സുസ്ഥിരതക്ക് റഹീനയുടെ 'ആപ്പ്'
text_fieldsറഹീന
നമുക്കുചുറ്റം ദിനംപ്രതി കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളിൽ കൂടുതലും പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ്. പ്ലാസ്റ്റിക് പുനരുപയോഗിക്കുകയെന്നത് മാലിന്യമുക്ത പ്രവർത്തനങ്ങളിൽ പ്രധാനമാണ്. സർക്കാറുകളും സ്ഥാപനങ്ങളുമെല്ലാം പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പുനരുപയോഗിക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുമുണ്ട്. വ്യക്തികൾക്കും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയും. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെ ക്രിയേറ്റീവായി പുനർ നിർമ്മിച്ചെടുക്കുന്നതിന് പ്രോത്സാഹനം നൽകുകയാണ് മലപ്പുറം വളാഞ്ചേരി സ്വദേശിനിയായ പ്രവാസി ടി.കെ റഹീന. യു.എ.ഇയിൽ നിന്നുകൊണ്ട് ഈ ആശയം രൂപകൽപന ചെയ്തതിന് റഹീനയെ തേടിയെത്തിയത് മാലിന്യ സംസ്കരണ സംവിധാനമായ ‘ബീഅ’യുടെ 2023ലെ ഫ്യൂച്ചർ പയനിയർ അവാർഡാണ്.
‘സ്ക്ലീൻ’ എന്ന ഒരു ആപ്പ് രൂപപ്പെടുത്തി എന്നതിലുപരി അതിലുള്ളടക്കം ചെയ്ത ആശയമാണ് ഏറെ പ്രസക്തമായത്. ‘സ്കാൻ ആൻഡ് ക്ലീൻ’ എന്ന തത്ത്വം വഴിയാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. ഏതൊരു പ്ലാസ്റ്റിക് ഉൽപന്നത്തിന്റെയും ക്യു.ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ, ഏതെല്ലാം വിധത്തിൽ അത് പുനർനിർമ്മിച്ച് രൂപകൽപന ചെയ്തെടുക്കാമെന്ന് വിശദമായ വീഡിയോ, ഫോട്ടോഗ്രാഫി, ഡിസ്ക്രിപ്ഷൻ എന്നിവയുടെ സഹായത്താൽ ഈ ആപ്പ് കാണിച്ചുകൊടുക്കും. നാം സ്കാൻ ചെയ്യുന്ന പ്രോഡക്റ്റിന്റെ വിവരങ്ങൾ ‘സ്ലീനി’ലേക്ക് റീഡയറക്റ്റ് ചെയ്യപ്പെടുന്നത് വഴിയാണ് ഇത് സാധ്യമാകുന്നത്.
‘എകോസ്റ്റേഷൻ’ എന്ന മറ്റൊരു ആപ്പ് വഴി മകൾ ഷമ്മ ഫാത്തിമക്കും 2019ൽ ‘ബീഅ’യുടെ ഫ്യൂച്ചർ ഓഫ് സസ്റ്റൈനബിലിറ്റി ഇൻ യു.എ.ഇ അവാർഡ് ലഭിച്ചിരുന്നു. യൂട്യൂബിൽ നിന്നും സ്വതന്ത്രമായി കോഡിങ്ങും സോഫ്റ്റ്വെയർ യൂസേജും പഠിച്ചെടുത്താണ് ഇരുവരും സ്വന്തമായി ഈ ആപ്ലിക്കേഷൻസ് വികസിപ്പിച്ചെടുത്തത്. സസ്റ്റൈനബിലിറ്റി ചാമ്പ്യൻസിനെ ലോകത്തിന് പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ‘ബീഅ’ സംഘടിപ്പിച്ച ഗ്ലോബൽ അവാർഡ് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകൾ ശൈഖ ബുദൂറാണ് റഹീനക്ക് സമ്മാനിച്ചത്. ഷാർജ ഇന്ത്യ ഇന്റർനാഷണൽ സ്കൂളിൽ 12 വർഷമായി അധ്യാപികയായി സേവനമനുഷ്ഠിച്ച് വരികയാണ് റഹീന. മകൾ ഷമ്മ ഫാത്തിമ എൻജിനീയറിങ് വിദ്യാർഥിനിയാണ്. ഷിമ ഫാത്തിമ, ഷെല്ല ഫാത്തിമ എന്നിവരാണ് മറ്റു മക്കൾ. ഭർത്താവ്: നൂർ മുഹമ്മദ് ശരീഫ്. ലോകം പാരിസ്ഥിതി മൂല്യങ്ങളെ മുറുകെ പിടിക്കുമ്പോൾ ഇത്തരത്തിലൊരു ആഗോളതല സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമാകാനായതിന്റെ നിർവൃതയിലാണ് ഈ കുടുംബമിപ്പോൾ.