Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഅന്ന് പെണ്ണമ്മ, ഇന്ന്...

അന്ന് പെണ്ണമ്മ, ഇന്ന് ഉമ; ജില്ലയിൽ നിന്ന് നിയമസഭയിലെത്തിയത് രണ്ട് വനിതകൾ മാത്രം

text_fields
bookmark_border
അന്ന് പെണ്ണമ്മ, ഇന്ന് ഉമ; ജില്ലയിൽ നിന്ന് നിയമസഭയിലെത്തിയത്   രണ്ട് വനിതകൾ മാത്രം
cancel
camera_alt

മു​ൻ എം.​എ​ൽ.​എ പെ​ണ്ണ​മ്മ ജേ​ക്ക​ബ്, ഉ​മ തോ​മ​സ് എം.​എ​ൽ.​എ

കൊച്ചി: ഐക്യകേരളം രൂപം കൊണ്ട ശേഷം ജില്ലയിൽ നിന്ന് നിയമസഭയിലെത്തിയത് രണ്ട് വനിതകൾ മാത്രം. അഞ്ചാം നിയമസഭയിൽ അംഗമായിരുന്ന പെണ്ണമ്മ ജേക്കബും 16, 17 നിയമസഭകളിൽ അംഗമായ ഉമ തോമസും. 1957 മുതൽ 2026 വരെയുള്ള 69 വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാണ് ഈ വനിതാ പ്രതിനിധികൾ ഇടംപിടിച്ചത്. ജില്ലയിൽ നിന്ന് വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് 55 പേരാണ് ഇതുവരെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുള്ളത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഏഴ് വനിതകൾ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് മുന്നണികൾക്കായി മത്സരിച്ചെങ്കിലും തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് മാത്രമാണ് വിജയിച്ചത്.

1970ൽ അഞ്ചാം നിയമസഭയിലേക്ക് മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പെണ്ണമ്മ ജേക്കബ് ആണ് ജില്ലയിൽ നിന്ന് നിയമസഭാംഗമായ ആദ്യ വനിത. സി.പി.എമ്മിന്‍റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പെണ്ണമ്മ 2124 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ സി.പി.ഐയുടെ പി.വി. എബ്രഹാമിനെ പരാജയപ്പെടുത്തി. പെണ്ണമ്മ ജേക്കബ് (20651), പി.വി. എബ്രഹാം (18527), കെ.സി. പൈലി (14717), സി.പി. മത്തായി (715), പി.കെ. ശ്രീധരൻ (680) എന്നിങ്ങനെ വോട്ടും നേടി. 1975ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ നിയമസഭയുടെ കാലാവധി നീട്ടിയതോടെ 1977 വരെ എം.എൽ.എയായി പെണ്ണമ്മ തുടർന്നു. എന്നാൽ, 1977ൽ ആറാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ നിന്ന് പെണ്ണമ്മ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1927 ഫെബ്രുവരി 10ന് രാമമംഗലത്ത് കിഴുമുറിപ്പാടത്തെ അന്നമ്മയുടെയും ജോർജിന്‍റെയും അഞ്ചാമത്തെ കുട്ടിയായാണ് പെണ്ണമ്മയുടെ ജനനം.

17ാം വയസിൽ സ്കൂൾ അധ്യാപകനായ പി.ടി. ജേക്കബിനെ വിവാഹം കഴിച്ചു. ആദ്യം കോൺഗ്രസിൽ ചേർന്ന പെണ്ണമ്മ പിന്നീട് കേരള കോൺഗ്രസിന്‍റെ ഭാഗമായി. മൂന്നു തവണ തിരുമാറാടി പഞ്ചായത്തംഗമായി പ്രവർത്തിച്ചു. 1977ൽ പെണ്ണമ്മ മൂവാറ്റുപുഴയിൽ പരാജയപ്പെട്ടെങ്കിലും അതേ തെരഞ്ഞെടുപ്പിൽ മരുമകനും കേരള കോൺഗ്രസ് നേതാവുമായ ടി.എം. ജേക്കബ് പിറവം മണ്ഡലത്തിൽ നിന്ന് വിജയിച്ച് പാർലമെന്‍ററി രാഷ്ട്രീയത്തിന് തുടക്കം കുറിക്കുന്നതിന് അവർ സാക്ഷിയായി. പെണ്ണമ്മയുടെ മകൾ ഡെയ്‌സിയെയാണ് ടി.എം. ജേക്കബ് വിവാഹം കഴിച്ചത്. പിന്നീട് മന്ത്രിയായ ജേക്കബ് കേരള രാഷ്ട്രീയത്തിലെ പ്രമുഖനായി മാറി. ജേക്കബിെൻറയും ഡെയ്സിയുടെയും മകൻ അനൂപ് ജേക്കബ് ഇത്തവണ പിറവം എം.എൽ.എയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായി. 1998 ഒക്ടോബർ എട്ടിനാണ് പെണ്ണമ്മ അന്തരിച്ചത്.

2022ലെ ഉപതെരഞ്ഞെടുപ്പിലും 2026 തെരഞ്ഞെടുപ്പിലും തൃക്കാക്കര മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഉമ തോമസ് ആണ് ജില്ലയിൽ നിന്ന് നിയമസഭയിലെത്തിയ രണ്ടാമത്തെ വനിത. തൃക്കാക്കര സിറ്റിങ് എം.എൽ.എയും കോൺഗ്രസ് നേതാവുമായ പി.ടി. തോമസിന്‍റെ വിയോഗത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 25,016 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഉമ തോമസ് ആദ്യമായി നിയമസഭയിലെത്തിയത്. തുടർന്ന് ഇത്തവണ ഭൂരിപക്ഷം ഇരട്ടിയലധികം വർധിപ്പിച്ചാണ് ഉമ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 50,211 വോട്ടായിരുന്നു ഉമയുടെ ഭൂരിപക്ഷം.

അതേസമയം, 2006ൽ ജില്ലയിലെ പെരുമ്പാവൂർ മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ട അഡ്വ. ഷാനിമോൾ ഉസ്മാൻ, പിന്നീട് 2019ലെ ഉപതെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ അരൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചിരുന്നു. ഇത്തവണ അരൂരിൽ നിന്ന് 19,1465 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാന് കോൺഗ്രസ് ഡെപ്യൂട്ടി സ്പീക്കർ പദവി നൽകി. കെ.ഒ. അയിഷ ബായിക്കും എ. നഫീസത്ത് ബീവിക്കും ഭാർഗവി തങ്കപ്പനും ശേഷം ഈ പദവിയിൽ എത്തുന്ന വനിതയാണ് ഷാനിമോൾ.

Show Full Article
TAGS:legislative assembly ernakulam district Congress MLA Latest News 
News Summary - Only two women have made it to the Legislative Assembly from the district
Next Story