പ്രതിഭകളെ തഴയുന്നവർക്കിതാ പ്രവിതയുടെ മധുരപ്രതികാര കഥ
text_fieldsപ്രവിത പ്രഹ്ളാദൻ നങ്ങ്യാർകൂത്തിലെ ശിഷ്യഗണങ്ങൾക്കൊപ്പം
കോട്ടക്കൽ: നടനവേദികളിൽ ആടിതിമിർത്തിട്ടും ആകാരവടിവും ശരീരഭംഗിയും ഇല്ലെന്ന കാരണത്താൽ ഒരിക്കൽ പോലും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയാത്ത ഒരു കാലമുണ്ടായിരുന്നു കുഞ്ഞു പ്രവിതക്ക്. വീട്ടിലെ സാമ്പത്തിക പരാധീനതകളും തിരിച്ചടിയായതോടെ അന്ന് കരഞ്ഞതിന് കണക്കുകളില്ല. ഇന്ന് പേരിനൊപ്പം കലാമണ്ഡലം പ്രവിത പ്രഹ്ളാദൻ ആഹ്ളാദിക്കുകയാണ്.
തുടർച്ചയായി രണ്ടും മൂന്നും കുട്ടികൾ സംസ്ഥാന തലത്തിൽ പങ്കെടുക്കുന്നു. ഇന്ന് അഞ്ച് ശിഷ്യഗണങ്ങളാണ് പൂരനഗരിയിലെ നങ്ങ്യാർകൂത്തിൽ പങ്കെടുത്തത്. നാല് പേർക്ക് എ ഗ്രേഡും ലഭിച്ചതോടെ ഇരട്ടി ആവശത്തിലാണ് പ്രവിത. സ്കൂൾ പഠനകാലത്ത് മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പിടി, നാടോടിനൃത്തം ഇനങ്ങളിലായിരുന്നു മത്സരിച്ചിരുന്നത്. മത്സരാർഥികളെ ആളും തരവും നോക്കി വിജയിപ്പിക്കുന്ന കാലമായിരുന്നുവെന്ന് പ്രവിത പറയുന്നു.
സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നതിനാൽ സ്ഥിരമായി പരിശീലിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാലും നൃത്തത്തെ നെഞ്ചോട് ചേർത്ത് മുന്നോട്ട് പോയി. പ്ലസ് വൺ പഠനകാലത്താണ് കൂടിയാട്ടം പഠിക്കാനായി കലാമണ്ഡലത്തിൽ എത്തുന്നത്. പഠനം പൂർത്തിയായി ഇടുക്കി നേര്യമംഗലത്ത് നാട്യബ്രഹ്മ കേന്ദ്രവും ആരംഭിച്ചു. ഇന്ന് ഇരുപതോളം പ്രതിഭകൾ പ്രവിതക്ക് കീഴിൽ നൃത്തം പഠിക്കുന്നു. തനിക്കുണ്ടായ ദുരനുഭവങ്ങൾ പുതുതലമുറക്ക് ഉണ്ടാകരുതെന്ന ദൃണ്ഡനിശ്ചയത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ചേർത്ത് പിടിക്കുകയാണ് ഈ പരിശീലക. കഴിവുണ്ടായിട്ടും മുൻനിരയിൽ എത്താൻ കഴിയാത്തവർക്ക് പ്രചോദനമാണിവർ.
ഓരോ കലോത്സവത്തിലും വിജയങ്ങൾ ഗുരുദക്ഷിണയായി നൽകുന്ന ശിഷ്യരും. കൊടയത്തൂർ ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനി ഗായത്രി, മുതലക്കുളം സേക്രഡ് ഹാർട്ട് സ് എച്ച്.എസ്.എസിലെ ദേവിക, നെടുങ്കുന്നം സെന്‍റ് തെരസ എച്ച്.എസ്.എസിലെ ശ്രേയ, കോതമംഗലം സെന്‍റ് അഗസ്റ്റിൻ എച്ച്.എസ്.എസിലെ സ്വാതിക, മൂവാറ്റുപ്പുഴ സെന്‍റ് അഗസ്റ്റിൻ എച്ച്.എസ്.എസിലെ ദിയ എന്നിവരാണ് കൂത്തിൽ അഴക് വിടർത്തിയവർ.ദേവികയും സ്വാതികയും മോഹിനിയാട്ടവും പരിശീലിക്കുന്നുണ്ട്.
തന്നെ പഠിപ്പിച്ച ഗുരുനാഥരും അവരുടെ ശിഷ്യരും കലോത്സവത്തിൽ മാറ്റുരക്കുന്നുവെന്നത് അഭിമാനവും ഒപ്പം ആഹ്ളാദവുമാണെന്ന് പ്രവിത പറയുന്നു. ഇനിയും ഒരുപാട് സ്വപ്നങ്ങളുണ്ട്. പി.എച്ച്.ഡി പൂർത്തിയാക്കണം. പിതാവ് പ്രാഹ്ളാദൻ പക്ഷാഘാതം വന്നതിനെ തുടർന്ന് പ്രയാസത്തിലാണ്. അമ്മ സന്ധ്യ കലാരംഗത്തുള്ള കുട്ടികൾക്ക് വസ്ത്രങ്ങൾ തയ്യാറാക്കുന്ന ഷോപ്പ് നടത്തുകയാണ്. പ്രവീൺ സഹോദരനാണ്.


