വിദേശത്ത് നിക്ഷേപകയായി തിളങ്ങി റജീന മുസ്തഫ
text_fieldsറജീന മുസ്തഫ ഭർത്താവ്
ഒ.വി. മുസ്തഫയോടൊപ്പം
പാലക്കാട്: വിദേശത്ത് നിക്ഷേപകയായി തന്റേതായ പാത വെട്ടിത്തുറന്ന് വിജയ തീരമണിഞ്ഞതിന്റെ സന്തോഷത്തിലാണ് റജീന മുസ്തഫ. കോഴിക്കോട് കൊടുവള്ളി സ്വദേശിനിയായ റജീന സൗദിയുടെ മാറ്റത്തിനൊപ്പം തന്റെ ചിരകാലാഭിലാഷം സഫലമാക്കാനായതിന്റെ ചാരിതാർഥ്യത്തിലാണ്. കുടുംബത്തിലുള്ളവരെല്ലാം വ്യത്യസ്ത മേഖലകളിൽ ബിസിനസ് ചെയ്യുന്ന പാരമ്പര്യത്തിൽനിന്നാണ് വെണ്ണക്കാട് ഒറ്റപോക്ക് വയലിൽ വീട്ടിൽ റജീനയുടെ വരവ്. 17 വർഷം മുമ്പ് ഭർത്താവ് ഒ.വി. മുസ്തഫയോടൊപ്പം സൗദിയിലേക്ക് പോയപ്പോഴും രക്തത്തിലലിഞ്ഞ കച്ചവടത്തെക്കുറിച്ചുള്ള മോഹങ്ങൾ റജീന കുടെകൂട്ടിയിരുന്നു. ഒടുവിൽ സൗദിയിലെ സാഹചര്യങ്ങൾ മാറുകയും വനിതകൾക്കുൾപ്പെടെ എല്ലാവർക്കും സ്വന്തമായി കച്ചവടം തുടങ്ങാനുള്ള സാഹചര്യങ്ങൾ രൂപപ്പെടുകയും ചെയ്തപ്പോഴാണ് റജീന വീണ്ടും തന്റെ സ്വപ്നങ്ങളെ പുറത്തെടുത്തത്.
ദമ്മാമിൽ ‘പെപ്സികോ’ കമ്പനിയിൽ ജോലിചെയ്യുന്ന ഭർത്താവിന്റെ പിന്തുണയാണ് റജീനയെ മുന്നോട്ടു നയിച്ചത്. നിരവധി ഓഫിസുകൾ കയറിയിറങ്ങി സ്വന്തം സ്ഥാപനത്തിന്റെ ലൈസൻസ് നേടി. രണ്ട് മൂന്നുവർഷം മുമ്പ് ഐ.ടി മേഖലയിൽ നാട്ടിൽ തുടങ്ങിയ ‘വൺ ഗോ ഫീൽഡി‘നെ സൗദിയിലേക്കുകൂടി വ്യാപിപ്പിക്കുകയായിരുന്നു റജീന. കുടുംബപേരായ ‘ഒറ്റപോക്ക് വയലി’ന്റെ ഇംഗ്ലീഷ് മൊഴിമാറ്റമാണ് കമ്പനിയുടെ പേരാക്കി മാറ്റിയത്. ഭർത്താവിന്റെ ആശ്രിത വിസയിൽനിന്ന് എക്സിറ്റിൽ നാട്ടിലേക്ക് പോന്ന റജീന സ്വന്തം കമ്പനിയുടെ ജനറൽ മാനേജർ പദവിയിലുള്ള വിസയിലാണ് സൗദിയിലേക്ക് തിരിച്ചുപോയത്. നിക്ഷേപക വിസയിൽ ഒരു മലയാളി വനിതയുടെ ആദ്യവിജയംകൂടിയാണ് റജീനയുടേത്.
ലോൺഡ്രി രംഗത്താണ് ബിസിനസിന്റെ തുടക്കമെങ്കിലും കഫേകളിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധയൂന്നിയിരിക്കുന്നത്. ദമ്മാമിലും റാക്കയിലുമായി രണ്ട് കഫേകൾ റജീനയുടേതായുണ്ട്. മൂന്നാമത് ഒരു ബ്രാഞ്ച് കൂടി റാക്കയിൽ ഉടൻ തുറക്കും. ഇതിനെല്ലാം പുറമെ സ്ത്രീകൾ മാത്രം ജീവനക്കാരാകുന്ന ഫാഷൻ ഡിസൈനിങ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് റജീന പറയുന്നു. ഇപ്പോൾ താൻ ഉത്തരവാദിത്ത ബോധമുള്ള ഒരു സ്വതന്ത്ര സംരംഭകയായി മാറിയെന്നും റജീന പറഞ്ഞു. സ്ത്രീകൾക്ക് കച്ചവടം ചെയ്യാൻ ഏറ്റവും പറ്റിയ ഇടം സൗദിയാണെന്നാണ് ഞാൻ പറയുകയെന്ന് റജീന വിശദീകരിച്ചു. എന്ത് സ്ഥാപനം എന്നതിലല്ല, ചെയ്യുന്നത് മികച്ചതായിരിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും റജീന പറഞ്ഞു. മക്കളായ റിത ഫെമിനും മാസിൻ റുസ്തവും വിദ്യാർഥികളാണ്.