മോർച്ചറിയിൽനിന്ന് ക്ലിക്കുകളുമായി ഷൈജ
text_fieldsഷൈജ തമ്പി
ആലപ്പുഴ: ‘‘ഇവിടെ ആണുങ്ങളാരുമില്ലേ ഫോട്ടോയെടുക്കാൻ...’’ ഷൈജയുടെ കാതുകളിൽ ഇന്നും മുഴങ്ങുന്നുണ്ട് 20 വർഷം മുമ്പുള്ള ആ ചോദ്യം. അപകടത്തിൽ മരിച്ച ചെറുപ്പക്കാരന്റെ ഫോട്ടോയെടുക്കാൻ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിയപ്പോഴായിരുന്നു ഒരു പൊലീസുകാരനിൽനിന്ന് മുനകൂർത്ത ചോദ്യമുണ്ടായത്. പുരുഷ മൃതശരീരത്തിന്റെ നഗ്നചിത്രം പകർത്താൻ പെൺകുട്ടിയോ? എന്നായിരുന്നു അതിലെ ദ്വയാർഥം.
എന്നാൽ, അന്ന് 21 വയസ്സ് മാത്രമുള്ള ഷൈജ തമ്പിയെന്ന പെൺകുട്ടി പതറിയില്ല. ‘‘ഇതെന്റെ പ്രഫഷനാണ്. മരിച്ചാൽ സ്ത്രീയും പുരുഷനും വെറും ശരീരമല്ലേ’’ എന്ന് ചോദിച്ച് അവർ ജീവിതത്തിലെ ആദ്യ ഇൻക്വസ്റ്റ് ചിത്രം ധൈര്യസമേതം പകർത്തി. ഇന്ന് 41ാം വയസ്സിൽ നിൽക്കുമ്പോൾ 500ലധികം മൃതദേഹങ്ങളുടെ മോർച്ചറി ചിത്രങ്ങൾ പകർത്തിക്കഴിഞ്ഞു. തൂങ്ങിമരണങ്ങൾ മുതൽ കൊലപാതകങ്ങൾ വരെ, എത്ര വിറങ്ങലിച്ച കാഴ്ചകളിലും ഇടറാത്ത മനസ്സും കൈവിറക്കാത്ത ക്ലിക്കുകളും ഷൈജക്ക് സ്വന്തമായി.
ആണുങ്ങൾ മാത്രം കടന്നുചെന്നിരുന്ന ഒരു മേഖലയിൽ എല്ലാ പ്രതിബന്ധങ്ങളെയും അവഗണിച്ച് അവർ മുന്നേറുകയായിരുന്നു. കാലം പോകെ ‘മോർച്ചറി ഷൈജ’ എന്നുവരെ വിളിപ്പേരുണ്ടായി. മാവേലിക്കര ചെറുകോൽ ചെറുമണ്ണാത്ത് കിഴക്കേതിൽ ഷൈജ നൂറനാട് പണയിൽ സ്വദേശിനിയാണ്. ബിരുദപഠനകാലത്താണ് കാമറയിൽ ആകൃഷ്ടയാവുന്നത്. തുടർന്ന് വീട്ടുകാരറിയാതെ പോളിടെക്നിക്കിൽ ഫോട്ടോഗ്രഫിക്ക് ചേര്‍ന്നു. അവിടെ ഇന്റർവ്യൂവിന് ചെന്നപ്പോഴും കാമറ പഠിക്കാൻ പെൺകുട്ടിയോ എന്ന ആശങ്ക ചിലർ ഉയർത്തിയിരുന്നതായി ഷൈജ ഓർക്കുന്നു.
അഡ്മിഷൻ കിട്ടിയപ്പോൾ 18 ആണ്‍കുട്ടികള്‍ക്കിടയിലെ ഏക പെൺകുട്ടിയായി. കോഴ്സ് കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് വീട്ടിൽ അറിയിച്ചത്. അച്ഛനോട് ഇക്കാര്യം പേടിയോടെയാണ് പറഞ്ഞതെങ്കിലും സ്വര്‍ണം പണയംവെച്ച് 7500 രൂപയുടെ കാമറ വാങ്ങിനല്‍കുകയായിരുന്നു ആ പിതാവ് ചെയ്തത്. തന്റെ ജീവിതത്തിലെ വഴിത്തിരിവ് അവിടെയാണ് സംഭവിച്ചതെന്ന് ഷൈജ പറയുന്നു.
ചെറുകോൽ എ.എസ്.ജി സെന്റർ സ്റ്റുഡിയോ ഉടമ കൂടിയാണിപ്പോൾ അവർ. മോർച്ചറിയിൽ ജീവനറ്റ് കിടക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രമെടുക്കേണ്ടി വരുമ്പോഴൊക്കെ ഉള്ളുലഞ്ഞ് പോകാറുണ്ടെന്ന് അവർ പറയുന്നു. ഇതിനകം വാർത്തയിലിടം നേടിയ പല സംഭവങ്ങൾക്കും ഷൈജയുടെ കാമറ സാക്ഷിയായിട്ടുണ്ട്. ഓട്ടോഡ്രൈവറായ അനിൽകുമാറാണ് ഭർത്താവ്. മകൻ: ഗുരുദാസ് (പത്താംക്ലാസ് വിദ്യാർഥി, എൻ.എൻ സെൻട്രൽ സ്കൂൾ, മാവേലിക്കര).