും ഉൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്ക് നിർണായകമാണെന്ന് യു.എ.ഇ നേതൃത്വം മനസ്സിലാക്കുന്നു. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ ജീവനക്കാരിൽ 50 ശതമാനത്തിൽ അധികവും സ്ത്രീകളാണ്. സെന്ററിന്റെ എല്ലാ പദ്ധതികളിലും സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്.
എന്നെ സംബന്ധിച്ചിടത്തോളം ഈ ശാക്തീകരണ സംസ്കാരമാണ് ബഹിരാകാശ സഞ്ചാരം എന്ന സ്വപ്നത്തിന് ആത്മവിശ്വാസം പകർന്നത്. ഇതേ സംസ്കാരമാണ് യുവ അറബ് വനിതകൾക്ക് മുന്നേറാനുള്ള പ്രചോദനമാകുന്നതും. ബഹിരാകാശ പര്യവേക്ഷണ രംഗത്ത് യു.എ.ഇയുടെ പതാക ഉയർത്തിപ്പിടിക്കണം എന്ന രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ് യാന്റെ ദർശനം പിന്തുടരുന്നതിലൂടെ എന്റെ രാജ്യത്തിന്റെ പേര് ആഗോളതലത്തിൽ ഉയർത്താനുള്ള ഉത്തരവാദിത്തത്തെ ഓർമപ്പെടുത്തുകകൂടിയാണത്.
വെല്ലുവിളികൾ?
പ്രതിരോധശേഷി, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ്, ടീം വർക്ക് -ഇവയാണ് ഏറ്റവും പ്രധാനപ്പെട്ടവ. വെല്ലുവിളികൾ എന്നാൽ ജീവിതത്തിൽ മുന്നേറാനുള്ള അവസരങ്ങളായാണ് സർവൈവൽ ട്രെയിനിങ് പഠിപ്പിക്കുന്നത്. അതിനാൽ എത്ര ദുഷ്കരമായ സാഹചര്യത്തെയും പ്രതിരോധിക്കാനുള്ള ശേഷി അനിവാര്യമാണ്. ബഹിരാകാശ യാത്രികർക്ക് അപരിചിതമായ സാഹചര്യങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയണം.
അവിടെയാണ് സാഹചര്യങ്ങൾക്ക് അനുസരിച്ച് പൊരുത്തപ്പെടാനുള്ള കഴിവ് പ്രധാനമാകുന്നത്. എല്ലാത്തിനുമുപരി ടീം വർക്ക് അനിവാര്യമാണ്. വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങളിലുള്ള സഹപ്രവർത്തകരോടൊപ്പം ഇഴുകിച്ചേർന്നാൽ മാത്രമേ എല്ലാ ദൗത്യങ്ങളും വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കൂ. അതിനുപുറമെ ദൃഢനിശ്ചയവും ക്ഷമയുമാണ് ഞാൻ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ. ഏറ്റവും ബുദ്ധിമുട്ട് ഏറിയ നിമിഷങ്ങളിലും ഒരു ബഹിരാകാശയാത്രികയെ മുന്നോട്ടുനയിക്കുന്നത് അവയാണ്.
ഒരു യുവ അറബ് വനിതാ ബഹിരാകാശയാത്രികയെ സംബന്ധിച്ചിടത്തോളം ചന്ദ്രനിലേക്കുള്ള ദൂരം എത്രയാണ്?
ഓരോ വ്യക്തിയുടെയും സങ്കൽപശക്തിയോളം അടുത്താണ് ചന്ദ്രൻ എന്ന് ഞാൻ വിശ്വസിക്കുന്നു. അഞ്ചാം വയസ്സിലാണ് ചന്ദ്രനിൽ നടക്കുന്നതായി എനിക്ക് സങ്കൽപിക്കാൻ ആരംഭിച്ചത്. ഇന്ന് ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കാനുള്ള പരിശീലനം ഞാൻ പൂർത്തിയാക്കി കഴിഞ്ഞു. ബഹിരാകാശ ദൗത്യങ്ങളിൽ അന്താരാഷ്ട്ര സഹകരണത്തിനായി മുന്നോട്ടുെവച്ച ആർട്ട്മീസ് കരാറുകളിൽ ഒപ്പുവെച്ച ആദ്യത്തെ രാജ്യങ്ങളിൽ ഒന്നാണ് യു.എ.ഇ. ലൂണാർ ഗേറ്റ് വേ സ്പേസ് സ്റ്റേഷനിൽ ക്രൂ ആൻഡ് സയൻസ് എയർ ലോഗ് വികസിപ്പിക്കുന്നതിലും യു.എ.ഇയുടെ സംഭാവനകൾ വലുതാണ്.
യു.എ.ഇയുടെ ഇത്തരം സംഭാവനകൾ രാജ്യത്തെ ബഹിരാകാശ യാത്രികർക്ക് മാത്രമല്ല ആഗോള സമൂഹത്തിനും അവസരങ്ങൾ സൃഷ്ടിക്കുന്നവയാണ്. ഒരിക്കൽ അസാധ്യമെന്ന് കരുതിയിരുന്ന കാര്യങ്ങൾ നേടാൻ ലോകരാഷ്ട്രങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് ബഹിരാകാശ പര്യവേക്ഷണം ഏറ്റവും ശക്തമാകുന്നത്.
ലോകമെമ്പാടും ബഹിരാകാശ യാത്രികരാകാൻ സ്വപ്നം കാണുന്ന പെൺകുട്ടികൾക്കുള്ള സന്ദേശം എന്താണ്?
നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ കണ്ടെത്തി അതിനെ ദൃഢനിശ്ചയത്തോടെയും പരിശ്രമത്തോടെയും പിന്തുടരുക എന്നതാണ് എന്റെ സന്ദേശം. ബഹിരാകാശ യാത്രികയാകാനുള്ള ആദ്യ ചുവടുകൾ വെക്കാൻ എനിക്ക് കഴിഞ്ഞെങ്കിൽ നിങ്ങൾക്കും അത് തീർച്ചയായും സാധിക്കും. നിങ്ങളുടെ സ്വപ്നങ്ങളിൽ വിശ്വസിക്കുക. ലക്ഷ്യങ്ങളെ ഉയർത്തിപ്പിടിക്കുക. സ്ഥിരോത്സാഹത്തോടെയും കഠിനാധ്വാനത്തിലൂടെയും സ്വയം തയാറെടുക്കുക.