പ്രായത്തെ തോൽപിച്ച ഇച്ഛാശക്തി; 76ാം വയസ്സിൽ പത്താം ക്ലാസ് വിജയവുമായി പത്മാവതിയമ്മ
text_fieldsപത്മാവതിയമ്മ
കൊടുവള്ളി: ലക്ഷ്യബോധമുണ്ടെങ്കിൽ പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് തെളിയിച്ച് പത്മാവതിയമ്മ പത്താം ക്ലാസ് പരീക്ഷയിൽ തകർപ്പൻ വിജയം നേടി.കൊടുവള്ളി വാരിക്കുഴിത്താഴം അരിക്കോട്ടിൽ സ്വദേശിയായ പത്മാവതി അമ്മ (76) അഞ്ചര പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമിട്ടത്. 1968-69 കാലഘട്ടത്തിലായിരുന്നു പത്മാവതി അമ്മ ആദ്യമായി പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. അന്ന് പരാജയപ്പെട്ടെങ്കിലും വീണ്ടും ശ്രമിക്കാൻ സാഹചര്യങ്ങൾ അനുവദിച്ചില്ല. തന്റെ അമ്മ വീണ് തോളെല്ലുപൊട്ടി കിടപ്പിലായതോടെ ശുശ്രൂഷിക്കാൻ മറ്റാരുമില്ലാത്തതിനാൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. കുടുംബപരമായ ഉത്തരവാദിത്തങ്ങൾക്കിടയിൽ പഠനം മുടങ്ങിയെങ്കിലും എസ്.എസ്.എൽ.സി വിജയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഒടുവിൽ 76ാം വയസ്സിൽ തുല്യതാ പരീക്ഷയിലൂടെ ആ സ്വപ്നം യാഥാർഥ്യമാക്കി.
അധ്യാപകരുടെ പിന്തുണയോടെ ഓരോ പാഠഭാഗവും ഹൃദിസ്ഥമാക്കി. സ്കൂൾ പഠനകാലത്ത് നേടിയെടുത്ത ഭാഷാസ്വാധീനം തുണയായപ്പോൾ മലയാളവും ഹിന്ദിയും ഇംഗ്ലീഷും അക്ഷരത്തെറ്റില്ലാതെ എഴുതാൻ സാധിച്ചു. തുല്യതാ പഠന ക്ലാസിലെ ഏറ്റവും പ്രായം കൂടിയ പഠിതാവായിരുന്നിട്ടും ഏറ്റവും ആവേശത്തോടെ പഠനത്തിൽ മുഴുകിയതും പത്മാവതി അമ്മയായിരുന്നു. സഹപാഠികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രിയപ്പെട്ടവളായിരുന്നു. മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിങ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിൽ ഡിസ്ട്രിബ്യൂട്ടർ ഏരിയാ ടീം കോഓഡിനേറ്ററായി ജോലി ചെയ്യുന്നു. പഠനം പാതിവഴിയിൽ മുടങ്ങിപ്പോയവരോട് ഒന്നേ പറയാനുള്ളൂ 'ആഗ്രഹവും പരിശ്രമവുമുണ്ടെങ്കിൽ വിജയം നിങ്ങളെ തേടിയെത്തും'. വാരിക്കുഴിത്താഴം കണ്ണിക്കകരുമകൻ ക്ഷേത്രം മുൻമാതൃസമിതി പ്രസിഡന്റും നിലവിൽ ക്ഷേത്ര കമ്മിറ്റി അംഗവുമാണ്. പരേതനായ ഗോപാലൻ നായരുടെ ഭാര്യയാണ് പത്മാവതി അമ്മ.


